ഓര്‍ത്തുവെച്ചോളൂ, ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങള്‍ പിടികൂടും, തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി
ബംഗളൂരു: 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത് വോട്ടര്‍പട്ടികയില്‍ വ്യാപകമായ കൃത്രിമം നടത്തിയും വോട്ടുകള്‍ മോഷ്ടിച്ചുമാണെന്ന തന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനിന്നുവെന്നും അവരെ നിയമത്തിന്

ബംഗളൂരു: 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത് വോട്ടര്‍പട്ടികയില്‍ വ്യാപകമായ കൃത്രിമം നടത്തിയും വോട്ടുകള്‍ മോഷ്ടിച്ചുമാണെന്ന തന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനിന്നുവെന്നും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങള്‍ പിടികൂടും, എന്റെ വാക്കുകള്‍ ഓര്‍ത്തുവെച്ചോളൂ,’ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ചു. ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ നടന്ന ‘നമ്മുടെ വോട്ട്, നമ്മുടെ അവകാശം, നമ്മുടെ പോരാട്ടം’ എന്ന പ്രതിഷേധ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടകയിലെ ‘വോട്ട് മോഷണം’
കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മോഷ്ടിക്കപ്പെട്ടതാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ‘ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ മാത്രം 1,00,250 വ്യാജ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമായി ചേര്‍ത്തതായി ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇരട്ട വോട്ടുകള്‍, വ്യാജ വിലാസങ്ങള്‍, വ്യാജ ഫോട്ടോകള്‍ എന്നിവ ഉപയോഗിച്ചാണ് ഈ ക്രിമിനല്‍ പ്രവൃത്തി നടത്തിയത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് 15-16 സീറ്റുകള്‍ നേടേണ്ടതായിരുന്നു, എന്നാല്‍ ഈ കൃത്രിമത്തിലൂടെ ഞങ്ങള്‍ക്ക് ഒമ്പത് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്,’ രാഹുല്‍ പറഞ്ഞു. വോട്ടര്‍പട്ടികയിലെ ഈ ക്രമക്കേടിനെക്കുറിച്ച് കര്‍ണാടക സര്‍ക്കാര്‍ അന്വേഷിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ ‘മാന്ത്രിക’ വോട്ടര്‍മാര്‍
മഹാരാഷ്ട്രയിലും സമാനമായ അട്ടിമറി നടന്നതായി രാഹുല്‍ ആരോപിച്ചു. ‘ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കോണ്‍ഗ്രസ് സഖ്യത്തിന് നാല് മാസത്തിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റു. ഒരു കോടി പുതിയ വോട്ടര്‍മാരാണ് നിയമസഭാ തിരഞ്ഞെടുപ്പ് പട്ടികയില്‍ മാന്ത്രികമായി പ്രത്യക്ഷപ്പെട്ടത്. ഈ പുതിയ വോട്ടര്‍മാര്‍ എവിടെയൊക്കെ ഉണ്ടായിരുന്നോ, അവിടെയെല്ലാം ബിജെപി വിജയിച്ചു,’ അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് കമ്മീഷന് നേരെ രൂക്ഷ വിമര്‍ശനം
തിരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനയുടെ അടിസ്ഥാന തത്വമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്ന ആശയത്തെയാണ് ആക്രമിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ‘കഴിഞ്ഞ 10 വര്‍ഷത്തെ മെഷീന് റീഡബിള്‍ വോട്ടര്‍ പട്ടികയും വീഡിയോ രേഖകളും കമ്മീഷന് പുറത്തുവിടണം. ആ ഡാറ്റ ഞങ്ങള്‍ക്ക് നല്കിയാല്, നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായത് വോട്ട് മോഷ്ടിച്ചാണെന്ന് ഞങ്ങള്‍ തെളിയിക്കും. ഈ അട്ടിമറിയില്‍ നിന്ന് നിങ്ങള്‍ക്ക് ഒളിച്ചോടാനാകില്ല. ഒരുനാള്‍ നിങ്ങള്‍ പ്രതിപക്ഷത്തെ അഭിമുഖീകരിക്കേണ്ടി വരും. അതിന് സമയമെടുത്തേക്കാം, പക്ഷെ ഞങ്ങള്‍ നിങ്ങളെ പിടികൂടിയിരിക്കും,’ രാഹുല്‍ മുന്നറിയിപ്പ് നല്കി
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 4 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
