Skip to content
Opinion

ഉമാ തോമസിനെ മത്സരിപ്പിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്, പറയാതെ വയ്യ ആ പാര്‍ട്ടി ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണിത്‌

ബിനോ കൊഴുവല്ലൂർ തൃക്കാക്കരയിൽ ഉമാ തോമസിനെ വീണ്ടും മത്സരിപ്പിക്കാൻ പോകുന്നു എന്ന് കേൾക്കുന്നു. കോൺഗ്രസ് നേതൃത്വം സ്വന്തം പാർട്ടിയോടും അണികളോടും ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നാണ് ഇതെന്ന് പറയാതെ വയ്യ. കാരണം പി ടി തോമസ് മരണപ്പെട്ടതിനുശേഷം ഏതെങ്കിലും ഒരു കോൺഗ്രസ് പ്രവർത്തകന് കൊടുക്കാവുന്നതായിരുന്

N

News Desk

Published on: 3 Mar 2026, 11:03 am

ഉമാ തോമസിനെ മത്സരിപ്പിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്, പറയാതെ വയ്യ ആ പാര്‍ട്ടി ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണിത്‌
ബിനോ കൊഴുവല്ലൂർ 
തൃക്കാക്കരയിൽ ഉമാ തോമസിനെ വീണ്ടും മത്സരിപ്പിക്കാൻ പോകുന്നു എന്ന് കേൾക്കുന്നു. കോൺഗ്രസ് നേതൃത്വം സ്വന്തം പാർട്ടിയോടും അണികളോടും ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നാണ് ഇതെന്ന് പറയാതെ വയ്യ. കാരണം പി ടി തോമസ് മരണപ്പെട്ടതിനുശേഷം ഏതെങ്കിലും ഒരു കോൺഗ്രസ് പ്രവർത്തകന് കൊടുക്കാവുന്നതായിരുന്നു ആ സീറ്റ്. തൃക്കാക്കര കോൺഗ്രസിന് നല്ല വിജയ സാധ്യതയുള്ള മണ്ഡലമാണ്.
ആ ജില്ലയിൽ പ്രവർത്തിച്ചുവന്ന ഒരുപാട് നേതാക്കൾ ഉള്ളപ്പോൾ തന്നെ പി ടി തോമസിനോടുള്ള ആദരസൂചകമായി പൊതുപ്രവർത്തനരംഗത്ത് ഇല്ലാത്ത അദ്ദേഹത്തിൻറെ പത്നിയെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനിച്ചത്.
എന്തായാലും ജനങ്ങൾ ആ തീരുമാനം അംഗീകരിച്ചു. ഉമ തോമസിനെ ജയിപ്പിച്ചു. ഈ നിയമസഭ കാലാവധി തീരുന്നത് വരെ മാത്രമാണ് അവസരം എന്ന് അന്ന് എതിർ ശബ്ദമുയർത്തിയവരോടെല്ലാം പാർട്ടി പറഞ്ഞിരുന്നു.
അടുത്ത തിരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. കോൺഗ്രസിന്റെ എംഎൽഎമാരുടെ കൂട്ടത്തിൽ ഉമാ തോമസിന്റെ പെർഫോമൻസ് അത്ര മികച്ചത് ഒന്നുമല്ല. അത് അവരുടെ കുറ്റം അല്ല. അവർക്ക് പൊതുപ്രവർത്തന പാരമ്പര്യം ഇല്ലാത്തതിന്റെ പ്രശ്നമാണ്. ഒരു സാധാരണ വീട്ടമ്മയെ ഒരു സുപ്രഭാതത്തിൽ കൊണ്ടുവന്ന് എംഎൽഎ ആക്കുകയാണ് കോൺഗ്രസ് അന്ന് ചെയ്തത്.
ഇപ്പോൾ അപകടത്തെ തുടർന്ന് ആവശ്യത്തിലേറെ ആരോഗ്യ പ്രശ്നങ്ങളും അവർക്കുണ്ട്. ഇനി വിശ്രമജീവിതം നയിക്കാൻ അവരെ അനുവദിക്കണം.
ഉമാ തോമസിനെ മാറ്റിയാൽ അവിടെ യാതൊരുവിധ പ്രതിഷേധവും ഉണ്ടാകാൻ പോകുന്നില്ല. ഒരു പൊതുപ്രവർത്തക അല്ലാത്തതുകൊണ്ട് തന്നെ നിരവധി തവണ അനുചിത പരാമർശങ്ങൾ നടത്തി അവർ പാർട്ടിയെ പ്രതിരോധത്തിലും ആക്കിയിട്ടുണ്ട്. ആർക്കാണ് ഇത്ര ധൃതി? എന്ന വാചകം കോൺഗ്രസിന്റെ നെറുകയിൽ അടിച്ച ആണിയായിരുന്നു. അതിനേക്കാൾ ഏറ്റവും വിഷമം തോന്നിയത് എൻറെ വീട്ടിലെ പെൺകുട്ടികൾ എങ്ങനെ കെഎസ്‌യുവിൽ പ്രവർത്തിക്കും എന്ന വിഡ്ഢി ചോദ്യവുമായി ഒരു സംഘടനയെ മുഴുവൻ അപമാനിച്ചപ്പോഴാണ് ‘ ആ പരാമർശത്തിൽ ഇതുവരെയും ഉമാ തോമസ് മാപ്പ് പറഞ്ഞിട്ടില്ല എന്നതും ചിന്തിക്കേണ്ടതാണ്.
പറഞ്ഞുവന്നത്, ദീപ്തി മേരി വർഗീസ്,മുഹമ്മദ് ഷിയാസ്,അബിൻ വർക്കി, ജിൻ്റോ ജോൺ, രാജു പി നായർ തുടങ്ങി ഈ പാർട്ടിക്ക് വേണ്ടി വിവിധ തലങ്ങളിൽ പ്രവർത്തിച്ച് മുന്നിലേക്ക് വന്ന ഒരുകൂട്ടം നേതാക്കൾ ഇതുവരെയും സീറ്റുകൾ കിട്ടാതെ ആ ജില്ലയിൽ തന്നെ നിൽക്കുമ്പോൾ അവരെയൊന്നും തൃക്കാക്കരയിലേക്ക് പരിഗണിക്കാതെ ഭർത്താവ് പാർട്ടി നേതാവായിരുന്നു എന്നതിൻറെ പേരിൽ രണ്ടാം തവണയും ഉമ തോമസിനെ പരിഗണിക്കുന്നത് ഈ പാർട്ടി ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ് ‘
ബെന്നി ബഹനാന് സീറ്റ് നിഷേധിച്ചപ്പോൾ പോലും തൃക്കാക്കരയിൽ ഒന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഉമാ തോമസിനെ മാറ്റിനിർത്തി പാർട്ടി പ്രവർത്തന പാരമ്പര്യമുള്ള ഏതെങ്കിലും നേതാക്കൾക്ക് സീറ്റ് കൊടുക്കാൻ നേതൃത്വം തയ്യാറാകണം.
സ്വന്തം അണികളോടും പ്രസ്ഥാനത്തിനോടും ഇപ്പോൾ ഉള്ള നേതൃത്വം കൂറ് പുലർത്തും എന്ന ശുഭപ്രതീക്ഷ ഇപ്പോഴും കൈവിടുന്നില്ല.

Related Stories