AI ഉള്ളടക്കങ്ങൾക്ക് ലേബലിംഗ് നിർബന്ധം; നിയമവിരുദ്ധമായവ നീക്കം ചെയ്യാൻ 3 മണിക്കൂർ; പുതിയ ഐടി നിയമങ്ങൾ ഫെബ്രുവരി 20 മുതൽ
നിർമിത ബുദ്ധി (AI) ഉപയോഗിച്ച് നിർമിക്കുന്ന വ്യാജമോ യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങളെ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ ഐടി നിയമങ്ങളിൽ സുപ്രധാന ഭേദഗതികൾ വരുത്തി. 2021-ലെ ഐടി നിയമങ്ങളിലാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. എഐ ഉള്ളടക്കങ്ങളുടെ ലേബലിംഗ്, മെറ്റാഡാറ്റ വെളിപ്പ

നിർമിത ബുദ്ധി (AI) ഉപയോഗിച്ച് നിർമിക്കുന്ന വ്യാജമോ യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങളെ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ ഐടി നിയമങ്ങളിൽ സുപ്രധാന ഭേദഗതികൾ വരുത്തി. 2021-ലെ ഐടി നിയമങ്ങളിലാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. എഐ ഉള്ളടക്കങ്ങളുടെ ലേബലിംഗ്, മെറ്റാഡാറ്റ വെളിപ്പെടുത്തൽ, നിയമവിരുദ്ധമായ വിവരങ്ങൾ നീക്കം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശങ്ങൾ ഫെബ്രുവരി 20 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും.
കമ്പ്യൂട്ടറോ അൽഗോരിതമോ ഉപയോഗിച്ച് നിർമ്മിച്ചതോ മാറ്റം വരുത്തിയതോ ആയ ‘സിന്തറ്റിക് ഉള്ളടക്കങ്ങളെ’യാണ് പ്രധാനമായും ഈ നിയമം ലക്ഷ്യമിടുന്നത്. ഡീപ് ഫേക്ക് വീഡിയോകൾ, എഐ സൃഷ്ടിച്ച ശബ്ദങ്ങൾ, ഫേസ്-സ്വാപ്പ് ചെയ്ത ചിത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. എന്നാൽ നിറം മാറ്റുകയോ ശബ്ദത്തിലെ നോയ്‌സ് കുറയ്ക്കുകയോ ചെയ്യുന്നതുപോലെയുള്ള സാധാരണ എഡിറ്റിംഗുകളെയും ഓഫീസുകളിലെ പവർപോയിന്റ് പ്രസന്റേഷനുകളെയും പുതിയ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ നിയമപ്രകാരം കർശനമായ ഉത്തരവാദിത്തങ്ങളുണ്ടാകും. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ എഐ ഉള്ളടക്കങ്ങൾ മെറ്റാഡാറ്റയിൽ മാത്രം ഒളിപ്പിക്കാതെ, ഉള്ളടക്കത്തിന് മുകളിൽ തന്നെ വ്യക്തമായ ലേബലുകൾ നൽകണം. ഈ ഉള്ളടക്കം എവിടെ നിന്ന് ഉത്ഭവിച്ചു എന്ന് കണ്ടെത്താനുള്ള സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തണമെന്നും അത് ആർക്കും നീക്കം ചെയ്യാൻ സാധിക്കാത്ത വിധത്തിലായിരിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള സമയപരിധിയിൽ സർക്കാർ വലിയ മാറ്റങ്ങൾ വരുത്തി. മുൻപ് 36 മണിക്കൂർ നൽകിയിരുന്ന സമയപരിധി ഇപ്പോൾ 3 മണിക്കൂർ ആയി വെട്ടിക്കുറച്ചു. മറ്റ് പരാതികളിലെ നടപടിക്രമങ്ങൾക്കുള്ള സമയം 15 ദിവസത്തിൽ നിന്ന് 7 ദിവസമായും, അടിയന്തര നടപടികൾക്കുള്ള സമയം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായും ചുരുക്കിയിട്ടുണ്ട്. വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ അവ എഐ നിർമിതമാണോ എന്ന് പരിശോധിക്കാൻ പ്ലാറ്റ്‌ഫോമുകൾ ഓട്ടോമേറ്റഡ് ടൂളുകൾ ഉപയോഗിക്കണമെന്നും ഭേദഗതിയിലുണ്ട്.
സാധാരണ ഉപയോക്താക്കൾക്ക് എഐ ഉപയോഗിച്ചുള്ള പോസ്റ്റുകൾ തിരിച്ചറിയാൻ ‘ഡിസ്‌ക്ലോഷർ ടാഗുകൾ’ ലഭ്യമാക്കും. വ്യാജ വിവരങ്ങൾ എഐ വഴി പ്രചരിപ്പിക്കുന്നത് ഭാരതീയ ന്യായ സംഹിത, പോക്സോ തുടങ്ങിയ നിയമങ്ങൾ പ്രകാരം ശിക്ഷാർഹമായ കുറ്റമായിരിക്കും. പ്ലാറ്റ്‌ഫോമുകൾ ഓരോ മൂന്ന് മാസത്തിലും ഉപയോക്താക്കൾക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പുകൾ നൽകണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 4 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
