Skip to content
International

ആറു വയസ്സുളള മകനെ കൊലപ്പെടുത്തി ഇന്ത്യയിൽ ഒളിവിൽ കഴിഞ്ഞു; എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റിലെ യുവതി അറസ്റ്റിൽ

ആറു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം വിചാരണ ഭയന്ന് ഇന്ത്യയിലേക്ക് കടന്ന് ഒളിവിൽ കഴിഞ്ഞിരുന്ന യുവതിയെ എഫ്ബിഐ അറസ്റ്റ് ചെയ്തു. ഏജൻസിയുടെ ”മോസ്റ്റ് വാണ്ടഡ് 10 പിടികിട്ടാപ്പുള്ളികളുടെ’ പട്ടികയിൽ ഉൾപ്പെട്ട സിൻഡി റോഡ്രിഗസ് സിങ് (40) ആണ് പിടിയിലായത്. ഇന്ത്യൻ അധികൃതരുടെയും ഇന്റർപോളിന്റെയും സഹകരണത്തോടെയ

N

News Desk

Published on: 21 Aug 2025, 11:12 am

ആറു വയസ്സുളള മകനെ കൊലപ്പെടുത്തി ഇന്ത്യയിൽ ഒളിവിൽ കഴിഞ്ഞു; എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റിലെ യുവതി അറസ്റ്റിൽ

ആറു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം വിചാരണ ഭയന്ന് ഇന്ത്യയിലേക്ക് കടന്ന് ഒളിവിൽ കഴിഞ്ഞിരുന്ന യുവതിയെ എഫ്ബിഐ അറസ്റ്റ് ചെയ്തു. ഏജൻസിയുടെ ”മോസ്റ്റ് വാണ്ടഡ് 10 പിടികിട്ടാപ്പുള്ളികളുടെ’ പട്ടികയിൽ ഉൾപ്പെട്ട സിൻഡി റോഡ്രിഗസ് സിങ് (40) ആണ് പിടിയിലായത്.

ഇന്ത്യൻ അധികൃതരുടെയും ഇന്റർപോളിന്റെയും സഹകരണത്തോടെയാണ് എഫ്ബിഐ സിൻഡിയെ ഇന്ത്യയിൽ വെച്ച് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ അമേരിക്കയിലെത്തിച്ച് ടെക്സസ് അധികൃതർക്ക് കൈമാറി. ഏഴു മാസത്തിനിടെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിൽ നിന്ന് പിടികൂടുന്ന നാലാമത്തെയാളാണ് സിൻഡിയെന്നും, ഇന്ത്യൻ അധികൃതരുടെ സഹകരണത്തിന് നന്ദിയുണ്ടെന്നും എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ ബുധനാഴ്ച എക്‌സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) കുറിച്ചു.

കേസിൻ്റെ പശ്ചാത്തലം

2022 ഒക്ടോബർ മുതൽ കാണാതായ, ഭിന്നശേഷിക്കാരനായ മകൻ നോയൽ റോഡ്രിഗസ്-അൽവാരസിനെക്കുറിച്ച് അന്വേഷിക്കാൻ 2023 മാർച്ചിൽ ടെക്സസിലെ അധികൃതർ സിൻഡിയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ, കുട്ടി 2022 നവംബർ മുതൽ മെക്സിക്കോയിൽ പിതാവിനൊപ്പമാണെന്ന് സിൻഡി കള്ളം പറഞ്ഞു.

രണ്ടു ദിവസത്തിനു ശേഷം, ഇന്ത്യൻ വംശജനായ ഭർത്താവിനും മറ്റ് ആറ് മക്കൾക്കുമൊപ്പം സിൻഡി ഇന്ത്യയിലേക്ക് വിമാനം കയറി. എന്നാൽ, കാണാതായ നോയൽ ഇവർക്കൊപ്പം ഉണ്ടായിരുന്നില്ല. ഗുരുതരമായ ശ്വാസകോശ രോഗവും എല്ലുകൾക്ക് ബലക്കുറവും ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന കുട്ടിയായിരുന്നു നോയൽ.

2023 ഒക്ടോബറിൽ ടെക്സസ് കോടതി സിൻഡിക്കെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തി. പത്ത് വയസ്സിൽ താഴെയുള്ള കുട്ടിയെ കൊലപ്പെടുത്തിയെന്ന ഗുരുതരമായ കുറ്റവും നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ രാജ്യം വിട്ടെന്ന കുറ്റവുമാണ് സിൻഡിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Stories