അരിയിൽ ഷുക്കൂർ വധക്കേസ്; പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടു
2012 ഫെബ്രുവരി 20-ന് കണ്ണൂർ കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിന് സമീപമാണ് എംഎസ്എഫ് നേതാവും യൂത്ത് ലീഗ് പ്രവർത്തകനുമായിരുന്ന അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്.

2012-ലെ അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരെയും എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനെയും എറണാകുളം പ്രത്യേക സിബിഐ കോടതി വെറുതെവിട്ടു. ഗണേശൻ, ഉമേശൻ, നിതിൻ നാരായണൻ, സുധാകൻ, അജയകുമാർ തുടങ്ങി 18 പ്രതികൾക്കാണ് വിധിയിൽ ആശ്വാസം ലഭിച്ചത്. 2012 ഫെബ്രുവരി 20-ന് കണ്ണൂർ കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിന് സമീപമാണ് എംഎസ്എഫ് നേതാവും യൂത്ത് ലീഗ് പ്രവർത്തകനുമായിരുന്ന അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്.
അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും കല്യാശ്ശേരി എംഎൽഎയായിരുന്ന ടി.വി. രാജേഷും സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നായിരുന്നു സിബിഐ കണ്ടെത്തൽ. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുവരും കൊലപാതക ഗൂഢാലോചനയിൽ പങ്കാളികളായെന്നാണ് അന്വേഷണസംഘം ആരോപിച്ചിരുന്നത്. കേസിൽ യഥാക്രമം 32, 33 പ്രതികളായിരുന്നു ജയരാജനും രാജേഷും; ശ്യാംജിത്ത് 19-ാം പ്രതിയും.
സംഭവദിവസം ക്രിക്കറ്റ് കളിക്കിടെ പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഷുക്കൂറും സംഘവും ആക്രമിക്കപ്പെട്ടെന്നും കീഴറയിലെ വീട്ടിൽ അഭയം തേടിയ ഇവരെ മണിക്കൂറുകളോളം തടഞ്ഞുവെച്ച ശേഷം സമീപത്തെ വയലിലേക്ക് കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തിയെന്നുമാണ് കേസ് രേഖകളിലുള്ളത്. കൂടെയുണ്ടായിരുന്ന സാക്ഷി സക്കറിയ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.
ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ്, ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് 2016 ഫെബ്രുവരിയിൽ സിബിഐക്ക് കൈമാറിയത്. ആകെ 33 പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടുപേർ മരിച്ചതോടെ 31 പേരാണ് വിചാരണ നേരിട്ടത്; 2025 മെയ് അഞ്ചിന് ആരംഭിച്ച 17 മാസം നീണ്ട വിചാരണയിൽ 41 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.
Related Stories

"ബിജെപിയിലേക്ക് പോയത് തെറ്റായ തീരുമാനമായിപ്പോയി"; രാജിവെച്ച് പത്മജ വേണുഗോപാൽ, തിരിച്ചുവരവ് സ്വാഗതം ചെയ്ത് മുരളീധരൻ
web desk · 20 hours ago

അനധികൃത സ്വത്ത് സമ്പാദനം, കെ.എം. ഷാജിക്ക് ആശ്വാസം, കേസ് ഹൈക്കോടതി റദ്ദാക്കി
web desk · 23 hours ago

ഡിഎംകെ കേന്ദ്ര മന്ത്രി സഭയില്‍ ചേര്‍ന്നേക്കും?, വിളിക്കുന്ന ഏത് നിമിഷവും ഡല്‍ഹിയിലേക്കെത്താന്‍ എംപിമാര്‍ക്ക് ഇന്ത്യ സഖ്യത്തിന്റെ നിര്‍ദേശം
web desk · 1 day ago

റിപ്പോർട്ടർ ടിവി മാനേജ്മെന്റിനെതിരെ അപകീർത്തി ഉള്ളടക്കം; ഷാജൻ സ്കറിയക്ക് കോടതിയുടെ വിലക്ക്
web desk · 1 day ago
