Skip to content
Opinion

ഉസ്താദിനെയും മലയാളി മുസ്‌ലിംകളെയും പടച്ചവന്‍ കാക്കട്ടെ

മാധ്യമ പ്രവര്‍ത്തകന്‍ റഷീദുദ്ദീന്‍ അല്‍പറ്റ എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് മലയാളിയുടെ പൊതുബോധം യഥാര്‍ഥത്തില്‍ എന്താണ്? 25 വര്‍ഷത്തോളം ഉത്തരേന്ത്യയില്‍ ജീവിച്ച എനിക്ക് മനസ്സിലായത് അവിടെയുള്ള സാധാരണക്കാരുമായി തുലനം ചെയ്താല്‍ അങ്ങേയറ്റം പരിതാപകരമാണ് കേരളീയ സങ്കല്‍പ്പങ്ങളെന്നാണ്. ഉത്തരേന്ത്യക്കാരുടെ വര്‍

N

News Desk

Published on: 16 Jul 2025, 3:07 pm

ഉസ്താദിനെയും മലയാളി മുസ്‌ലിംകളെയും പടച്ചവന്‍ കാക്കട്ടെ
മാധ്യമ പ്രവര്‍ത്തകന്‍ റഷീദുദ്ദീന്‍ അല്‍പറ്റ എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ്
മലയാളിയുടെ പൊതുബോധം യഥാര്‍ഥത്തില്‍ എന്താണ്? 25 വര്‍ഷത്തോളം ഉത്തരേന്ത്യയില്‍ ജീവിച്ച എനിക്ക് മനസ്സിലായത് അവിടെയുള്ള സാധാരണക്കാരുമായി തുലനം ചെയ്താല്‍ അങ്ങേയറ്റം പരിതാപകരമാണ് കേരളീയ സങ്കല്‍പ്പങ്ങളെന്നാണ്. ഉത്തരേന്ത്യക്കാരുടെ വര്‍ഗീയത വലിയൊരളവവോളം അവരുടെ ജീവിതാനുഭവങ്ങളില്‍ നിന്നും ഉണ്ടായതാണ്. ഹിന്ദുക്കളും മുസ്‌ലിംകളും ഒരെറ്റ ഗലിയില്‍ തിങ്ങിപ്പാര്‍ക്കുന്ന അപൂര്‍വ്വം പ്രദേശങ്ങളേ അവിടെയുള്ളൂ. മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും വെവ്വേറെയാണ് തീനും കുടിയുമൊക്കെ. അുകൊണ്ടു തന്നെ അപരനെ കുറിച്ച അനുഭവങ്ങള്‍ അവര്‍ക്ക് താരതമ്യേന കുറവാണ്. ദല്‍ഹി കലാപകാലത്ത് എന്റെയൊപ്പം സഞ്ചരിച്ച ഒരു ടാക്‌സി ഡ്രൈവര്‍ പറഞ്ഞ കഥയുണ്ട്. ആളൊരു പഞ്ചാബി ഹിന്ദുവാണ്. അദ്ദേഹം പറഞ്ഞത് മുസ്‌ലിംകള്‍ എല്ലാവരും നല്ലവരായിരിക്കുമെന്നാണ്. ഒരു കൗതുകത്തിന് ഞാന്‍ ചോദിച്ചു. എങ്ങനെയാണത് താങ്കള്‍ക്ക് തീര്‍ച്ച പറയാനാവുന്നത്? ഞാന്‍ താമസിക്കുന്ന വീട്ടിന്റെ താഴത്തെ നിലയില്‍ ഒരാളുണ്ട്. അയാളാണ് കലാപത്തിനടയില്‍ കുടുങ്ങിയ ഞങ്ങളെ രക്ഷപ്പെടുത്തിയത്. തന്റെ സ്വകാര്യമായ അനുഭവത്തില്‍ നിന്നും അയാള്‍ ഒരു സമൂഹത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു അന്നവിടെ. കൂട്ടത്തില്‍ ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. പത്രങ്ങള്‍ വായിക്കാനറിയാത്ത, വീടുകളില്‍ ടെലിവിഷന്‍ വെച്ചിട്ടില്ലാത്ത എല്ലാ ഉത്തരേന്ത്യന്‍ ഗ്രാമീണരും നല്ലവരാണെന്നാണ് ഈ ടാക്‌സി ഡ്രൈവറെ പോലെ എനിക്കും തോന്നിയിട്ടുള്ളത്.
എന്നാല്‍ മലയാളികളുടെ കാര്യമോ? കേരളത്തില്‍ ഒരു കുടുംബമെങ്കിലും മുസ്‌ലിംകളില്ലാത്ത വില്ലേജുകള്‍ വിരലിലെണ്ണാവുന്നവയേ കാണൂ. അങ്ങാടിയില്‍, സ്‌കൂളുകളില്‍, ആശുപത്രികളില്‍ എവിടെയാണ് ഒരു മുസ്‌ലിമിനെ കാണാന്‍ കഴിയാത്ത ടൗണുകള്‍ കേരളത്തിലുള്ളത്? ഈ ആളുകളില്‍ നിന്നും സമുദായമെന്ന നിലയില്‍ മറ്റുള്ളവരില്‍ നിന്നില്ലാത്ത എന്ത് ദുരനുഭവമാണ് മലയാളികള്‍ക്കുള്ളത്? എന്നിട്ടും മലയാളികള്‍ അവരുടെ അയല്‍ക്കാരനായ നല്ല മുസ്‌ലമിനെ തിരിച്ചറിയുന്നത് ചില ഇടവേളകളില്‍ മാത്രമാണ്. മലയാളിയുടെ മനസ്സില്‍ ഇരുട്ടറകളുണ്ടാക്കി മുസ്‌ലിമിനെയും അവന്‍ ജീവിക്കുന്ന പ്രദേശങ്ങളെയും പേടിപ്പെടുത്തുന്ന പ്രതീകങ്ങളായി നിലനിര്‍ത്താന്‍ ചിലര്‍ ഓവര്‍ടൈം പണിയെടുക്കുന്നതിന്റെ തുടര്‍ച്ചയാണിത്. മുസ്‌ലിംകളെ കുറിച്ച പ്രതിഛായ പഴയ മണെ്ണണ്ണ വിളക്കിന്റെ ചില്ലു പോലെയാണ്. അവരത് ഇടക്കിടെ കഴുകിക്കൊണ്ടേയിരിക്കണം.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ടെ ഓവുചാലില്‍ വീണ ഒരു അന്യനാട്ടുകാരന്‍ തൊഴിലാളിയെ രക്ഷിക്കാനിറങ്ങി സ്വജീവന്‍ നഷ്ടപ്പെടുത്തിയ യുവാവിന്റെ പേര് നൗഷാദ് എന്നായിരുന്നു. അയാളെ കുറിച്ച ഓര്‍മ്മകള്‍ ഒരു നൊമ്പരമായി കുറച്ചു ദിവസങ്ങള്‍ മലയാളിയുടെ മനസ്സില്‍ തങ്ങി നിന്നു. പിന്നീടെപ്പോഴോ വെള്ളാപ്പള്ളി ആ ഓര്‍മ്മകള്‍ക്കു മേല്‍ മലാഭിഷേകം നടത്തി പൊതുബോധത്തെ പഴയ ഇരുട്ടറയിലേക്ക് തന്നെ മടക്കിയെത്തിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വെള്ളപ്പൊക്കം വന്നു. അന്നും മലയാളി മതസൗഹാര്‍ദ്ദത്തെ കുറിച്ച് വാചാലനായി. കോഴിക്കോട്ട് വിമാന അപകടമുണ്ടായപ്പോള്‍ കൊണ്ടോട്ടി എന്ന മലപ്പുറത്തെ പട്ടണത്തിനായി പ്രശംസ. ഭീകരര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്ന അന്താരാഷ്ട്ര സ്വര്‍ണകടത്ത് സംഘത്തിന്റെ പ്രിയപ്പെട്ട വിമാനത്താവളമായി പിന്നീടത് ചിത്രീകരിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജൂലൈയിലെ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയ ഡ്രൈവര്‍ അര്‍ജുനനു വേണ്ടി കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി പുഴയുടെ തീരത്ത് 71 ദിവസം ഊണും ഉറക്കവുമിളച്ച് കാത്തിരുന്ന ലോറിയുടമ മനാഫ് മലയാളിയുടെ കണ്ണിലുണ്ണിയായി. മൃതദേഹം കിട്ടിയതിനു ശേഷം ഇനി ജീവിതത്തില്‍ മറ്റൊരാളെ സഹായിക്കാന്‍ മനാഫിനു തോന്നാത്ത മട്ടിലുള്ള അപവാദങ്ങള്‍ പ്രചരിപ്പിക്കാനും ആളുണ്ടായി. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ കാലത്തും എത്രയോ മുസ്‌ലിം സംഘടനകള്‍ ദുരിത ബാധിതരുടെ കണ്ണീരൊപ്പാന്‍ അവിടെ മാസങ്ങളോളം കെട്ടിക്കിടന്നു. എന്നിട്ടൊടുവില്‍ സര്‍ക്കാര്‍ തന്നെ അവരെ ആട്ടിയോടിക്കുന്നതിനും കേരളം സാക്ഷികളായി.
മുമ്പൊരിക്കല്‍ ഇതേ യമനില്‍ നിന്നും ഫാദര്‍ ടോം ഉഴുന്നാലിനെ ആദരണീയനായ മുന്‍ കേന്ദ്ര മന്ത്രി ഇ.അഹമ്മദ് രക്ഷിച്ചു കൊണ്ടുവന്നതോര്‍ക്കുക. അദ്ദേഹം അന്ന് അധികാരത്തില്‍ ഉണ്ടായിരുന്നില്ല. മാനുഷിക ബന്ധങ്ങള്‍ക്ക് രാഷ്ട്രീയത്തിനപ്പുറം പ്രധാന്യം നല്‍കിയ സംഭവമായിരുന്നു അതും. അതിനു ശേഷം അഹമ്മദിനെ പുഛിക്കാനും അദ്ദേഹത്തിന മാത്രം സാധ്യമായ ആ നീക്കത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുമൊക്കെ പലരും രംഗത്തു വരികയും ചെയ്തു. ഇതിപ്പോള്‍ പറയുന്നതിനൊരു കാരണമുണ്ട്. നിമിഷ പ്രിയ കേസില്‍ കാന്തപുരം ഇടപെട്ടതില്‍ അദ്ദേഹത്തോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിച്ചു കൊണ്ടു തന്നെ ഒരു കാര്യം സൂചിപ്പിക്കട്ടെ. ഉദാത്തമായ മാനവിക ബോധത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം അത് ചെയ്തത്. കാന്തപുരം ഉസ്താദിന്റെ നീക്കം കൊണ്ട് വധശിക്ഷയുടെ നിമിഷയുടെ ശിക്ഷാതീയതി മാറ്റിവെക്കപ്പെടുക മാത്രമാണ് ഇപ്പോഴുണ്ടായത്. നിലവില്‍ അതൊരു നല്ല നീക്കമായി മനസ്സിലാക്കപ്പെടുന്നുണ്ട്. എന്നാല്‍, മുസ്‌ലിംകളുടെ മതബോധവും ദീനാനുകമ്പയുമൊക്കെ പൊതുസമൂഹത്തിന് തിരിച്ചറിയാന്‍ അവസരമൊരുങ്ങുക എന്നത് കേരളത്തിന്റെ രാഷ്ട്രീയ പൊതുബോധമനുസരിച്ച് അത്ര നല്ല കാര്യമൊന്നുമല്ല. ആദരണീയനായ ഉസ്താദിനെ നീക്കം പരാജയപ്പെട്ടാല്‍ ഇരുട്ടിന്റെ ആത്മാക്കള്‍ ആര്‍ത്തട്ടഹസിച്ച് ചാടിവീഴുന്നതും ആ പാവം പണ്ഡിതനെ കടിച്ചു കീറുന്നതും നമ്മള്‍ തന്നെ കാണേണ്ടി വരും. അതുകൊണ്ട് തന്നെ നിമിഷ പ്രിയയുടെ ശിക്ഷ അന്തിമമായി ഇളവ് ചെയ്തു കിട്ടാനുള്ള ഉസ്താദിന്റെ നീക്കം വിജയിക്കാനായി പ്രാര്‍ഥിക്കുക. ഇപ്പോഴത്തെ താല്‍ക്കാലിക ശിക്ഷാ ഇളവിനെ വല്ലാതെ ആഘോഷിക്കാതിരിക്കുക.

Related Stories