Skip to content
National

എഫ്.സി.ആർ.എ സ്വത്തുക്കൾ സർക്കാരിന് ഏറ്റെടുക്കാം; ഭേദഗതി ബിൽ ലോക്സഭയിൽ

വിദേശ സംഭാവനകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന സ്വത്തുക്കളിൽ കേന്ദ്ര സർക്കാരിന് കൂടുതൽ നിയന്ത്രണാധികാരം നൽകുന്ന വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ ലൈസൻസ് പുതുക്കാത്തതോ, ലൈസൻസ് റദ്ദാക്കപ്പെട്ടതോ ആയ സംഘടനകളുടെ വിദേശ സഹായം ഉപയോഗിച്ചുണ്ടാക്ക

N

News Desk

Published on: 27 Mar 2026, 10:48 am

എഫ്.സി.ആർ.എ സ്വത്തുക്കൾ സർക്കാരിന് ഏറ്റെടുക്കാം; ഭേദഗതി ബിൽ ലോക്സഭയിൽ

വിദേശ സംഭാവനകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന സ്വത്തുക്കളിൽ കേന്ദ്ര സർക്കാരിന് കൂടുതൽ നിയന്ത്രണാധികാരം നൽകുന്ന വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ ലൈസൻസ് പുതുക്കാത്തതോ, ലൈസൻസ് റദ്ദാക്കപ്പെട്ടതോ ആയ സംഘടനകളുടെ വിദേശ സഹായം ഉപയോഗിച്ചുണ്ടാക്കിയ ആസ്തികൾ ഇനിമുതൽ കേന്ദ്ര സർക്കാരിന് നേരിട്ട് ഏറ്റെടുക്കാമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിൽ ബിൽ സഭയിൽ അവതരിപ്പിച്ചത്.

പുതിയ നിയമ ഭേദഗതി പ്രകാരം ഏറ്റെടുക്കുന്ന ആസ്തികൾ വിൽക്കാനോ മറ്റ് സർക്കാർ വകുപ്പുകൾക്ക് കൈമാറാനോ കേന്ദ്രത്തിന് അധികാരമുണ്ടാകും. ഇതിലൂടെ ലഭിക്കുന്ന തുക സർക്കാരിന്റെ സഞ്ചിത നിധിയിലേക്ക് വകയിരുത്തും. ആസ്തിയുടെ യഥാർത്ഥ ഉടമസ്ഥരില്ലാതെ തന്നെ അവ കൈമാറ്റം ചെയ്യാൻ സർക്കാരിന് അനുവാദം നൽകുന്ന 14 ബി എന്ന പുതിയ വകുപ്പും നിയമത്തിലുണ്ട്. നിലവിൽ ഇത്തരം സ്വത്തുക്കൾ താൽക്കാലികമായി ഏറ്റെടുക്കാൻ മാത്രമാണ് സർക്കാരിന് അനുവാദമുള്ളതെങ്കിൽ, പുതിയ ഭേദഗതി ആസ്തികൾ സ്ഥിരമായി ഏറ്റെടുക്കാൻ സർക്കാരിനെ പ്രാപ്തമാക്കും.

ഭരണഘടനാപരമായ സംരക്ഷണമില്ലാതെ സർക്കാർ അനിയന്ത്രിതമായ അധികാരം കൈക്കലാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അത്യന്തം അപകടകരമായ നീക്കമാണിതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും, കേന്ദ്രത്തിന് അമിതാധികാരം നൽകുന്ന ബില്ലാണെന്ന് തൃണമൂൽ കോൺഗ്രസ് എം.പി പ്രതിമ മൊണ്ടലും വിമർശിച്ചു. വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനും ഉപയോഗിക്കുന്നതിനും കർശനമായ സമയപരിധി നിശ്ചയിക്കുന്നതും സംഘടനകളെ പ്രതിസന്ധിയിലാക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

എന്നാൽ, വിദേശ സംഭാവന ഉപയോഗിച്ച് നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്ക് മാത്രമാണ് ഈ ബിൽ ഭീഷണിയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. നിലവിൽ രാജ്യത്ത് 16,000 സംഘടനകൾക്ക് എഫ്.സി.ആർ.എ ലൈസൻസ് ഉണ്ടെന്നും, ഏകദേശം 22,000 കോടി രൂപ ഇവർ വർഷം തോറും സംഭാവനയായി സ്വീകരിക്കുന്നുണ്ടെന്നും സർക്കാർ സഭയെ അറിയിച്ചു. വിദേശ പണം ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇത്തരം കർശനമായ നിയമങ്ങൾ അനിവാര്യമാണെന്നാണ് കേന്ദ്ര നിലപാട്.

Related Stories