Skip to content
Kerala

റിപ്പോർട്ടർ ടിവി മാനേജ്‌മെന്റിനെതിരെ അപകീർത്തി ഉള്ളടക്കം; ഷാജൻ സ്കറിയക്ക് കോടതിയുടെ വിലക്ക്

റിപ്പോർട്ടർ ടിവി ഉടമകളുടെ പേരും ചിത്രങ്ങളും യാതൊരു കാരണവശാലും ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

W

web desk

Published on: 19 Nov 2026, 9:31 am

റിപ്പോർട്ടർ ടിവി മാനേജ്‌മെന്റിനെതിരെ അപകീർത്തി ഉള്ളടക്കം; ഷാജൻ സ്കറിയക്ക് കോടതിയുടെ വിലക്ക്

റിപ്പോർട്ടർ ടിവി മാനേജ്‌മെന്റിനെതിരെ അപകീർത്തികരമായ ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വിവാദ യൂട്യൂബർ ഷാജൻ സ്കറിയക്ക് കോടതിയുടെ വിലക്ക്. എറണാകുളം മുൻസിഫ് കോടതിയാണ് ഇത് സംബന്ധിച്ച സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. റിപ്പോർട്ടർ ടിവി മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി.

റിപ്പോർട്ടർ ടിവി ഉടമകളുടെ പേരും ചിത്രങ്ങളും യാതൊരു കാരണവശാലും ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ, അപകീർത്തികരമായ ഇത്തരം ഉള്ളടക്കങ്ങൾ മെറ്റ, ഗൂഗിൾ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിക്കരുതെന്നും കോടതി കർശന നിർദ്ദേശം നൽകി.

റിപ്പോർട്ടർ ടിവി മാനേജ്‌മെന്റ് ഉന്നയിച്ച ആക്ഷേപങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി ഇടക്കാല വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

സംഭവത്തിൽ റിപ്പോർട്ടർ ടിവി മാനേജ്‌മെന്റിന്റെ ഉപഹർജിയിൽ ഷാജൻ സ്കറിയയോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഇതിനൊപ്പം യൂട്യൂബ്, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളും മുൻസിഫ് കോടതിയിൽ മറുപടി നൽകണമെന്ന് ഉത്തരവിൽ നിർദ്ദേശിക്കുന്നു.

Related Stories