Skip to content
National

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ജയിൽ വാസം; കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ജമാഅത്തെ ഇസ്ലാമി

ഭരണകൂടത്തോട് വിയോജിക്കാനും അധികാരത്തിലുള്ളവരെ വിമർശിക്കാനുമുള്ള പൗരന്മാരുടെ മൗലികാവകാശങ്ങളെ അടിച്ചമർത്താൻ ഭരണസംവിധാനങ്ങൾ എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് ഈ കേസുകളെന്നും അദ്ദേഹം വ്യക്തമാക്കി

W

web desk

Published on: 6 Nov 2026, 9:07 am

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ജയിൽ വാസം; കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ജമാഅത്തെ ഇസ്ലാമി

പോപുലർ ഫ്രണ്ട് നേതാക്കളായ ഇ. അബൂബക്കർ, പി. കോയ, ഒ.എം.എ സലാം, ഇ.എം. അബ്ദുറഹ്മാൻ എന്നിവരെ തടങ്കലിൽ വെച്ചിരിക്കുന്നത് രാഷ്ട്രീയ പ്രതികാര നടപടിയാണെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ്. എന്‍ഐഎ കേസിന്‍റെ പേരില്‍ ഇവരുടെ തടങ്കൽ നീണ്ടുപോകുന്നത് ഏറെ ആശങ്കാജനകമാണെന്നും ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് ഉപാധ്യക്ഷൻ പ്രഫ. മുഹമ്മദ് സലീം പറഞ്ഞു. ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹി കലാപവുമായി ബന്ധപ്പെടുത്തി ഉമർ ഖാലിദ്, ശർജീൽ ഇമാം തുടങ്ങിയ വിദ്യാർഥി നേതാക്കളെയും സാമൂഹിക പ്രവർത്തകരെയും ജയിലിലടച്ചതും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണകൂടത്തോട് വിയോജിക്കാനും അധികാരത്തിലുള്ളവരെ വിമർശിക്കാനുമുള്ള പൗരന്മാരുടെ മൗലികാവകാശങ്ങളെ അടിച്ചമർത്താൻ ഭരണസംവിധാനങ്ങൾ എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് ഈ കേസുകളെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി നേതാവ് അഅ്സം ഖാന് കോടതി ജാമ്യം അനുവദിച്ച ഉടൻ തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മറ്റൊരു കേസിൽ വീണ്ടും അറസ്റ്റ് ചെയ്തതും ഇതേ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അദ്ദേഹത്തിനെതിരെ നിരന്തരം കേസുകൾ ചുമത്തി ദീർഘകാലം ജയിലിലടക്കുകയും അദ്ദേഹം സ്ഥാപിച്ച മുഹമ്മദ് അലി ജൗഹർ സർവകലാശാലക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഭരണകൂടത്തിന് വെല്ലുവിളിയാകുന്നവരെ ലക്ഷ്യമിടുന്ന പ്രവണതയുടെ തുടർച്ചയാണിതെന്ന് പ്രഫ. മുഹമ്മദ് സലീം ആരോപിച്ചു.

അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താനോ സ്വതന്ത്ര ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇത്തരം കേസുകൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കണം. രാഷ്ട്രീയ പ്രതികാരത്തിനായി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെ സംഘടന ശക്തമായി അപലപിക്കുന്നു. സമാധാനപരമായ ഭിന്നാഭിപ്രായങ്ങളെയും വിയോജിപ്പുകളെയും ഇല്ലാതാക്കുന്നത് ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related Stories