Skip to content
Kerala

ദുർബല നിമിഷത്തിൽ ‘പിഎം ശ്രീ’ യില്‍ ഒപ്പിട്ടു പോയി, അത് ശരിയായില്ല, സമ്മതിച്ച് എല്‍ഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ

ടി.പി. രാമകൃഷ്ണന്റെ ഈ നിലപാട് നൂറുശതമാനം ശരിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു

W

web desk

Published on: 18 Nov 2026, 3:48 pm

ദുർബല നിമിഷത്തിൽ ‘പിഎം ശ്രീ’ യില്‍ ഒപ്പിട്ടു പോയി, അത് ശരിയായില്ല, സമ്മതിച്ച് എല്‍ഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ

കേന്ദ്ര സർക്കാരിന്റെ വിവാദ സ്കൂൾ വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’യിൽ എൽഡിഎഫ് സർക്കാർ അബദ്ധത്തിൽ ഒപ്പിട്ടുപോയതാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ബിആര്‍സി അധ്യാപകർ ഉൾപ്പെടെയുള്ളവർക്ക് ശമ്പളം കൊടുക്കേണ്ട സാഹചര്യം കൊണ്ടുമാത്രമാണ് അന്നത് സംഭവിച്ചതെന്നും, ആ നടപടി ശരിയായില്ലെന്നും അദ്ദേഹം കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ തുറന്നുസമ്മതിച്ചു. അന്ന് കോൺഗ്രസും മുസ്‌ലിം ലീഗും ഇതിനെ നഖശിഖാന്തം എതിർത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടി.പി. രാമകൃഷ്ണന്റെ ഈ നിലപാട് നൂറുശതമാനം ശരിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. തെറ്റുകൾ തിരുത്താനുള്ള ആർജവം ഇടതുപക്ഷത്തിനുണ്ടെന്നതിന്റെ തെളിവാണ് ഈ പ്രസ്താവനയെന്നും, പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ ഇടതുപക്ഷത്തിന് ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടിട്ട് ഒരു വർഷം പിന്നിടുമ്പോഴാണ് എൽഡിഎഫിന്റെ ഈ ഔദ്യോഗിക തിരുത്തൽ വരുന്നത്. ഫണ്ട് തടഞ്ഞുവെച്ചുള്ള കേന്ദ്രത്തിന്റെ സമ്മർദതന്ത്രത്തെത്തുടർന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രഹസ്യമായി നടന്ന ഈ ഒപ്പിടൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് സിപിഐയുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് പദ്ധതി നടപ്പാക്കുന്നത് മരവിപ്പിക്കുകയായിരുന്നു.

പദ്ധതിയെക്കുറിച്ച് പഠിക്കാൻ മുൻപ് വി. ശിവൻകുട്ടിയുടെ നേതൃത്വത്തിലും, നിലവിൽ എൻ. ഷംസുദ്ദീന്റെ നേതൃത്വത്തിലും മന്ത്രിസഭാ ഉപസമിതികൾ രൂപീകരിച്ചിരുന്നെങ്കിലും കോൺഗ്രസ് ഉൾപ്പെടെയുള്ളവരിൽനിന്ന് എതിർപ്പുകൾ ഉയർന്നതോടെ അന്തിമ റിപ്പോർട്ടുകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. നിലവിൽ സമവായത്തിന് കാത്തിരിക്കുന്ന ഈ സാഹചര്യത്തിലാണ് എൽഡിഎഫ് കൺവീനറുടെ പുതിയ വെളിപ്പെടുത്തൽ.

Related Stories