Skip to content
International

ഇസ്രയേല്‍ സൈനികളെ തട്ടിക്കൊണ്ടുപോകാന്‍ ഹമാസിന്റെ സര്‍പ്രൈസ് നീക്കം, സൈനികന്‍ കൊല്ലപ്പെട്ടു

തെക്കന്‍ ഗാസയില്‍ ഹമാസ് പോരാളികളുടെ സര്‍പ്രൈസ് നീക്കം. ഇസ്രയേല്‍ സൈനികനെ തട്ടിക്കൊണ്ടുപോകാന്‍ ആണ് ഹമാസ് പോരാളികള്‍ നീക്കം നടത്തിയത്. എന്നാല്‍ ഈ ശ്രമം പൂര്‍ണ്ണമായും വിജയിച്ചില്ല. തട്ടികൊണ്ട് പോകല്‍ ശ്രമത്തിനിടെ ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. സൈനികന്റെ

N

News Desk

Published on: 10 Jul 2025, 2:24 pm

ഇസ്രയേല്‍ സൈനികളെ തട്ടിക്കൊണ്ടുപോകാന്‍ ഹമാസിന്റെ സര്‍പ്രൈസ് നീക്കം, സൈനികന്‍ കൊല്ലപ്പെട്ടു

തെക്കന്‍ ഗാസയില്‍ ഹമാസ് പോരാളികളുടെ സര്‍പ്രൈസ് നീക്കം. ഇസ്രയേല്‍ സൈനികനെ തട്ടിക്കൊണ്ടുപോകാന്‍ ആണ് ഹമാസ് പോരാളികള്‍ നീക്കം നടത്തിയത്. എന്നാല്‍ ഈ ശ്രമം പൂര്‍ണ്ണമായും വിജയിച്ചില്ല. തട്ടികൊണ്ട് പോകല്‍ ശ്രമത്തിനിടെ ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. സൈനികന്റെ മൃതദേഹം തട്ടിയെടുക്കാനും ശ്രമമുണ്ടായെങ്കിലും മറ്റ് സൈനികര്‍ ഇടപെട്ട് അത് പരാജയപ്പെടുത്തിതായും ഐഡിഎഫ് അവകാശപ്പെട്ടു.

സതേണ്‍ കമാന്‍ഡിന്റെ കോംബാറ്റ് എഞ്ചിനീയറിംഗ് യൂണിറ്റിലെ ഹെവി എഞ്ചിനീയറിംഗ് ഓപ്പറേറ്ററായ മാസ്റ്റര്‍ സര്‍ജന്റ് (റിസര്‍വ്) എബ്രഹാം അസുലെ (25) ആണ് കൊല്ലപ്പെട്ടത്. വെസ്റ്റ് ബാങ്കിലെ യിറ്റ്ഷാര്‍ സെറ്റില്‍മെന്റില്‍ നിന്നുള്ള അസുലെ, കൊല്ലപ്പെടുന്നതിന് മൂന്ന് മാസം മുന്‍പാണ് വിവാഹിതനായത്.

സംഭവം നടന്നതിങ്ങനെ

ഐഡിഎഫിന്റെ പ്രാഥമിക അന്വേഷണം അനുസരിച്ച്, തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലുള്ള ഒരു തുരങ്കത്തില്‍ നിന്ന് നിരവധി ഹമാസ് ഭീകരര്‍ പുറത്തുവന്ന് ഇസ്രായേലി സൈനികരെ ആക്രമിക്കുകയായിരുന്നു. ഒരു എക്സ്‌കവേറ്റര്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്ന അസുലെയെ ഭീകരര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ‘അദ്ദേഹം അവരുമായി ചെറുത്തുനില്‍ക്കുകയും, തുടര്‍ന്ന് ഭീകരര്‍ അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയുമായിരുന്നു’ എന്ന് ഇസരയേല്‍ സൈന്യം പ്രസ്താവനയില്‍ പറയുന്നു.

ഇതിനുശേഷം, അസുലെയുടെ മൃതദേഹവുമായി കടന്നുകളയാന്‍ പോരാളികള്‍ ശ്രമിച്ചു. എന്നാല്‍, പ്രദേശത്ത് കാവലുണ്ടായിരുന്ന മറ്റ് ഇസ്രായേലി സൈനികര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും, ആ ശ്രമം പരാജയപ്പെടുത്തുകയും ചെയ്തതായി ടൈംസ്് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ, ഖാന്‍ യൂനിസിന് കിഴക്ക് ഒരു സൈനികനെ പിടികൂടാന്‍ ശ്രമിച്ചെന്നും, എന്നാല്‍ ‘സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍’ സൈനികനെ കൊലപ്പെടുത്തി ആയുധം കൈക്കലാക്കിയെന്നും ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം അറിയിച്ചിരുന്നു.

അസുലെയുടെ സൈനിക ജീവിതം

നിര്‍ബന്ധിത സൈനിക സേവനകാലത്ത് പാരാട്രൂപ്പേഴ്സ് ബ്രിഗേഡില്‍ സേവനമനുഷ്ഠിച്ച അസുലെ, പിന്നീട് റിസര്‍വ് സേനയുടെ ഭാഗമായി. യുദ്ധത്തിന്റെ തുടക്കത്തില്‍ 66 ദിവസം റിസര്‍വ് ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ഡ്യൂട്ടിയില്‍ നിന്ന് ഒഴിഞ്ഞുമാറിയതിന് അദ്ദേഹത്തെ ജയിലിലടക്കുകയും റാങ്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു. ശിക്ഷയ്ക്ക് ശേഷം വീണ്ടും റിസര്‍വ് ഡ്യൂട്ടിയില്‍ പ്രവേശിച്ച അദ്ദേഹം 201 ദിവസത്തോളം സേവനമനുഷ്ഠിച്ചു.

അദ്ദേഹത്തിന്റെ മരണസാഹചര്യം കണക്കിലെടുത്ത്, പ്രതിരോധ മന്ത്രിയുടെ അനുമതിയോടെ ഐഡിഎഫ് മേധാവി ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍, തരംതാഴ്ത്തുന്നതിന് മുന്‍പുണ്ടായിരുന്ന റാങ്ക് തിരികെ നല്‍കുകയും, മരണാനന്തര ബഹുമതിയായി മാസ്റ്റര്‍ സര്‍ജന്റായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു.

ഗാസ-ഇസ്രയേല്‍ യുദ്ധത്തിലെ മറ്റ് സംഭവങ്ങള്‍

ഇതിനിടെ, വടക്കന്‍ ഗാസയില്‍ നടന്ന പോരാട്ടത്തില്‍ മറ്റൊരു ഇസ്രായേലി സൈനികന് ഗുരുതരമായി പരിക്കേറ്റതായും ഐഡിഎഫ് അറിയിച്ചു. ഈ ആഴ്ചയുടെ തുടക്കത്തില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് വടക്കന്‍ ഗാസയിലെ ബെയ്ത് ഹനൂനില്‍ ഐഡിഎഫ് കരയുദ്ധം ശക്തമാക്കിയിട്ടുണ്ട്.

സ്തംഭനാവസ്ഥയിലായ ബന്ദി ചര്‍ച്ചകള്‍

ഗാസയിലെ ആക്രമണം ശക്തമാക്കുന്നത് ബന്ദികളെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്ന് ഐഡിഎഫ് മേധാവി ഇയാല്‍ സമീര്‍ പറഞ്ഞു. അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷവും ബന്ദി-വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

60 ദിവസത്തെ വെടിനിര്‍ത്തല്‍ കാലയളവില്‍ ഗാസയില്‍ നിന്ന് ഐഡിഎഫ് ഭാഗികമായി പിന്മാറുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ചര്‍ച്ചകളിലെ പ്രധാന തടസ്സം. ഗാസയിലെ ജനങ്ങളെ മുഴുവന്‍ ഒരുമിപ്പിച്ച് ഒരു ‘മാനുഷിക നഗരം’ സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന മൊരാഗ് ഇടനാഴിയില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍. ഈ പദ്ധതിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Related Stories