ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചത് നിയമലംഘനം: സുപ്രീംകോടതി
പൗരത്വ നിയമ ഭേദഗതിക്കെതിരായ (സി.എ.എ) പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ജയിലിലടക്കപ്പെട്ട വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീംകോടതിയുടെ രണ്ടംഗ ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയുടെ തന്നെ മറ്റൊരു ബെഞ്ച് രൂക്ഷവിമർശനം ഉന്നയിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ

പൗരത്വ നിയമ ഭേദഗതിക്കെതിരായ (സി.എ.എ) പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ജയിലിലടക്കപ്പെട്ട വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീംകോടതിയുടെ രണ്ടംഗ ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയുടെ തന്നെ മറ്റൊരു ബെഞ്ച് രൂക്ഷവിമർശനം ഉന്നയിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയ്യാൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് മുൻ വിധിക്കെതിരെ രംഗത്തുവന്നത്. വലിയ ബെഞ്ചുകൾ സൃഷ്ടിച്ച നിയമപരമായ കീഴ്വഴക്കങ്ങൾ ചെറിയ ബെഞ്ചുകൾ ലംഘിക്കുന്ന പ്രവണത ജുഡീഷ്യറിയുടെ അച്ചടക്കത്തിന് നിരക്കാത്തതാണെന്ന് കോടതി ഓർമിപ്പിച്ചു.
യു.എ.പി.എ കേസുകളിൽ ഉൾപ്പെട്ടവർക്കും ‘ജാമ്യമാണ് നിയമം, ജയിൽ അപവാദമാണ്’ എന്ന പൊതുതത്ത്വം ബാധകമാണെന്ന് കോടതി വ്യക്തമാക്കി. ഭീകരപ്രവർത്തന ഫണ്ടിങ് ആരോപിച്ച് യു.എ.പി.എ ചുമത്തി ആറ് വർഷമായി ജയിലിൽ കഴിഞ്ഞിരുന്ന സയ്യിദ് ഇഫ്തിഖാർ അന്ദ്രാബിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിപ്രസ്താവത്തിലാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ഉജ്ജൽ ഭുയ്യാനും വിദ്യാർഥി നേതാക്കളുടെ ജാമ്യനിഷേധത്തെ കടുത്ത ഭാഷയിൽ വിമർശിച്ചത്. മൂന്നംഗ ബെഞ്ചിന്റെ വിധി നിലനിൽക്കെ, അതിനെ മറികടന്നാണ് രണ്ടംഗ ബെഞ്ച് ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചതെന്നും ഇത് നിയമലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
യു.എ.പി.എ കേസുകളിൽ വിചാരണ നീണ്ടുപോകുന്നത് ജാമ്യം അനുവദിക്കാൻ മതിയായ കാരണമാണെന്ന് 2021-ലെ ചരിത്രപരമായ കെ.എ. നജീബ് കേസിൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയതാണ്. വിവിധ സാഹചര്യങ്ങളാൽ വിചാരണ നീളുന്നത് പ്രതിയെ ജാമ്യത്തിന് അർഹനാക്കുമെന്ന ഈ നിർദേശം നടപ്പാക്കാൻ കീഴ്ക്കോടതികളും ഹൈക്കോടതികളും സുപ്രീംകോടതിയുടെ ചെറിയ ബെഞ്ചുകളും ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ് ഉജ്ജൽ ഭുയ്യാൻ വിധിയിൽ കുറിച്ചു. ഈ നിയമത്തെ ലഘൂകരിക്കാനോ വെള്ളം ചേർക്കാനോ ആർക്കും സാധ്യമല്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.
യു.എ.പി.എയിലെ കടുത്ത വ്യവസ്ഥയായ 43 ഡി(5) വകുപ്പ് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന് മുകളിലല്ലെന്ന് സുപ്രീംകോടതി ആവർത്തിച്ചു. ഡൽഹി കലാപ ഗൂഢാലോചന കുറ്റം ചുമത്തി ജയിലിലടച്ച മറ്റ് വിദ്യാർഥി നേതാക്കൾക്കെല്ലാം ജാമ്യം ലഭിച്ചപ്പോൾ ഉമർ ഖാലിദിനും ശർജീൽ ഇമാമിനും മാത്രം ജാമ്യം നിഷേധിച്ചത് മുൻവിധികളോടെയാണെന്ന വിമർശനങ്ങൾക്ക് അടിവരയിടുന്നതാണ് സുപ്രീംകോടതിയുടെ ഈ പുതിയ നിരീക്ഷണം. വിചാരണ കോടതിയും ഹൈക്കോടതിയും കുറ്റത്തിന്റെ ഗൗരവം മാത്രം നോക്കി ജാമ്യം നിഷേധിച്ച ന്യായം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഇപ്പോൾ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 3 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
