Skip to content
Kerala

ഷാജൻ സ്‌കറിയക്ക് അടുത്ത കുരുക്ക്, ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് വീണ ജോർജും കെകെ ശൈലജയും

കഴിഞ്ഞ നവംബർ ആറിന് മറുനാടൻ മലയാളി ചാനലിൽ പ്രസിദ്ധീകരിച്ച '3000 കോടി കട്ട് വീണയും ശൈലജയും' എന്ന വാർത്ത പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.

W

web desk

Published on: 14 Nov 2026, 8:24 pm

ഷാജൻ സ്‌കറിയക്ക് അടുത്ത കുരുക്ക്, ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് വീണ ജോർജും കെകെ ശൈലജയും

വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയയ്‌ക്കെതിരെ നിയമനടപടികളുമായി മുൻ ആരോഗ്യമന്ത്രിമാരായ കെ.കെ. ശൈലജയും വീണാ ജോർജും രംഗത്ത്. അപകീർത്തികരമായ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചതിലൂടെ തങ്ങളുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഇരുവരും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. അഡ്വ. എ. രാജേഷ് മുഖേനയാണ് ഷാജൻ സ്‌കറിയയ്ക്കും അദ്ദേഹത്തിന്റെ സ്ഥാപനമായ മറുനാടൻ മലയാളിക്കുമെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.

കഴിഞ്ഞ നവംബർ ആറിന് മറുനാടൻ മലയാളി ചാനലിൽ പ്രസിദ്ധീകരിച്ച '3000 കോടി കട്ട് വീണയും ശൈലജയും' എന്ന വാർത്ത പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. അപകീർത്തികരമായ ഈ വീഡിയോ യൂട്യൂബ് ഉൾപ്പെടെയുള്ള എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഉടൻ പിൻവലിക്കണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സമാനമായ വ്യാജ പ്രചാരണങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനൽകണമെന്നും ഇരുവരും ആവശ്യപ്പെടുന്നു.

ഏഴ് ദിവസത്തിനകം ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഉത്തരവാദികളായ എല്ലാവർക്കുമെതിരെ സിവിൽ, ക്രിമിനൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് നോട്ടീസിൽ ശക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഭാരതീയ ന്യായ സംഹിത (BNS) 2023-ലെ വകുപ്പ് 356 പ്രകാരമുള്ള അപകീർത്തിക്കുറ്റത്തിന്റെ പരിധിയിൽ വരുന്നതാണ് ഈ കൃത്യമെന്നും ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഷാജൻ സ്‌കറിയ ഒന്നാം എതിർകക്ഷിയും മറുനാടൻ മലയാളി രണ്ടാം എതിർകക്ഷിയുമാകുമ്പോൾ, യൂട്യൂബ് റെസിഡന്റ് ഗ്രീവൻസ് ഓഫീസർ സൂരജ് റാവുവാണ് മൂന്നാം എതിർകക്ഷി.

കളങ്കരഹിതമായി പൊതുപ്രവർത്തനം നടത്തുന്ന വനിതാ നേതാക്കൾക്കെതിരെ ബോധപൂർവ്വം കള്ളപ്രചാരണങ്ങൾ അഴിച്ചുവിടുന്നത് മാധ്യമസ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണെന്ന് ഇരുവരും പ്രതികരിച്ചു. പാർട്ടിക്കും വനിതാ നേതാക്കൾക്കുമെതിരെയുള്ള ഇത്തരം വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നിയമപോരാട്ടം തുടരുമെന്ന് കെ.കെ. ശൈലജയും വീണാ ജോർജും വ്യക്തമാക്കി. മന്ത്രിമാരായി പ്രവർത്തിച്ച കാലയളവിലുടനീളം ഷാജൻ സ്‌കറിയയുടെ മാധ്യമം തങ്ങൾക്കെതിരെ ആസൂത്രിതമായ നുണ പ്രചാരണങ്ങൾ നടത്തിയിട്ടുണ്ടെന്നും വീണാ ജോർജ് ആരോപിച്ചു.

Related Stories