ഗാസ സിറ്റിയില്‍ കണ്ണില്ലാത്ത ക്രൂരതയുമായി ഇസ്രായേൽ, യു.എൻ ഇടപെടണമെന്ന് ഹമാസ്
ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ തടയാൻ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും ഉടൻ ഇടപെടണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. ഗാസ സിറ്റിയും മറ്റ് പ്രദേശങ്ങളും ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം ക്രൂരമായ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ഹമാസിന്റെ ഈ ആഹ്വാനം. ബുധനാഴ്ച ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 73 പലസ്തീനികൾ

ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ തടയാൻ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും ഉടൻ ഇടപെടണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. ഗാസ സിറ്റിയും മറ്റ് പ്രദേശങ്ങളും ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം ക്രൂരമായ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ഹമാസിന്റെ ഈ ആഹ്വാനം.
ബുധനാഴ്ച ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 73 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ 43 പേർ ഗാസ സിറ്റിയിൽ നിന്നുള്ളവരാണ്. സഹായം തേടിയെത്തിയ നിരവധി പേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഇസ്രായേൽ സൈന്യം ജനസാന്ദ്രതയേറിയ പ്രദേശങ്ങളെ ലക്ഷ്യമിടുന്നതിനാൽ കൂടാരങ്ങളിലും അഭയകേന്ദ്രങ്ങളിലുമുള്ള മുഴുവൻ കുടുംബങ്ങളും കൂട്ടമായി കൊല്ലപ്പെടുകയാണ്.
“എന്റെ സഹോദരൻ സ്വന്തം മുറിക്കുള്ളിൽ വെച്ച് കൊല്ലപ്പെട്ടു. അയാളുടെ ഭാര്യയെയും മക്കളെയും അവർ കൊന്നുകളഞ്ഞു; ആ കുടുംബം ഒന്നടങ്കം ഇല്ലാതായി. ആരും അവശേഷിച്ചില്ല,” പലസ്തീൻകാരിയായ സബ്രീൻ അൽ മബ്ബൂഹ് അൽ ജസീറയോട് പറഞ്ഞു.
ഷെയ്ഖ് റദ്‌വാനിലെ സ്കൂളുകളിലെ ടെന്റുകളിലേക്ക് ഇസ്രായേൽ ഗ്രനേഡുകൾ എറിഞ്ഞ് തീയിട്ടതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. “ഗാസ സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നത് തടഞ്ഞില്ലെങ്കിൽ ഞങ്ങളെല്ലാം കൊല്ലപ്പെട്ടേക്കാം. ഇത് കണ്ടിട്ടും ഒന്നും ചെയ്യാത്തവരെ ഞങ്ങൾ ഒരിക്കലും ക്ഷമിക്കില്ല,” പ്രദേശവാസി സാക്കിയ സാമി പറഞ്ഞു.
കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഗാസ സിറ്റിയിലെ വീടുകളും പ്രദേശങ്ങളും നശിപ്പിക്കാനായി ഇസ്രായേൽ 100-ഓളം സ്ഫോടകവസ്തുക്കൾ നിറച്ച റോബോട്ടുകൾ ഉപയോഗിച്ചതായി ഗാസയിലെ മീഡിയ ഓഫീസ് അറിയിച്ചു. ഓഗസ്റ്റ് 13 മുതൽ ഗാസ സിറ്റിയിൽ മാത്രം 1,100 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.
അൽ ജസീറ റിപ്പോർട്ടർ ഹാനി മഹ്മൂദ് ഈ സ്ഥിതിവിശേഷം “അവസാനമില്ലാത്തതും എല്ലാം ഇല്ലാതാക്കുന്നതുമായ ഒരവസ്ഥയാണ്” എന്ന് വിശേഷിപ്പിച്ചു.
വെടിനിർത്തലിന് ഹമാസ് തയ്യാർ
ഗാസയിൽ സമ്പൂർണ്ണ വെടിനിർത്തലിനും ഇസ്രായേലിന്റെ തടവിലുള്ളവരെ വിട്ടയക്കുന്നതിന് പകരമായി എല്ലാ പലസ്തീൻ തടവുകാരെയും മോചിപ്പിക്കാനും തങ്ങൾ തയ്യാറാണെന്ന് ഹമാസ് ബുധനാഴ്ച പ്രസ്താവനയിലൂടെ വീണ്ടും അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് പലസ്തീനികൾ “പട്ടിണിയും പോഷകാഹാരക്കുറവും” മൂലം മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേൽ ഉപരോധം കാരണം ഭക്ഷണത്തിന്റെയും സഹായങ്ങളുടെയും വരവ് പരിമിതമായതിനാൽ, ഇതുവരെ 367 പലസ്തീനികൾ, അതിൽ 131 കുട്ടികൾ ഉൾപ്പെടെ, പട്ടിണി മൂലം മരണമടഞ്ഞു.
വടക്കൻ ഗാസയിലെ അൽ-ജരീസി കുടുംബത്തിന്റെ വീടിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഹമാസ് ശക്തമായി അപലപിച്ചു. ഈ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. ഇത് പലസ്തീനികളെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് ഹമാസ് പറഞ്ഞു.
ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ നീക്കം ഏകദേശം പത്ത് ലക്ഷം പലസ്തീനികളെ മാറ്റിപ്പാർപ്പിക്കാൻ കാരണമാകും. യു.എൻ. ചീഫ് അൻ്റോണിയോ ഗുട്ടെറസിന്റെ വക്താവ് പറയുന്നതനുസരിച്ച്, ഓഗസ്റ്റ് 14-നും 31-നും ഇടയിൽ 82,000-ൽ അധികം പേർക്ക് വീണ്ടും പലായനം ചെയ്യേണ്ടി വന്നു.
യൂനിസെഫ് മുന്നറിയിപ്പ് നൽകിയത് അനുസരിച്ച്, 2026 പകുതിയോടെ അഞ്ച് വയസ്സിൽ താഴെയുള്ള 1,32,000 കുട്ടികൾ ഗുരുതരമായ പോഷകാഹാരക്കുറവ് മൂലം മരണ ഭീഷണി നേരിടുന്നുണ്ട്.
വർദ്ധിച്ചു വരുന്ന അന്താരാഷ്ട്ര പ്രതിഷേധം
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഹമാസിന്റെ നിർദ്ദേശം ഇസ്രായേൽ നിരസിച്ചു. തടവിലാക്കപ്പെട്ടവരെ വിട്ടയക്കുകയും ഹമാസ് നിരായുധരാകുകയും ചെയ്താൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂവെന്നാണ് ഇസ്രായേലിന്റെ നിലപാട്.
ഇസ്രായേലിന്റെ ആക്രമണങ്ങൾ അന്താരാഷ്ട്രതലത്തിൽ വലിയ വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്. ഫ്രാൻസ്, ബ്രിട്ടൻ, ബെൽജിയം, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ ഈ മാസം നടക്കാനിരിക്കുന്ന യു.എൻ. പൊതുസഭയിൽ പലസ്തീനെ ഒരു രാജ്യമായി അംഗീകരിക്കാൻ സാധ്യതയുണ്ട്.
അതുപോലെ, ഇസ്രായേലിന് ആയുധങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക് ഫണ്ട് നൽകുന്നത് നിർത്തുമെന്ന് സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നി അറിയിച്ചു. ഇസ്രായേലിന്റെ നയങ്ങൾ വംശഹത്യയാണെന്ന് വിശേഷിപ്പിച്ച് നെതർലൻഡ്സിലെ യൂട്രെച്റ്റ് യൂണിവേഴ്സിറ്റി ഇസ്രായേലി സ്ഥാപനങ്ങളുമായുള്ള എല്ലാ അക്കാദമിക് സഹകരണങ്ങളും നിർത്തിവെച്ചതായും അറിയിച്ചു.
Related Stories

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്
News Desk · 2 days ago

‘ബ്രേക്കിങ് ബാഡ്’ താരം ആർജെ മിറ്റി അന്തരിച്ചു; മരണം 34ആം വയസിൽ
News Desk · 13 Oct 2026

കനേഡിയൻ എഴുത്തുകാരി ആനി കാർസണ് 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം
News Desk · 8 Oct 2026

കത്തുന്ന യമൻ, ഈ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന കക്ഷികൾ ആരെല്ലാം?
News Desk · 12 Sept 2026
