Skip to content
National

പാക് ഷെല്ലാക്രമണത്തില്‍ രക്ഷിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളെ ‘ദത്തെടുത്ത്’ രാഹുല്‍ ഗാന്ധി

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യാ-പാക് സംഘര്‍ഷത്തിനിടെ പൂഞ്ചില്‍ പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ മാതാപിതാക്കളെയോ കുടുംബനാഥനെയോ നഷ്ടപ്പെട്ട 22 കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകള്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വഹിക്കും. കുട്ടികള്‍ക്ക് ബിരുദ പഠനം പൂര്‍ത്തിയാകുന്നത്

N

News Desk

Published on: 29 Jul 2025, 1:55 pm

പാക് ഷെല്ലാക്രമണത്തില്‍ രക്ഷിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളെ ‘ദത്തെടുത്ത്’ രാഹുല്‍ ഗാന്ധി

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യാ-പാക് സംഘര്‍ഷത്തിനിടെ പൂഞ്ചില്‍ പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ മാതാപിതാക്കളെയോ കുടുംബനാഥനെയോ നഷ്ടപ്പെട്ട 22 കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകള്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വഹിക്കും. കുട്ടികള്‍ക്ക് ബിരുദ പഠനം പൂര്‍ത്തിയാകുന്നത് വരെയുള്ള എല്ലാ ചെലവുകളും രാഹുല്‍ ഗാന്ധി വഹിക്കുമെന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കര്‍റ അറിയിച്ചു. സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡു നാളെ (ബുധനാഴ്ച) കൈമാറും.

കഴിഞ്ഞ മേയ് മാസത്തില്‍ സംഘര്‍ഷബാധിത പ്രദേശമായ പൂഞ്ച് സന്ദര്‍ശിച്ച വേളയിലാണ് രാഹുല്‍ ഗാന്ധി ഇതുസംബന്ധിച്ച വാഗ്ദാനം നല്‍കിയത്. ഷെല്ലാക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ പട്ടിക തയ്യാറാക്കാന്‍ അദ്ദേഹം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ സര്‍വേയുടെയും സര്‍ക്കാര്‍ രേഖകളുടെയും അടിസ്ഥാനത്തിലാണ് 22 കുട്ടികളുടെ അന്തിമ പട്ടിക തയ്യാറാക്കിയത്.

അന്നത്തെ സന്ദര്‍ശനത്തിനിടെ, പാക് ഷെല്ലാക്രമണത്തില്‍ ഇരട്ടകളായ ഉര്‍ബ ഫാത്തിമ, സെയ്ന്‍ അലി എന്നിവര്‍ കൊല്ലപ്പെട്ട ക്രൈസ്റ്റ് പബ്ലിക് സ്‌കൂളിലും രാഹുല്‍ എത്തിയിരുന്നു. ‘നിങ്ങളുടെ കൂട്ടുകാരെ നഷ്ടപ്പെട്ടുവെന്ന് എനിക്കറിയാം, സാരമില്ല, എല്ലാം സാധാരണ നിലയിലാകും. നന്നായി പഠിക്കുകയും കളിക്കുകയും ഒരുപാട് കൂട്ടുകാരെ ഉണ്ടാക്കുകയുമാണ് ഇത്തരം സംഭവങ്ങളോടുള്ള നിങ്ങളുടെ പ്രതികരണം ആകേണ്ടത്’ എന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു.

പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണം കനത്ത നാശം വിതച്ച മേഖലകളിലൊന്നാണ് പൂഞ്ച്. സിയാ ഉല്‍ ആലൂം എന്ന മതപാഠശാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആറ് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Stories