Skip to content
National

ഡൽഹി പ്രക്ഷോഭത്തിന് പിന്തുണയുമായി നടി സ്നേഹ ശ്രീകുമാർ, ‘ഇത് കുറേ കുട്ടികൾ അടിമേടിക്കുന്ന എന്തോ സംഭവമാണെന്ന് തോന്നും, നിങ്ങൾക്ക് സംഭവിക്കുന്നത് വരെ’

എസ്.ഐ.ആറിന്റെ മറവിൽ വോട്ടുവെട്ടുന്നതിനെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നടി സ്നേഹ ശ്രീകുമാർ. നമ്മൾ ജനിച്ചു വളർന്ന രാജ്യം നമ്മുടേതാണ് എന്ന് ഉറക്കെ പറയാൻ വേണ്ടിയാണ് രാജ്യതലസ്ഥാനത്ത് ഇന്ത്യൻ യുവത ഇറങ്ങി തിരിച്ചിരിക്കുന്നതെന്ന് അവർ വ്യക്തമാക്കി. ‘ഉയരട്ടെ ജന്തർ മന്തർ’ എന്ന പേരി

N

News Desk

Published on: 16 Oct 2026, 10:15 am

ഡൽഹി പ്രക്ഷോഭത്തിന് പിന്തുണയുമായി നടി സ്നേഹ ശ്രീകുമാർ, ‘ഇത് കുറേ കുട്ടികൾ അടിമേടിക്കുന്ന എന്തോ സംഭവമാണെന്ന് തോന്നും, നിങ്ങൾക്ക് സംഭവിക്കുന്നത് വരെ’

എസ്.ഐ.ആറിന്റെ മറവിൽ വോട്ടുവെട്ടുന്നതിനെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നടി സ്നേഹ ശ്രീകുമാർ. നമ്മൾ ജനിച്ചു വളർന്ന രാജ്യം നമ്മുടേതാണ് എന്ന് ഉറക്കെ പറയാൻ വേണ്ടിയാണ് രാജ്യതലസ്ഥാനത്ത് ഇന്ത്യൻ യുവത ഇറങ്ങി തിരിച്ചിരിക്കുന്നതെന്ന് അവർ വ്യക്തമാക്കി. ‘ഉയരട്ടെ ജന്തർ മന്തർ’ എന്ന പേരിൽ തൃപ്പൂണിത്തുറയിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സമരത്തെരുവിലെ പാട്ടും പറച്ചിലും പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടി.

ഇത്തരം സമരങ്ങളെ പലരും നിസ്സാരമായി കാണാറുണ്ടെന്നും എന്നാൽ തങ്ങൾക്ക് നേരിട്ട് അനുഭവപ്പെടുന്നത് വരെ ഇത്തരം വിഷയങ്ങളുടെ ഭീകരത മനസ്സിലാകില്ലെന്നും സ്നേഹ പറഞ്ഞു. നമ്മൾ ജീവിക്കുന്ന രാജ്യത്തെ പൗരനല്ലെന്നും വോട്ട് ചെയ്യാൻ സാധിക്കില്ലെന്നും പെട്ടെന്ന് ഒരു ദിവസം ഒരാളോട് പറഞ്ഞാൽ അവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കണം. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന അടിസ്ഥാന യാഥാർത്ഥ്യത്തിന് പോലും ഇപ്പോൾ ഉറപ്പില്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

പതിമൂന്നോളം കോടി വോട്ടുകൾ തള്ളിക്കളഞ്ഞത് യാദൃച്ഛികമാണെന്ന് വിശ്വസിക്കാൻ മാത്രം ഇന്ത്യയിലെ യുവജനങ്ങൾ മണ്ടന്മാരല്ലെന്ന് അവർ ഓർമ്മിപ്പിച്ചു. ചോദ്യങ്ങൾ ചോദിക്കുമ്പോൾ അടിച്ചേൽപ്പിച്ച് പേടിയോടിക്കാൻ ശ്രമിച്ചാൽ ഇന്ത്യയിലെ യുവജനങ്ങൾ വഴങ്ങില്ലെന്നും, ഒരാളെ അടിച്ചാൽ പകരം ഇരട്ടിയായി പ്രതിരോധം തീർക്കാൻ ആളുകൾ തെരുവിലിറങ്ങുമെന്നും സ്നേഹ മുന്നറിയിപ്പ് നൽകി.

ഒരു രാജ്യത്തിന്റെ ഭാവി യുവജനങ്ങളാണെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ശേഷം അവരെ അടിച്ചമർത്തുന്ന നടപടികൾ ശരിയല്ലെന്നും നടി വ്യക്തമാക്കി. വേണ്ടിവന്നാൽ ഇനിയും വലിയ സമരമുറകളിലേക്ക് നീങ്ങാൻ രാജ്യത്തെ യുവജനം തയ്യാറാണെന്നും ഡൽഹിയിൽ പോരാടുന്ന മുഴുവൻ യുവജനങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പറഞ്ഞുകൊണ്ടാണ് അവർ സംസാരിച്ചുതീർത്തത്.

Related Stories