Skip to content
National

മൗദൂദി മുതല്‍ അരുന്ധതി റോയി വരെ, ജമ്മു കശ്മീരില്‍ 25 പുസ്തകങ്ങള്‍ക്ക് നിരോധനം

ന്യൂ ഡൽഹി: പ്രശസ്ത എഴുത്തുകാരുടേത് ഉൾപ്പെടെ 25 പുസ്തകങ്ങൾക്ക് ജമ്മു കശ്മീർ സർക്കാർ നിരോധനം ഏർപ്പെടുത്തി. തെറ്റായ ആഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നു, ഭീകരവാദത്തെ മഹത്വവൽക്കരിക്കുന്നു എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് ബുധനാഴ്ച സർക്കാർ നടപടി. പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയുടെ ‘ആസാദി’, ഭരണ

N

News Desk

Published on: 6 Aug 2025, 10:20 pm

മൗദൂദി മുതല്‍ അരുന്ധതി റോയി വരെ, ജമ്മു കശ്മീരില്‍ 25 പുസ്തകങ്ങള്‍ക്ക് നിരോധനം

ന്യൂ ഡൽഹി: പ്രശസ്ത എഴുത്തുകാരുടേത് ഉൾപ്പെടെ 25 പുസ്തകങ്ങൾക്ക് ജമ്മു കശ്മീർ സർക്കാർ നിരോധനം ഏർപ്പെടുത്തി. തെറ്റായ ആഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നു, ഭീകരവാദത്തെ മഹത്വവൽക്കരിക്കുന്നു എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് ബുധനാഴ്ച സർക്കാർ നടപടി.

പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയുടെ ‘ആസാദി’, ഭരണഘടനാ വിദഗ്ദ്ധൻ എ.ജി നൂറാനിയുടെ ‘ദി കശ്മീർ ഡിസ്പ്യൂട്ട് 1947–2012’, രാഷ്ട്രീയ നിരീക്ഷകൻ സുമന്ത്ര ബോസിന്റെ ‘കശ്മീർ അറ്റ് ദി ക്രോസ്റോഡ്സ്’ തുടങ്ങിയ പ്രമുഖരുടെ പുസ്തകങ്ങളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്. ജമാഅത്തെ ഇസ്ലാമി സ്ഥാപകന്‍ മൗലാനാ മൗദൂദിയുടെ അല്‍ ജിഹാദു ഫില്‍ ഇസ്ലാം എന്ന പുസ്തകവും നിരോധിച്ച പട്ടികയിലുള്‍പ്പെടുന്നു.

പുസ്തകങ്ങളിലെ ഉള്ളടക്കം വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പൊതു സമാധാനത്തിനും രാജ്യത്തിന്റെ ഐക്യത്തിനും ഹാനികരവും ആക്ഷേപകരവുമായ ഉള്ളടക്കമാണ് ഇവയിലുള്ളതെന്ന് സർക്കാർ കണ്ടെത്തി.

ചരിത്രപരമായ വസ്‌തുതകൾ വളച്ചൊടിച്ചും, സുരക്ഷാ സേനയെ അപകീർത്തിപ്പെടുത്തിയും, അക്രമത്തെ പ്രോത്സാഹിപ്പിച്ചും യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്നതിൽ ഈ പ്രസിദ്ധീകരണങ്ങൾ വലിയ പങ്കുവഹിച്ചതായി അന്വേഷണങ്ങളിലും രഹസ്യാന്വേഷണ റിപ്പോർട്ടുകളിലും വ്യക്തമായതായി ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. 2023-ലെ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിലെ സെക്ഷൻ 98 പ്രകാരം, രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പൊതുസമാധാനത്തിനും ഭീഷണിയായതിനാൽ ഈ പുസ്തകങ്ങൾ കണ്ടുകെട്ടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

“ചില സാഹിത്യകൃതികൾ ജമ്മു കശ്മീരിൽ തെറ്റായ ആഖ്യാനങ്ങളും വിഘടനവാദവും പ്രചരിപ്പിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചരിത്രപരമോ രാഷ്ട്രീയപരമോ ആയ വ്യാഖ്യാനങ്ങൾ എന്ന വ്യാജേന ഇവ പ്രചരിപ്പിക്കുകയും, യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിലും ഭീകരവാദത്തെ മഹത്വവൽക്കരിക്കുന്നതിലും ഇന്ത്യൻ ഭരണകൂടത്തിനെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു,” വിജ്ഞാപനത്തിൽ പറയുന്നു.

പുസ്തകങ്ങളിലെ ഉള്ളടക്കം 2023-ലെ ഭാരതീയ ന്യായ സൻഹിതയിലെ 152, 196, 197 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ആകർഷിക്കുന്നതാണെന്നും സർക്കാർ വ്യക്തമാക്കി.

നിരോധിച്ച പുസ്തകങ്ങളുടെ പൂർണ്ണമായ പട്ടിക:

  1. Human Rights Violations in Kashmir – പിറ്റർ ബാൽസെറോവിച്ച്, ആഗ്നിസ്ക കുസെവ്സ്ക
  2. Kashmiri’s Fight for Freedom – മുഹമ്മദ് യൂസഫ് സറഫ്
  3. Colonizing Kashmir, State-Building under Indian Occupation – ഹഫ്സ കൻജ്വാൾ
  4. Kashmir Politics and Dr. Abdul Jabbar Qockhami – അബ്ദുൾ ജബ്ബാർ ഗുൽഷൻ
  5. Do You Remember Kunan Poshpora? – എസ്സാർ ബത്തൂൽ തുടങ്ങിയവർ
  6. Mujahid ki Azaan – ഇമാം ഹസൻ അൽ-ബന്ന
  7. Al Jihadul fil Islam – മൗലാനാ മൗദൂദി
  8. Independent Kashmir – ക്രിസ്റ്റഫർ സ്നെഡൻ
  9. Resisting Occupation in Kashmir – ഹേലി ഡുഷിൻസ്കി, മോണ ഇൻ ഭട്ട്, അതർ സിയ, സിന്തിയ മഹ്മൂദ്
  10. Between Democracy and Nation (Gender and Militarization in Kashmir) – സീമ കാസി
  11. Contested Lands – സുമന്ത്ര ബോസ്
  12. In Search of a Future (The Story of Kashmir) – ഡേവിഡ് ദേവദാസ്
  13. Kashmir In Conflict (India, Pakistan and the Unending War) – വിക്ടോറിയ ഷോഫീൽഡ്
  14. The Kashmir Dispute 1947-2012 – എ.ജി. നൂറാനി
  15. Kashmir at the Cross Roads (Inside a 21st Century Conflict) – സുമന്ത്ര ബോസ്
  16. A Dismantled State (The Untold Story of Kashmir after Article 370) – അനുരാധ ഭാസിൻ
  17. Resisting Disappearance (Military Occupation & Women’s Activism in Kashmir) – അതർ സിയ
  18. Confronting Terrorism – സ്റ്റീഫൻ പി കോഹൻ (എഡിറ്റഡ് ബൈ: മറൂഫ് റാസ)
  19. Freedom in Captivity (Negotiations of Belonging along Kashmiri Frontier) – രാധിക ഗുപ്ത
  20. Kashmir (The case for Freedom) – താരിഖ് അലി, ഹിലാൽ ഭട്ട്, അംഗന പി. ചാറ്റർജി, പങ്കജ് മിശ്ര, അരുന്ധതി റോയ്
  21. Azadi – അരുന്ധതി റോയ്
  22. USA and Kashmir – ഡോ. ഷംഷാദ് ഷാന്‍
  23. Law & Conflict Resolution in Kashmir – പിറ്റര്‍ ബാല്‍സെറോവിച്ച്, ആഗ്‌നിസ്‌ക കുസെവ്‌സ്‌ക
  24. Tarikh-i-Siyasat Kashmir – ഡോ. അഫാഖ്
  25. Kashmir & the future of South Asia – എഡിറ്റഡ് ബൈ: സുഗത ബോസ് & ആയിഷ ജലാല്‍

Related Stories