ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
ഭീകരവിരുദ്ധ നടപടികളുടെ തത്സമയ സംപ്രേഷണം ഒഴിവാക്കണമെന്നും അക്രമദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുമ്പോൾ കനത്ത ജാഗ്രത പാലിക്കണമെന്നും സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾക്ക് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കർശന നിർദേശം നൽകി. യാതൊരു കാരണവശാലും ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുതെന്നും മന്ത്രാലയം പുറത്

ഭീകരവിരുദ്ധ നടപടികളുടെ തത്സമയ സംപ്രേഷണം ഒഴിവാക്കണമെന്നും അക്രമദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുമ്പോൾ കനത്ത ജാഗ്രത പാലിക്കണമെന്നും സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾക്ക് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കർശന നിർദേശം നൽകി. യാതൊരു കാരണവശാലും ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുതെന്നും മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. 1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്‌സ് നിയമവും ചട്ടങ്ങളും അനുസരിച്ചുള്ള പ്രോഗ്രാം കോഡ് ചാനലുകൾ കർശനമായി പാലിക്കണമെന്നാണ് ആവശ്യം.
വിവിധ സ്വകാര്യ സാറ്റലൈറ്റ് ചാനലുകൾ പ്രോഗ്രാം കോഡിലെ വ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. സമാന വിഷയങ്ങളിൽ ഒരേ തരത്തിലുള്ള വാർത്തകളും ദൃശ്യങ്ങളും ഒന്നിലധികം ചാനലുകളിൽ സംപ്രേഷണം ചെയ്ത സംഭവങ്ങൾ ഇന്റർ ഡിപ്പാർട്ട്‌മെന്റൽ കമ്മിറ്റിയുടെ (ഐ.ഡി.സി) യോഗം വിലയിരുത്തിയിരുന്നു. ടെലിവിഷൻ പരിപാടികളിൽ അനുചിതമായ പെരുമാറ്റവും ഭാഷാപ്രയോഗവും യാതൊരു കാരണവശാലും സാധാരണവൽക്കരിക്കരുതെന്നും സമിതി ചാനലുകൾക്ക് മുന്നറിയിപ്പ് നൽകി.
ഭീകരവിരുദ്ധ നടപടികൾ, അക്രമദൃശ്യങ്ങൾ, കുറ്റകൃത്യ വാർത്തകൾ, പ്രകൃതിദുരന്തങ്ങളുടെ റിപ്പോർട്ടിങ്, ഇന്ത്യയുടെ ആധികാരിക ഭൂപടങ്ങളുടെ ഉപയോഗം, സാമുദായിക സൗഹാർദം, ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വ്യക്തിത്വം സംരക്ഷിക്കൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളിലാണ് പുതിയ മാർഗനിർദേശങ്ങൾ ബാധകമാക്കിയിരിക്കുന്നത്. തത്സമയ ചർച്ചകളും പാനൽ ചർച്ചകളും സാമുദായികമോ ദേശീയവിരുദ്ധമോ ആയ നിലപാടുകളെ ഒരുനിലയ്ക്കും പ്രോത്സാഹിപ്പിക്കരുതെന്നും നിർദേശത്തിൽ പറയുന്നു.
വാർത്താ പരിപാടികളിൽ നിർമിതബുദ്ധി (എ.ഐ), ജനറേറ്റീവ് എ.ഐ എന്നിവ ഉപയോഗിക്കുമ്പോഴും പ്രത്യേക ജാഗ്രത വേണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. ഗ്രാഫിക്സുകളിലും വെർച്വൽ വാർത്താ അവതരണങ്ങളിലും കൃത്യതയും ആധികാരികതയും ഉറപ്പാക്കണം. ജീവനക്കാർക്ക് നിരന്തര പരിശീലനം നൽകാനും എഡിറ്റോറിയൽ പരിശോധന ശക്തിപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാർഗനിർദേശങ്ങൾ ലംഘിക്കുന്ന ചാനലുകൾക്കെതിരെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്‌സ് നിയമപ്രകാരം കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 4 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026

പാറ്റപ്പേടിയില് കേന്ദ്രം, ധ്രുവ് റാഠി കസ്റ്റഡിയിൽ; തിരംഗ മാർച്ച് തടയാന്‍ ഡല്‍ഹി കടുത്ത നിയന്ത്രണത്തില്‍
News Desk · 16 Oct 2026
