സെയ്ഫിന്റെ 15,000 കോടി രൂപയുടെ സ്വത്ത് നഷ്ടമാകുന്നു, നിമയക്കുരുക്ക് മുറുകുന്നു
ബോളിവുഡ് താരം സെയ്ഫ് അലി ഖാന്, ഏകദേശം 15,000 കോടി രൂപ വിലമതിക്കുന്ന ഭോപ്പാലിലെ രാജകീയ സ്വത്തുക്കള്‍ നഷ്ടപ്പെടാനുള്ള സാധ്യത കടുക്കുന്നു. രണ്ട് പ്രധാന നിയമപരമായ വെല്ലുവിളികളാണ് താരത്തിനും കുടുംബത്തിനും മുന്നിലുള്ളത്. ഒന്ന്, അനന്തരാവകാശ തര്‍ക്കത്തില്‍ മധ്യപ്രദേശ് ഹൈക്കോടതിയില്‍ നിന്നുണ്ടായ തിരിച്ചടി.

ബോളിവുഡ് താരം സെയ്ഫ് അലി ഖാന്, ഏകദേശം 15,000 കോടി രൂപ വിലമതിക്കുന്ന ഭോപ്പാലിലെ രാജകീയ സ്വത്തുക്കള്‍ നഷ്ടപ്പെടാനുള്ള സാധ്യത കടുക്കുന്നു. രണ്ട് പ്രധാന നിയമപരമായ വെല്ലുവിളികളാണ് താരത്തിനും കുടുംബത്തിനും മുന്നിലുള്ളത്. ഒന്ന്, അനന്തരാവകാശ തര്‍ക്കത്തില്‍ മധ്യപ്രദേശ് ഹൈക്കോടതിയില്‍ നിന്നുണ്ടായ തിരിച്ചടി. രണ്ട്, ഈ സ്വത്തുക്കളെ ‘ശത്രു സ്വത്ത്’ ആയി പ്രഖ്യാപിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം.
സെയ്ഫും ഭോപ്പാലിലെ പൈതൃകവും
ഹരിയാനയിലെ പട്ടൗഡി നാട്ടുരാജ്യത്തിന്റെ നവാബാണ് സെയ്ഫ് അലി ഖാന് എങ്കിലും, ഈ സ്വത്തുക്കള്‍ അദ്ദേഹത്തിന് ലഭിച്ചത് അമ്മയുടെ താവഴിയിലൂടെയാണ്. ഭോപ്പാലിലെ അവസാനത്തെ നവാബായിരുന്ന ഹമീദുള്ള ഖാന്റെ ചെറുമകന്റെ മകനാണ് സെയ്ഫ്.
ഹമീദുള്ള ഖാന്റെ മൂത്ത മകളും സ്വാഭാവിക അനന്തരാവകാശിയുമായ ആബിദ സുല്‍ത്താന്‍ ബീഗം വിഭജനത്തിനു ശേഷം പാകിസ്ഥാനിലേക്ക് കുടിയേറി. ഇതോടെ, ഇന്ത്യയില്‍ തുടര്‍ന്ന രണ്ടാമത്തെ മകളും സെയ്ഫിന്റെ മുത്തശ്ശിയുമായ സാജിദ സുല്‍ത്താന്‍, നവാബിന്റെ സ്വകാര്യ സ്വത്തുക്കളുടെ ഏക അവകാശിയായി മാറി. 1962-ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു വിജ്ഞാപനത്തിലൂടെ സാജിദ സുല്‍ത്താന്റെ ഈ അവകാശം അംഗീകരിക്കുകയും ചെയ്തിരുന്നു. സാജിദ സുല്‍ത്താനില്‍ നിന്ന് മകന് മന്‍സൂര്‍ അലി ഖാന് പട്ടൗഡിക്കും, അതിലൂടെ സെയ്ഫ് അലി ഖാനും ഈ സ്വത്തുക്കള്‍ കൈമാറി വന്നു.
തിരിച്ചടിയായി ഹൈക്കോടതി വിധി
2000-ല്‍ ഒരു വിചാരണക്കോടതി, സെയ്ഫും അദ്ദേഹത്തിന്റെ അമ്മ ഷര്‍മിള ടാഗോറും സഹോദരിമാരായ സോഹ, സബ അലി ഖാനും ഈ സ്വത്തുക്കളുടെ ഏക അവകാശികളാണെന്ന് വിധിച്ചിരുന്നു. എന്നാല്‍, ഹമീദുള്ള ഖാന്റെ മറ്റ് പിന്‍ഗാമികള്‍ ഈ വിധിയെ ചോദ്യം ചെയ്യുകയും, മുസ്ലിം വ്യക്തിനിയമപ്രകാരം സ്വത്തുക്കള്‍ വിഭജിക്കണമെന്ന് വാദിക്കുകയും ചെയ്തു. ഈ വാദം അംഗീകരിച്ച മധ്യപ്രദേശ് ഹൈക്കോടതി, കഴിഞ്ഞയാഴ്ച വിചാരണക്കോടതിയുടെ പഴയ ഉത്തരവ് റദ്ദാക്കി. കേസ് വീണ്ടും പരിശോധിച്ച് ഒരു വര്‍ഷത്തിനകം പുതിയ വിധി പുറപ്പെടുവിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. വിചാരണക്കോടതിയുടെ വിധി എതിരായാല്‍, സെയ്ഫിന് തന്റെ പൈതൃക സ്വത്തിന്റെ വലിയൊരു ഭാഗം നഷ്ടമാകും.
‘ശത്രു സ്വത്ത്’ നിയമമെന്ന ഭീഷണി
ഇതിനേക്കാള്‍ വലിയ വെല്ലുവിളിയാണ് ‘ശത്രു സ്വത്ത്’ നിയമത്തില്‍ നിന്ന് സെയ്ഫ് നേരിടുന്നത്. നവാബ് ഹമീദുള്ള ഖാന്റെ സ്വാഭാവിക അവകാശിയായ ആബിദ സുല്‍ത്താന്‍ പാകിസ്ഥാനിലേക്ക് കുടിയേറിയതിനാല്‍, ഈ സ്വത്തുക്കള്‍ 1968-ലെ ശത്രു സ്വത്ത് നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നത്. അതിനാല്‍ സര്‍ക്കാരിന് ഈ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്നും അവര്‍ പറയുന്നു.
ഈ വാദം, 1962-ല്‍ സാജിദ സുല്‍ത്താനെ ഏക അവകാശിയായി അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന് വിരുദ്ധമാണ്. ഈ വിഷയത്തില്‍ സെയ്ഫ് കോടതിയെ സമീപിക്കുകയും താല്‍ക്കാലിക സ്റ്റേ നേടുകയും ചെയ്തിരുന്നു. എന്നാല്‍ 2024 ഡിസംബറില്‍ ഹൈക്കോടതി സെയ്ഫിന്റെ ഹര്‍ജി തള്ളുകയും സ്റ്റേ നീക്കുകയും ചെയ്തു. തുടര്‍ന്ന് 30 ദിവസത്തിനകം അപ്പീല്‍ നല്കാന് ആവശ്യപ്പെട്ടു.
ഈ വര്‍ഷം ജനുവരി 16-ന് വീട്ടില്‍ അതിക്രമിച്ചുകയറിയ അക്രമിയുടെ കുത്തേറ്റ് സെയ്ഫിന് ആഴ്ചകളോളം ആശുപത്രിയിലും വിശ്രമത്തിലും കഴിയേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തില്‍, നിര്‍ണായകമായ അപ്പീല്‍ യഥാസമയം നല്കാന് അദ്ദേഹത്തിന് കഴിഞ്ഞോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതോടെ, രണ്ട് നിയമപോരാട്ടങ്ങളെ ഒരേസമയം നേരിടേണ്ടി വരുന്നതിന്റെ സമ്മര്‍ദ്ദത്തിലാണ് താരവും കുടുംബവും.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 4 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
