വോട്ട് കൊള്ള: തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
ബീഹാറിലെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലുമായി (Special Intensive Revision – SIR) ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ

ബീഹാറിലെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലുമായി (Special Intensive Revision – SIR) ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ല. എല്ലാ പാർട്ടികളെയും ഒരുപോലെയാണ് കാണുന്നത്,” അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി എല്ലാ രാഷ്ട്രീയ പാർട്ടികളും വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ പ്രത്യേക തീവ്രയത്ന പരിപാടി ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാതികൾ നൽകാൻ ഇനിയും അവസരം
വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ 28,370 പരാതികളും നിർദ്ദേശങ്ങളും ലഭിച്ചിട്ടുണ്ട്. ഇനിയും 15 ദിവസം കൂടി പരാതി നൽകാൻ അവസരമുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളും ബൂത്ത് ലെവൽ ഏജന്റുമാരും ഈ അവസരം ഉപയോഗിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
“ബൂത്ത് തലത്തിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാരും വോട്ടർമാരും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഈ യാഥാർത്ഥ്യങ്ങൾ ഒന്നുകിൽ രാഷ്ട്രീയ പാർട്ടികളിൽ എത്തുന്നില്ല, അല്ലെങ്കിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു,” ഗ്യാനേഷ് കുമാർ പറഞ്ഞു.
ആരോപണങ്ങൾക്ക് തെളിവ് വേണം
“ഒന്നര ലക്ഷം ആളുകൾക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ ഏഴ് ദിവസത്തിനകം തെളിവ് സഹിതം സത്യവാങ്മൂലം നൽകണം, അല്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയണം. സത്യവാങ്മൂലം നൽകിയില്ലെങ്കിൽ ആരോപണങ്ങൾ തെറ്റാണെന്ന് കണക്കാക്കും,” അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിലെ പിഴവുകളും വോട്ട് മോഷണവും രണ്ടായി കാണണം. ഒരാൾക്ക് ഒരു വോട്ട് മാത്രമേ ചെയ്യാനാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിദേശ പൗരന്മാർ (ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ) പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, വിശദമായ പരിശോധന നടത്തുമെന്നും ഇന്ത്യൻ പൗരന്മാരല്ലാത്തവരെ കണ്ടെത്തിയാൽ പട്ടികയിൽ നിന്ന് നീക്കം ചെയ്യുമെന്നും അദ്ദേഹം മറുപടി നൽകി.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഫോം 6, പേര് ഒഴിവാക്കുന്നതിനെതിരെ പരാതി നൽകാൻ ഫോം 7, വിവരങ്ങളിൽ തിരുത്തൽ വരുത്താൻ ഫോം 8 എന്നിവയാണ് ഉപയോഗിക്കേണ്ടതെന്നും കമ്മീഷൻ അറിയിച്ചു.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 3 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
