Skip to content
Kerala

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി

മാധ്യമ പ്രവർത്തകരുടെ കൂട്ടായിമയായ KUWJ ചരിത്രത്തിലെ വമ്പന്‍ സമരങ്ങളിലൊന്നായി സംഘടന വിശേഷിപ്പിക്കുന്ന മാധ്യമം പത്രത്തിലെ അനിശ്ചിതകാല സമരത്തെ യൂണിയൻ അംഗങ്ങൾ തള്ളിക്കളഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മാധ്യമം പ്രതിനിധികൾക്ക് സംസ്ഥാനത്തെങ്ങും കാര്യമായ വിജയം നേടാനായില്ല

N

News Desk

Published on: 27 Oct 2026, 2:22 pm

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി

മാധ്യമ പ്രവർത്തകരുടെ കൂട്ടായിമയായ KUWJ ചരിത്രത്തിലെ വമ്പന്‍
സമരങ്ങളിലൊന്നായി സംഘടന വിശേഷിപ്പിക്കുന്ന മാധ്യമം പത്രത്തിലെ അനിശ്ചിതകാല സമരത്തെ യൂണിയൻ അംഗങ്ങൾ തള്ളിക്കളഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മാധ്യമം പ്രതിനിധികൾക്ക് സംസ്ഥാനത്തെങ്ങും കാര്യമായ വിജയം നേടാനായില്ല. KUWJയുടെ കഴിഞ്ഞ അര നൂറ്റാണ്ടിന്റെ ചരിത്രത്തിൽ ആദ്യമായാകും മാധ്യമത്തിൽ നിന്നുള്ള പ്രതിനിധികൾ സംസ്ഥാന കമ്മിറ്റിയിൽ ഒന്നോ രണ്ടോ പേരിൽ ഒതുങ്ങുന്നത്. മാധ്യമം യൂണിയന്റെ സമരം നടക്കുന്ന ആസ്ഥാനമായ കോഴിക്കോട്ട് മാധ്യമം പ്രതിനിധി കടുത്ത തോൽവി നേരിട്ടു. മാധ്യമം സമരത്തെ പിന്തുണച്ച നിലവിലെ ജില്ലാ കമ്മിറ്റിയും അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി. ശമ്പളം ഘട്ടം ഘട്ടമായി വിതരണം ചെയ്യുന്നതിനെതിരെ ആരംഭിച്ച സമരം പിന്നീട് യൂണിയൻ കടുത്ത ആവശ്യങ്ങളുന്നയിച്ചതോടെ പരിഹരിക്കാനാകാത്ത വഴികളിലൂടെയാണ് ഇപ്പോൾ നീങ്ങുന്നത്. യൂണിയൻ നേതൃത്വവും സമരം നയിക്കുന്ന മാധ്യമം സെല്ലും ഇതോടെ കടുത്ത പ്രതിസന്ധിയിലാണ്. ഇതിൽ ഭൂരിഭാഗം യൂണിയൻ അംഗങ്ങൾക്കും ശക്തമായി എതിർപുണ്ട്. ഈ പ്രതിഷേധമാണ് KUWJയുടെ കോഴിക്കോട് ജില്ലാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് എന്നാണ് വിലയിരുത്തൽ.

കോഴിക്കോട് ജില്ലയിലെ ഏറ്റവും ശക്തമായ KUWJ യൂണിറ്റ് ആയിരുന്നു മാധ്യമത്തിന്റേത്. പതിറ്റാണ്ടുകളായി കോഴിക്കോട്ടെ KUWJയുടെും പ്രസ്ക്ലബിന്റെയും ഭരണം തീരുമാനിക്കുന്നതിൽ മാധ്യമം യൂണിറ്റാണ് സുപ്രധാന റോൾ വഹിച്ചിരുന്നത്. മാധ്യമത്തിലെ സമരം അതുകൊണ്ട് തന്നെ കോഴിക്കോട്ടെ KUWJ അംഗങ്ങളുടെ അഭിമാന സമരമായാണ് തുടങ്ങിയത്. എന്നാൽ പിന്നീട് ചിത്രം മാറി. സമരം പരിഹാരം കാണാനാകാതെ പ്രതിസന്ധിയിലായി. സമരത്തിന്റെ മുൻനിരയിലുള്ള ഒരു സംഘം ആളുകൾ ഒരു ചർച്ചക്കും സന്നദ്ധമല്ലാതെ കടുത്ത നിലപാടിലാണ്. ഇവരുടെ കടുംപിടുത്തമാണ് ഒരു ഒത്തുതീർപിലേക്ക് എത്തിക്കുന്നതിൽ തടസ്സം നിൽക്കുന്നത് എന്ന വിമർശനം ശക്തമാണ്. മാധ്യമത്തിലെ അംഗങ്ങളിൽ തന്നെ ഒരു വിഭാഗം ഇതിൽ പ്രതിഷേധിച്ച് KUWJ യൂണിറ്റിനോട് അകലം പാലിച്ചാണ് ഇപ്പോൾ നിൽക്കുന്നത്. സമരം നയിക്കുന്ന സംഘത്തിലെ ബിജുനാഥാണ് ഇത്തവണ കോഴിക്കോട് ജില്ലാ സെക്രട്ടറി സഥാനത്തേക്ക് മത്സരിച്ചത്. ആകെ 570 പേർ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ ബിജുനാഥിന് ലഭിച്ചത് വെറും 121 വോട്ട് മാത്രം. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. മാധ്യമത്തിന്റെ ചരിത്രത്തിൽ കോഴിക്കോട് ജില്ലയിൽ ഇത്രയും വലിയ ആഘാതം ഇതിന് മുന്പ് നേരിട്ടിട്ടില്ല.

കോഴിക്കോട്ടെ പ്രധാന പാനൽ തയാറാക്കുന്നതിലും എക്കാലത്തും ലീഡിങ് റോൾ വഹിച്ചിരുന്നത് മാധ്യമമാണ്. എന്നാൽ ഇത്തവണ ഇതിനും കഴിഞ്ഞില്ല. സമരത്തെച്ചൊല്ലി മാധ്യമം യൂണിറ്റിലുണ്ടായ കടുത്ത ചേരിപ്പോരാണ് പാനൽ തയാറാക്കുന്നതിന് മുൻകൈയെടുക്കാൻ മാധ്യമം യൂണിറ്റിന് തടസ്സമായത്. പ്രധാന പോസ്റ്റിലേക്ക് മത്സരിക്കാൻ പോലും മാധ്യമത്തിൽ ആളുണ്ടായിരുന്നില്ല. ഒടുവിൽ കണ്ണൂരിലേക്ക് സ്ഥലം മാറ്റപ്പെട്ട ബിജുനാഥിനെ കോഴിക്കോട്ട് മത്സരിപ്പിക്കുകയായിരുന്നു. സ്ഥലം മാറ്റത്തിനെതിരെ യൂണിയൻ കേസ് നടത്തുമെന്ന് പ്രഖ്യാപിച്ചാണ് നോമിനേഷൻ നൽകിയത്. എന്നാൽ ഇത് ജില്ലയിലെ അംഗങ്ങൾ മുഖവിലക്കെടുത്തില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കടുത്ത മത്സരം പോലും കാഴ്ചവക്കാൻ മാധ്യമം സെല്ലിന് കഴിഞ്ഞില്ല.

മാതൃഭൂമി, ദേശാഭിമാനി, മീഡിയവൺ എന്നിവരുടെ നേതത്വത്തിലാണ് ഇത്തവണ കോഴിക്കോട് പാനൽ രൂപപ്പെടുത്തിയത്. ഇത് ജില്ലയിലെ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതായിരുന്നു. മാതൃഭൂമിയും മീഡിയവണുമാണ് ജില്ലയിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള KUWJ യൂണിറ്റുകൾ. ഇവർ ചേർന്നുണ്ടാക്കിയ പാനലിലെ പ്രസിഡന്റും സെക്രട്ടറിയും തോറ്റു. മറ്റ് ഭാരവാഹികളെല്ലാം വിജയിച്ചു. കഴിഞ്ഞ രണ്ടുകൊല്ലം സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങൾ വഹിച്ചവരാണ് വീണ്ടും മത്സരിച്ചത്. കഴിഞ്ഞ ഭരണ സമിതിയെക്കുറിച്ച് അംഗങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമാണ് നിലനിൽക്കുന്നത്. ഇതിനൊപ്പം മാധ്യമം സമരത്തിലെ അവരുടെ അപ്രായോഗിക നിലപാടുകളും അംഗങ്ങളുടെ അമർഷം വർധിപ്പിച്ചിരുന്നു. അതാണ് പാനലിലെ മറ്റ് സ്ഥാനാർഥികൾ 350 വോട്ട് വരെ നേടിയിട്ടും പ്രസിഡന്റിനും സെക്രട്ടറിക്കും പരാജയം ഏൽക്കേണ്ടിവന്നതിലെ പ്രധാന കാരണം. സെക്രട്ടറിക്ക് കിട്ടിയത് 200ൽ താഴെ വോട്ട് മാത്രം. ഏറ്റവും വലിയ യൂണിറ്റായ മാതൃഭൂമിയിൽ നിന്ന് പൂർണമായി വോട്ട് ലഭിച്ചിരുന്നെങ്കിൽ പോലും മാതൃഭൂമിയിൽനിന്നുതന്നെയുള്ള പ്രസിഡന്റ് സ്ഥാനാർഥി തോൽക്കില്ലായിരുന്നുവെന്നാണ് ജില്ലയിലെ പ്രധാന നേതാക്കൾ പറയുന്നത്. മാധ്യമം സമരം പ്രതിസന്ധിയിലായതിൽ ഏറ്റവും ശക്തമായ പ്രതിഷേധമുള്ള യൂണിറ്റ് മാതൃഭൂമിയാണ്. കാരണം ഇപ്പോൾ തന്നെ മാതഭൂമിയിലെ യൂണിയൻ മുൻ അംഗങ്ങൾ പലരും അവരുടെ മാനേജ്മെന്റിനെതിരെ കേസുകൾ നടത്തുന്നുണ്ട്. മാധ്യമം സമരം പരാജയമായാൽ അത് അവരുടെ കേസിനെയും അവിടത്തെ KUWJ യൂണിറ്റിന്റെ ഭാവിയെയും ബാധിക്കുമെന്നും അവർ കരുതുന്നു. അതിന്റെ പ്രതിഫലനവും കോഴിക്കോട്ടെ തെരഞ്ഞെടുപ്പിൽ പ്രകടമായി.

മാധ്യമത്തിനാകട്ടെ സംസ്ഥാനത്ത് ആകെ ഒരു ജില്ലയിൽ മാത്രമാണ് ജില്ല പ്രസിഡന്റ് / സെക്രട്ടറി സ്ഥാനം ലഭിച്ചത്. ആലപ്പുഴയിൽ. മറ്റെവിടെയും പ്രധാന സ്ഥാനമില്ല. 3 ജില്ലകളിൽ ചെറുകിട പോസ്റ്റുകൾ ലഭിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന കമ്മിറ്റിയിൽ എത്താൻ ഉതകുന്ന പദവികളില്ല. സാധാരണ ജില്ല പ്രസിഡന്റ് / സെക്രട്ടറി പദവികളിലൂടെ 6-8 പേരെങ്കിലും മാധ്യമത്തിൽനിന്ന് സംസ്ഥാന കമ്മിറ്റിയിൽ എത്താറുണ്ട്. അതിശക്തമെന്ന് വിശേഷിപ്പിച്ച് ആരംഭിച്ച സമരം, ഫലത്തിൽ മാധ്യമത്തിലെ KUWJയെ ഇല്ലാതാക്കിയ കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. കോഴിക്കോട്ടാകട്ടെ, സമരം നയിക്കുന്നവരെയും അതിന് പിന്തുണ കൊടുത്തവരെയും KUWJ അംഗങ്ങൾ തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കി. ഇതോടെ മാധ്യമം സമരത്തിന്റെ ഭാവിയും അനിശ്ചിതത്വലായിരിക്കുകയാണ്.

Related Stories