2035-ഓടെ ഇസ്‌ലാം ലോകത്തെ ഏറ്റവും വലിയ മതമാകും, ഹിന്ദു ജനസംഖ്യാ അനുപാതം കുറഞ്ഞേക്കാമെന്നും പഠനം
2020-നും 2070-നും ഇടയിൽ ആഗോള ജനസംഖ്യയിൽ 29 ശതമാനം വർദ്ധനവുണ്ടാകുമ്പോൾ, മുസ്‌ലിം ജനസംഖ്യ 80 ശതമാനവും ക്രൈസ്തവ ജനസംഖ്യ 30 ശതമാനവും വർദ്ധിച്ചേക്കാമെന്നും റിപ്പോർട്ടിലുണ്ട്.

2035-ഓടെ ക്രൈസ്തവ മതത്തെ മറികടന്ന് ഇസ്‌ലാം ലോകത്തെ ഏറ്റവും വലിയ മതമായി മാറുമെന്ന് പഠനം. അമേരിക്കയിലെ വാഷിംഗ്ടൺ ഡി.സി. ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഗവേഷണ സ്ഥാപനമായ പ്യൂ റിസർച്ച് സെന്റർ (Pew Research Center) ആണ് ഇക്കാര്യം പ്രവചിക്കുന്നത്.
മതപരിവർത്തനത്തേക്കാൾ ഉയർന്ന പ്രത്യുൽപ്പാദന നിരക്കാണ് ഈ ആഗോള ജനസംഖ്യാ മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020-നും 2025-നും ഇടയിൽ ഒരു മുസ്‌ലിം സ്ത്രീക്ക് ശരാശരി 3.1 കുട്ടികളും ക്രൈസ്തവ സ്ത്രീക്ക് 2.5 കുട്ടികളും എന്ന നിലയിലായിരുന്നു പ്രത്യുൽപ്പാദന നിരക്ക്; മറ്റുള്ളവരിൽ ഇത് ശരാശരി 1.6 ആണ്.
2020-ൽ ലോകത്ത് 227 കോടി ക്രൈസ്തവരും 202 കോടി മുസ്‌ലിംകളും ഉണ്ടായിരുന്നു എന്നാണ് പ്യൂ കണക്കാക്കുന്നത്. 2035-ഓടെ മുസ്‌ലിം ജനസംഖ്യ 257 കോടിയായും ക്രൈസ്തവ ജനസംഖ്യ 252 കോടിയായും മാറുമെന്നും, നിലവിലെ പ്രവണത തുടർന്നാൽ 2070-ഓടെ മുസ്‌ലിം ജനസംഖ്യ 360 കോടിയിലേറെയും ക്രൈസ്തവ ജനസംഖ്യ ഏകദേശം 300 കോടിയായും ഉയരുമെന്നുമാണ് പ്രവചനം. 2020-നും 2070-നും ഇടയിൽ ആഗോള ജനസംഖ്യയിൽ 29 ശതമാനം വർദ്ധനവുണ്ടാകുമ്പോൾ, മുസ്‌ലിം ജനസംഖ്യ 80 ശതമാനവും ക്രൈസ്തവ ജനസംഖ്യ 30 ശതമാനവും വർദ്ധിച്ചേക്കാമെന്നും റിപ്പോർട്ടിലുണ്ട്.
ഹിന്ദു, ജൂത ജനസംഖ്യയുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെങ്കിലും ആഗോള ജനസംഖ്യയിലെ അവരുടെ അനുപാതം കുറയാനാണ് സാധ്യത. ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലെ ജനസംഖ്യാ കുറവ് കാരണം ബുദ്ധമതക്കാരുടെ എണ്ണത്തിലും അനുപാതത്തിലും ഇടിവുണ്ടാകും. അതേസമയം, സബ്-സഹാറൻ ആഫ്രിക്കയിലാണ് വരും ദശകങ്ങളിൽ ഏറ്റവും വലിയ ജനസംഖ്യാ വളർച്ച പ്രതീക്ഷിക്കുന്നത്; 2070-ഓടെ ലോകത്തെ പകുതിയിലധികം ക്രൈസ്തവരും അവിടെയായിരിക്കുമെന്നും കോംഗോ ക്രൈസ്തവ ജനസംഖ്യയിൽ അമേരിക്കയെ മറികടന്നേക്കാമെന്നും റിപ്പോർട്ട് പറയുന്നു. 2070-ഓടെ ഏറ്റവും കൂടുതൽ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമായി പാകിസ്ഥാനും തൊട്ടുപിന്നിൽ ഇന്ത്യ, നൈജീരിയ, ഇന്തോനേഷ്യ എന്നിവയും മാറാം.
അമേരിക്കയിലും കാനഡയിലും ക്രൈസ്തവ ജനസംഖ്യയുടെ അനുപാതം കുറയുന്നതിന് പ്രധാന കാരണം മതവിശ്വാസമില്ലാത്തവരുടെ ('നൺസ്') എണ്ണത്തിലുള്ള വർദ്ധനവാണ്. 2065-ഓടെ അമേരിക്കയിലും 2030-ഓടെ കാനഡയിലും ക്രൈസ്തവർ 50 ശതമാനത്തിൽ താഴെയാകുമെന്നും, യൂറോപ്പിൽ ക്രൈസ്തവ ജനസംഖ്യ മൂന്നിലൊന്നായി കുറയുമ്പോൾ മുസ്‌ലിം ജനസംഖ്യ 6 ശതമാനത്തിൽ നിന്ന് 13 ശതമാനമായി ഉയർന്നേക്കാമെന്നും പ്യൂ വ്യക്തമാക്കുന്നു. അതേസമയം, ഈ മാറ്റങ്ങൾ മതങ്ങൾ തമ്മിലുള്ള സംഘർഷമായി ചിത്രീകരിക്കരുതെന്നും നിലവിൽ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലാണ് വളർച്ച കൂടുതലുണ്ടാകുകയെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Related Stories

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചെന്ന് ഡോണൾഡ് ട്രംപ്; അമേരിക്ക കീഴടങ്ങണമെന്ന് ഇറാൻ
web desk · 10 Nov 2026

‘ഭാര്യയെ വഞ്ചിച്ചു’: ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന യുവതിയുമായി പ്രണയബന്ധമെന്ന് സമ്മതിച്ച് എൻവിഡിയ മേധാവി, അന്വേഷണം
web desk · 9 Nov 2026

"തോൽക്കാൻ കാരണം ഇറാന് യുദ്ധം" റിപ്പബ്ലിക്കൻ തോൽവി ട്രംപിനെതിരെ ആയുധമാക്കി ജെഡി വാൻസ്
web desk · 5 Nov 2026

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്
News Desk · 28 Oct 2026
