Skip to content
National

‘ഭിന്നിപ്പുകളിലൂടെയും അക്രമങ്ങളിലൂടെയുമല്ല, സഹാനുഭൂതിയിലൂടെയാണ് കരുത്തുറ്റ ഭാവി കെട്ടിപ്പടുക്കേണ്ടത്’ ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി ദുൽഖർ സൽമാൻ

ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി നടൻ ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അദ്ദേഹം തൻ്റെ നിലപാട് വ്യക്തമാക്കിയത്. ഭിന്നിപ്പുകളിലൂടെയോ അക്രമങ്ങളിലൂടെയോ അല്ല, മറിച്ച് പരസ്പര സഹാനുഭൂതിയിലൂടെയും ബോധ്യങ്ങളില

N

News Desk

Published on: 22 Jul 2026, 8:45 pm

‘ഭിന്നിപ്പുകളിലൂടെയും അക്രമങ്ങളിലൂടെയുമല്ല, സഹാനുഭൂതിയിലൂടെയാണ് കരുത്തുറ്റ ഭാവി കെട്ടിപ്പടുക്കേണ്ടത്’ ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി ദുൽഖർ സൽമാൻ

ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി നടൻ ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അദ്ദേഹം തൻ്റെ നിലപാട് വ്യക്തമാക്കിയത്. ഭിന്നിപ്പുകളിലൂടെയോ അക്രമങ്ങളിലൂടെയോ അല്ല, മറിച്ച് പരസ്പര സഹാനുഭൂതിയിലൂടെയും ബോധ്യങ്ങളിലൂടെയുമാണ് കരുത്തുറ്റ ഒരു ഭാവി കെട്ടിപ്പടുക്കേണ്ടതെന്ന് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.

വിദ്യാഭ്യാസം എന്നത് എക്കാലത്തും പുതിയ പ്രതീക്ഷകളുടെയും അവസരങ്ങളുടെയും മികച്ച ഭാവിയുടെയും വാഗ്ദാനമാണെന്ന് ദുൽഖർ ഓർമിപ്പിച്ചു. വിദ്യാർഥികൾ നിലവിൽ നേരിടുന്ന അനിശ്ചിതത്വവും പ്രതിസന്ധികളും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അത് ഏറെ ഹൃദയഭേദകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരസ്പരം കാര്യങ്ങൾ ചോദിച്ചറിയാനും പ്രശ്നങ്ങൾ കേട്ടു മനസിലാക്കാനും ഇത്തരം സാഹചര്യങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാവി തലമുറ നേരിടുന്ന ഇത്തരം വലിയ അനിശ്ചിതത്വങ്ങൾ തന്നെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്ന് ദുൽഖർ കുറിച്ചു. കൃത്യമായ വഴി മുന്നിലില്ലാതെ വിദ്യാർഥികൾ കടുത്ത മാനസിക സമ്മർദത്തിലാകുന്നതും ചിലരെങ്കിലും ജീവനൊടുക്കാൻ തുനിയുന്നതും തീർത്തും ഞെട്ടിക്കുന്നതാണ്. സംഭാഷണങ്ങളിലൂടെയും സഹാനുഭൂതിയിലൂടെയുമാണ് പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാർഥികളുടെ മാനസിക വിഷമങ്ങൾക്ക് പുറമെ അവരുടെ മാതാപിതാക്കൾ അനുഭവിക്കുന്ന സാമ്പത്തികവും മാനസികവുമായ കഷ്ടപ്പാടുകളും ദുൽഖർ തൻ്റെ കുറിപ്പിൽ പ്രത്യേകം പരാമർശിച്ചു. തങ്ങളുടെ മക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വലിയ കടബാധ്യതകൾ ഏറ്റെടുത്താണ് പല രക്ഷിതാക്കളും മുന്നോട്ട് പോകുന്നത്. രാഷ്ട്രീയമോ ആശയപരമോ ആയ ഏത് അഭിപ്രായ വ്യത്യാസങ്ങൾക്കും അപ്പുറം, ഓരോ വ്യക്തിക്കും അവരുടേതായ സ്വപ്നങ്ങളും കുടുംബവുമുണ്ടെന്നും അവ തികഞ്ഞ ബഹുമാനവും അനുകമ്പയും അർഹിക്കുന്നുണ്ടെന്നും പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

Related Stories