Skip to content
International

അന്യായമായി തടങ്കലില്‍ വെച്ചു: ട്രംപിനെതിരെ 166 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മഹ്മൂദ് ഖലീലിന്റെ കേസ്

ന്യൂയോര്‍ക്ക്: മൂന്നു മാസത്തിലേറെ അന്യായമായി തടങ്കലില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീല്‍, ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിനെതിരെ 20 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തു. ട്രംപ് ഭരണകൂടം തന്റെ പ്രശസ്തിക്ക് കളങ്കം വരുത്തിയെന്നും, ദുരുദ്ദേശ്യപരമായി നിയമനടപടികള്‍ക്ക

N

News Desk

Published on: 11 Jul 2025, 11:39 am

അന്യായമായി തടങ്കലില്‍ വെച്ചു: ട്രംപിനെതിരെ 166 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മഹ്മൂദ് ഖലീലിന്റെ കേസ്

ന്യൂയോര്‍ക്ക്: മൂന്നു മാസത്തിലേറെ അന്യായമായി തടങ്കലില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീല്‍, ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിനെതിരെ 20 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തു. ട്രംപ് ഭരണകൂടം തന്റെ പ്രശസ്തിക്ക് കളങ്കം വരുത്തിയെന്നും, ദുരുദ്ദേശ്യപരമായി നിയമനടപടികള്‍ക്ക് വിധേയനാക്കിയെന്നും, നിയമവിരുദ്ധമായി തടവിലിട്ടെന്നും വ്യാഴാഴ്ച സമര്‍പ്പിച്ച ഹര്‍ജിയില്‍ ഖലീല്‍ ആരോപിക്കുന്നു.

യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി, ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. ‘അവര്‍ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുകയാണ്, കാരണം തങ്ങളെ ആര്‍ക്കും തൊടാനാവില്ലെന്നാണ് അവരുടെ വിചാരം,’ ഖലീല്‍ അസോസിയേറ്റഡ് പ്രസ്സിന് (ഏപി) നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഇത്തരം പ്രവൃത്തികള്‍ക്ക് ഒരു ഉത്തരവാദിത്തം ഉണ്ടാകുമെന്ന് അവര്‍ക്ക് തോന്നുന്നില്ലെങ്കില്‍, ഇത് യാതൊരു നിയന്ത്രണവുമില്ലാതെ തുടരും.’

തനിക്ക് ലഭിക്കുന്ന ഏത് തുകയും, ട്രംപ് നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്ന മറ്റ് ആക്ടിവിസ്റ്റുകളെ സഹായിക്കാന്‍ ഉപയോഗിക്കുമെന്ന് ഖലീല്‍ പറഞ്ഞു. കൊളംബിയ സര്‍വകലാശാലയിലെ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ മുഖ്യ വക്താക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.

എന്താണ് സംഭവിച്ചത്?

സിറിയയിലെ ഡമാസ്‌കസില്‍ പലസ്തീനിയന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച ഖലീല്‍, 2023 ഒക്ടോബറില്‍ ഗാസയില്‍ ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്കയിലെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രസ്ഥാനത്തിന്റെ മുഖങ്ങളിലൊന്നായി മാറി. പ്രതിഷേധങ്ങളെ ജൂതവിരുദ്ധമെന്ന് മുദ്രകുത്തി അടിച്ചമര്‍ത്തുമെന്നും, വിദേശ പൗരന്മാരെ നാടുകടത്തുമെന്നും പ്രഖ്യാപിച്ചായിരുന്നു ട്രംപിന്റെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം.

‘അമേരിക്കയോട് ശത്രുതാപരമായ മനോഭാവം പുലര്‍ത്തുന്നു’ എന്ന് കരുതുന്ന വിദേശ പൗരന്മാരെ നാടുകടത്താന്‍ വഴിയൊരുക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ ട്രംപ് അധികാരമേറ്റതിന് പിന്നാലെ പുറപ്പെടുവിച്ചിരുന്നു. ‘ജിഹാദിസ്റ്റ് അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്ത എല്ലാ താമസക്കാരായ വിദേശികള്‍ക്കും ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു: 2025-ല്‍ ഞങ്ങള്‍ നിങ്ങളെ കണ്ടെത്തും, നിങ്ങളെ നാടുകടത്തും,’ ട്രംപ് അന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഈ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യത്തെ പ്രധാന അറസ്റ്റായിരുന്നു മഹ്മൂദ് ഖലീലിന്റേത്. മാര്‍ച്ച് 8-ന് ന്യൂയോര്‍ക്കിലെ യൂണിവേഴ്‌സിറ്റി അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് മഫ്തിയിലെത്തിയ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഖലീലിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ ഭാര്യ നൂര്‍ അബ്ദുള്ള പകര്‍ത്തിയിരുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂജേഴ്സിയിലേക്കും പിന്നീട് ലൂസിയാനയിലെ ലസാലെ ഡിറ്റന്‍ഷന്‍ സെന്ററിലേക്കും അദ്ദേഹത്തെ മാറ്റി.

നിയമപോരാട്ടം

ഖലീലിന്റെ നാടുകടത്തല്‍ ന്യായീകരിക്കാന്‍, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ 1952-ലെ ഇമിഗ്രേഷന്‍ നിയമത്തിലെ അപൂര്‍വ്വമായി ഉപയോഗിക്കുന്ന ഒരു വ്യവസ്ഥയാണ് ചൂണ്ടിക്കാട്ടിയത്.

ഖലീലിന്റെ അറസ്റ്റിന് തൊട്ടുപിന്നാലെ, അദ്ദേഹം ഹമാസുമായി ബന്ധമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി എന്ന് ആരോപിച്ച് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് പ്രസ്താവനയിറക്കി. ട്രംപ് ഖലീലിനെ ‘തീവ്രവാദ അനുഭാവിയായ വിദേശ വിദ്യാര്‍ത്ഥി’ എന്നും വിശേഷിപ്പിച്ചു. എന്നാല്‍, ട്രംപ് ഭരണകൂടം ഖലീലിന്റെ അഭിപ്രായ സ്വാതന്ത്ര്യം എന്ന ഭരണഘടനാപരമായ അവകാശം ലംഘിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചു.

ജൂണ്‍ 20-ന് ന്യൂജേഴ്സിയിലെ ഒരു ജഡ്ജി ഖലീലിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. തടവിലായിരുന്ന സമയത്ത് അദ്ദേഹം ഒരു പിതാവാകുകയും ചെയ്തിരുന്നു. ഖലീലിനെ കൂടാതെ മറ്റ് നിരവധി വിദേശ വിദ്യാര്‍ത്ഥികളെയും പലസ്തീന്‍ അനുകൂല നിലപാടുകളുടെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു.

Related Stories