Skip to content
Opinion

ഇ.എം.ഐ ലൈഫ് സ്റ്റൈൽ മധ്യവർഗം സ്വയം കുഴികുത്തുന്നുവെന്ന് പഠനം

മുംബൈയിലെ ഡാറ്റാ സയൻ്റിസ്റ്റായ മോനിഷ് ഗോസാർ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പ് ഇന്ത്യൻ മധ്യവർഗത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള പുതിയ ചിന്തകൾക്ക് വഴിവെക്കുന്നു. സാമ്പത്തിക തകർച്ചയിൽ ഇന്ത്യൻ മധ്യവർഗത്തിന്റെ ബോധപൂർവമായ പങ്കാളിത്തത്തെക്കുറിച്ച് അദ്ദേഹം വിമർശനാത്മകമായി വിലയിരുത്തുന്നു. “യഥാർത്

N

News Desk

Published on: 19 Jun 2025, 6:51 pm

ഇ.എം.ഐ ലൈഫ് സ്റ്റൈൽ മധ്യവർഗം സ്വയം കുഴികുത്തുന്നുവെന്ന് പഠനം

മുംബൈയിലെ ഡാറ്റാ സയൻ്റിസ്റ്റായ മോനിഷ് ഗോസാർ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പ് ഇന്ത്യൻ മധ്യവർഗത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള പുതിയ ചിന്തകൾക്ക് വഴിവെക്കുന്നു. സാമ്പത്തിക തകർച്ചയിൽ ഇന്ത്യൻ മധ്യവർഗത്തിന്റെ ബോധപൂർവമായ പങ്കാളിത്തത്തെക്കുറിച്ച് അദ്ദേഹം വിമർശനാത്മകമായി വിലയിരുത്തുന്നു. “യഥാർത്ഥ കെണി പണപ്പെരുപ്പമോ നികുതിയോ അല്ല, പത്ത് ലക്ഷം രൂപയുടെ കാറാണ്. കഠിനാധ്വാനത്തിനുള്ള ന്യായമായ പ്രതിഫലമാണിതെന്ന വിശ്വാസമാണ്” എന്ന് അദ്ദേഹം കുറിക്കുന്നു.

ശമ്പള വർദ്ധനവില്ലായ്മയോ നയപരമായ വീഴ്ചകളോ അല്ല മധ്യവർഗത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതെന്ന് ഗോസാര്‍ ചൂണ്ടിക്കാട്ടുന്നു. മറിച്ച്, സുഖസൗകര്യങ്ങൾക്കും സാമൂഹിക നിലയ്ക്കും വേണ്ടിയുള്ള പരക്കം പാച്ചിലും അതുണ്ടാക്കുന്ന കടബാധ്യതയുമാണ് ഇതിന് പിന്നിൽ.

ഉദാഹരണം: 15 ലക്ഷം രൂപ വാർഷിക വരുമാനമുള്ള ഒരു സുഹൃത്തിനെ അദ്ദേഹം ഓർക്കുന്നു. മാസം 45,000 രൂപ ഇ.എം.ഐ. അടയ്ക്കുന്ന ഇദ്ദേഹം, വരുമാനത്തിന് അനുസരിച്ച് പഴയ ഒരു കാർ വാങ്ങുന്നതിന് പകരം 10 ലക്ഷം രൂപയുടെ പുതിയ കാർ സ്വന്തമാക്കി. മൂന്ന് ലക്ഷം രൂപയുടെ യൂസ്ഡ് കാറിന് പകരം പുതിയ കാർ വാങ്ങിയത് “ഞാൻ ഇതിന് അർഹനാണ്” എന്ന് പറഞ്ഞാണ് ന്യായീകരിച്ചത്. ഈ ചിന്താഗതിയാണ് മധ്യവർഗക്കാർക്കിടയിൽ വിജയക്കൊടി പാറിക്കുന്നതെന്ന് ഗോസാര്‍ നിരീക്ഷിക്കുന്നു.

ആഗ്രഹങ്ങളും ആവശ്യങ്ങളും തമ്മിലുള്ള ആശയക്കുഴപ്പം:

“വൈകിയെത്തുന്ന സമ്പത്തിനേക്കാൾ ഉടനടിയുള്ള സംതൃപ്തി നമ്മൾ തിരഞ്ഞെടുക്കുന്നു.” ഐഫോൺ വാങ്ങുന്നതിന് പകരം മ്യൂച്വൽ ഫണ്ടിൽ എസ്.ഐ.പി. ആയി നിക്ഷേപിക്കാമായിരുന്നു. ലക്ഷ്വറി ഹോട്ടലിലെ അത്താഴത്തിന് പകരം നിക്ഷേപം നടത്താമായിരുന്നു. “നമ്മുടെ ആഗ്രഹങ്ങളെ ആവശ്യങ്ങളായി നമ്മൾ തെറ്റിദ്ധരിച്ചു” എന്ന് അദ്ദേഹം പറയുന്നു. ഓഫീസിൽ പോകാൻ കാർ ആവശ്യമാണോ എന്ന ചോദ്യത്തിന്, അത് സാമൂഹിക നിലയ്ക്ക് വേണ്ടിയായിരുന്നു എന്നും എ.സി, തുകൽ സീറ്റുകൾ, ബ്രാൻഡ് ലോഗോ എന്നിവയൊക്കെ ആവശ്യങ്ങളായിരുന്നില്ല, ആഗ്രഹങ്ങൾ മാത്രമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം:

വർദ്ധിച്ചുവരുന്ന ചെലവുകളുടെ ഇരകളാണ് ഇന്ത്യയിലെ ശമ്പള വരുത്തക്കാർ എന്ന ചിന്താഗതിയെ ഗോസർ ചോദ്യം ചെയ്യുന്നു. എടുത്തുചാടിയുള്ള തീരുമാനങ്ങൾ, ജീവിതശൈലി, ബാഹ്യമോടിയിലുള്ള അമിതമായ താൽപ്പര്യം എന്നിവയെയാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. സാമ്പത്തിക മുൻഗണനകൾ നിർണ്ണയിക്കാൻ സോഷ്യൽ മീഡിയയെ അനുവദിച്ചതാണ് ഒരു പ്രധാന പ്രശ്നമെന്ന് അദ്ദേഹം പറയുന്നു. “ഇന്ത്യയിലെ ഏറ്റവും ഉയർന്ന വരുമാനം നേടുന്ന പത്ത് ശതമാനത്തിൽ ഉൾപ്പെട്ടവരായിരുന്നിട്ടുപോലും ഇൻസ്റ്റഗ്രാം ഞങ്ങളെ ദരിദ്രരായി തോന്നിപ്പിച്ചു. ഞങ്ങൾക്ക് നേരിട്ട് അറിയാത്തവരോടുപോലും ഞങ്ങൾ മത്സരിക്കാൻ തുടങ്ങി.”

കണക്കുകൾ അവഗണിച്ച് വൈകാരിക തീരുമാനങ്ങൾ:

36% ക്രെഡിറ്റ് കാർഡ് പലിശയും 12% മ്യൂച്വൽ ഫണ്ട് റിട്ടേണും തമ്മിലുള്ള വ്യത്യാസം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാർക്കറ്റിൽ നിന്ന് നേട്ടമുണ്ടാക്കുന്നതിന് പകരം ബാങ്കുകൾക്ക് പണം നൽകാനാണ് നമ്മൾ തീരുമാനിച്ചത്. കണക്കുകൾ അവഗണിച്ചുകൊണ്ട് വൈകാരികമായ തീരുമാനങ്ങൾ നമ്മൾ എടുത്തു. “ഇ.എം.ഐ. വെറും 18,000 രൂപ മാത്രമാണ്. എന്നാൽ അഞ്ച് വർഷംകൊണ്ട് മൂന്ന് ലക്ഷം രൂപയെന്ന പലിശ ഞങ്ങൾ ഒരിക്കലും കണക്കാക്കിയില്ല.” വെറും നാല് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് കടം 2.92 ലക്ഷം കോടിയായി. വ്യക്തിഗത വായ്പകൾ 75% ഉയർന്നു. “ആരെയും ഒന്നും നിർബന്ധിച്ചിട്ടല്ല ചെയ്തത്.”

സ്വയം സൃഷ്ടിച്ച കെണി:

“വ്യവസ്ഥിതി ഞങ്ങളെ കുടുക്കിയില്ല, ഞങ്ങൾ സ്വയം കുടുങ്ങുകയായിരുന്നു. ബാങ്കുകൾ നമ്മെ കെണിയിൽ വീഴ്ത്തിയില്ല. അവർ കയറ് വാഗ്ദാനം ചെയ്തു. കെട്ടുകളുണ്ടാക്കിയത് നമ്മളാണ്” എന്ന് അദ്ദേഹം കുറിക്കുന്നു.

“ഓരോ തവണ സ്വൈപ്പ് ചെയ്തപ്പോഴും ഓരോ തവണ ഇ.എം.ഐ.യുടെ വഴി സ്വീകരിച്ചപ്പോഴും ലോണിന് അപേക്ഷിച്ചപ്പോഴുമൊക്കെ അത് ഞങ്ങളുടെ തിരഞ്ഞെടുപ്പായിരുന്നു. ഈ ഉത്തരവാദിത്വം ഞങ്ങൾ ഏറ്റെടുക്കുന്ന നിമിഷം മുതൽ, വ്യത്യസ്തമായ തിരഞ്ഞെടുപ്പുകൾ നടത്താൻ ഞങ്ങൾക്ക് കഴിയും” എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.

Related Stories