Skip to content
Opinion

ബിഗ് ടിവി, 24, റിപ്പോർട്ടർ: ക്രെഡിബിലിറ്റിയില്ലാത്ത മാധ്യമ അഴിഞ്ഞാട്ടങ്ങളും മലയാളം ന്യൂസ് റൂമുകളിലെ വിഷബാധയും

കെ ബിജു മോഹൻ ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാള ദൃശ്യമാധ്യമരംഗം മുൻപെങ്ങുമില്ലാത്തവിധം ആഴത്തിലുള്ള ധാർമ്മിക പ്രതിസന്ധിയിലാണ്. വസ്തുതാപരമായ അന്വേഷണങ്ങൾക്കും നിർഭയമായ എഡിറ്റോറിയൽ നിലപാടുകൾക്കും പകരം റേറ്റിങ്ങും സോഷ്യൽ മീഡിയ റീച്ചും, ഒപ്പം കൊള്ളപ്പണം ഒഴുക്കുന്ന താല്പര്യങ്ങളു

N

News Desk

Published on: 2 Sept 2026, 3:31 pm

ബിഗ് ടിവി, 24, റിപ്പോർട്ടർ: ക്രെഡിബിലിറ്റിയില്ലാത്ത മാധ്യമ അഴിഞ്ഞാട്ടങ്ങളും മലയാളം ന്യൂസ് റൂമുകളിലെ വിഷബാധയും

കെ ബിജു മോഹൻ

ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാള ദൃശ്യമാധ്യമരംഗം മുൻപെങ്ങുമില്ലാത്തവിധം ആഴത്തിലുള്ള ധാർമ്മിക പ്രതിസന്ധിയിലാണ്. വസ്തുതാപരമായ അന്വേഷണങ്ങൾക്കും നിർഭയമായ എഡിറ്റോറിയൽ നിലപാടുകൾക്കും പകരം റേറ്റിങ്ങും സോഷ്യൽ മീഡിയ റീച്ചും, ഒപ്പം കൊള്ളപ്പണം ഒഴുക്കുന്ന താല്പര്യങ്ങളുടെ സംരക്ഷണവുമാണ് ഇന്ന് പല ന്യൂസ് റൂമുകളെയും നയിക്കുന്നത്. വാർത്തകൾ വിശകലനം ചെയ്യപ്പെടേണ്ട ഇടങ്ങൾ സെൻസേഷണലിസത്തിന്റെയും അപരവൽക്കരണത്തിന്റെയും ക്രിമിനൽ പ്രതിരോധങ്ങളുടെയും വേദികളായി അധപതിച്ചിരിക്കുന്നു. ബിഗ് ടിവിയും 24 ന്യൂസും റിപ്പോർട്ടർ ടിവിയുമെല്ലാം മത്സരിച്ചുണ്ടാക്കുന്ന ഈ ഉള്ളടക്കങ്ങൾ മലയാള മാധ്യമപ്രവർത്തനത്തിന്റെ വിശ്വാസ്യതയെയാണ് പച്ചയായി തകർത്തെറിയുന്നത്.
വിദ്വേഷ തലക്കെട്ടുകളും സ്ത്രീവിരുദ്ധതയും ഈ അപചയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ബിഗ് ടിവിയിൽ അപർണ കുറുപ്പ് നടത്തിയ ചർച്ച. “അറിവുള്ള പെണ്ണെല്ലാം ഹറാം പിറപ്പോ?” എന്ന അത്യന്തം സ്ത്രീവിരുദ്ധവും ഇസ്‌ലാമോഫോബിക്കുമായ തലക്കെട്ടോടെ നടത്തിയ ആ പ്രോഗ്രാം മലയാള ദൃശ്യമാധ്യമ ചരിത്രത്തിലെ ഏറ്റവും തരംതാണ അധ്യായങ്ങളിലൊന്നാണ്. ഇസ്‌ലാമിക വിശ്വാസങ്ങളെയും പ്രമാണങ്ങളെയും വികലമായി ചിത്രീകരിക്കുകയും, ലഹരിയും അനാചാരങ്ങളും മതഗ്രന്ഥങ്ങളിലെ സുന്നത്താണെന്നുമുള്ള തികഞ്ഞ അസംബന്ധങ്ങൾ ഓൺ-എയറിൽ വിളിച്ചുപറയുകയും ചെയ്തത് കേവലമൊരു നാക്കുപിഴയല്ല. മറിച്ച് റേറ്റിങ്ങിനായി വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണ്. പൊതുസമൂഹത്തിൽ നിന്ന് ശക്തമായ ജനരോഷം ഉയർന്നപ്പോൾ മാത്രം തലയൂരാൻ നടത്തിയ ഒഴുക്കൻ മാപ്പുപറച്ചിൽ ഇത്തരം വ്യാജ മാധ്യമ വിചാരണകളുടെ പൊള്ളത്തരത്തെ പൂർണ്ണമായും തുറന്നുകാട്ടുന്നു.
വ്യാജ വിചാരണകളും അർണബ് മോഡലുകളും
നോർത്ത് ഇന്ത്യൻ ഗോദി മീഡിയകളിൽ നാം കണ്ടിട്ടുള്ള വിഷലിപ്തമായ വിചാരണാ ശൈലിയെ മലയാളത്തിലേക്ക് പറിച്ചുനടാനാണ് അവതാരകർ മത്സരിക്കുന്നത്.
* വ്യക്തിഹത്യയുടെ 24 മോഡൽ: നിരപരാധിയായ ഒരു സാധാരണക്കാരനെ പിടികിട്ടാപ്പുള്ളി ‘സുകുമാരക്കുറുപ്പാ’യി പ്രഖ്യാപിച്ച് 24 ന്യൂസ് ദിവസങ്ങളോളം കൊണ്ടാടിയ വ്യാജവാർത്താ പരമ്പര ഇതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമായിരുന്നു. ഒരു മനുഷ്യന്റെ ജീവിതവും അന്തസ്സും തകർത്തെറിഞ്ഞ് വ്യാജക്കഥകൾ മെനഞ്ഞ ഈ ശൈലിക്ക് മാധ്യമപ്രവർത്തനവുമായി ഒരു ബന്ധവുമില്ലായിരുന്നു.
* കേരളത്തിലെ അർണബ്മാർ: തക്കം കിട്ടിയാൽ കേരളത്തിലെ അർണബ് ഗോസ്വാമിമാരാകാൻ കുപ്പായം തുന്നിയിറങ്ങിയവരുടെ മുൻനിരയിലാണ് ബിഗ് ടിവിയിലെ വേണു ബാലകൃഷ്ണനെപ്പോലുള്ളവർ. മൂവാറ്റുപുഴയോ വടകരയോ ഷൊർണൂരോ പോലെ ഭരണസൗകര്യത്തിനായി കാലങ്ങളായി ഉയരുന്ന ജില്ലാ വിഭജന ആവശ്യങ്ങളിൽ ഒന്നായ മലപ്പുറം വിഷയത്തെ ‘മനസ്സിൽ മലപ്പുറമോ?’ എന്ന വർഗീയ ടോണിലേക്ക് വഴിതിരിച്ചുവിട്ടത് ഇതിന്റെ ഭാഗമാണ്. അവിടെ വസ്തുതകൾ സംസാരിച്ച നജ്മ തബ്ഷീറയെപ്പോലുള്ള വനിതാ പ്രതിനിധികൾക്ക് നേരെ വർഗീയ വിദ്വേഷം ചീറ്റുന്നവരെ അഴിച്ചുവിട്ടുകൊടുത്ത് ആർമാദിച്ച വേണുവിന്റെ ശൈലി പച്ചയായ രാഷ്ട്രീയ അജണ്ടയാണ്.

ക്രിമിനൽ മറയാകുന്ന മാധ്യമപ്രവർത്തനവും വിറ്റഴിക്കപ്പെടുന്ന എത്തിക്സും
മലയാള മാധ്യമരംഗത്തെ ഏറ്റവും അപകടകരമായ പ്രതിഭാസമായി മാറുന്നത് കൊള്ളയും തട്ടിപ്പും മറച്ചുപിടിക്കാൻ മാധ്യമസ്ഥാപനങ്ങളെ കവചമാക്കുന്ന രീതിയാണ്. റിപ്പോർട്ടർ ടിവിയുടെ പുനരവതാരം തന്നെ ഇതിന്റെ കൃത്യമായ തെളിവാണ്.

തട്ടിപ്പുകളുടെയും കൊള്ളയുടെയും പശ്ചാത്തലം: മുട്ടിൽ മരംമുറിയിലൂടെ വയനാട്ടിലെ പാവപ്പെട്ട ആദിവാസികളെ കബളിപ്പിച്ച് പരിസ്ഥിതി കൊള്ള നടത്തിയവരും, മാൻഗോ ഫോൺ തട്ടിപ്പിലൂടെ സാധാരണക്കാരുടെ പണം തട്ടിയെടുത്തതുമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ആന്റോ അഗസ്റ്റിനും സഹോദരങ്ങളുമാണ് ഈ സ്ഥാപനത്തിന്റെ ചുക്കാൻ പിടിക്കുന്നത്. തങ്ങളുടെ ക്രിമിനൽ പശ്ചാത്തലങ്ങൾക്ക് ഭരണകൂട-നിയമ സംരക്ഷണം ഉറപ്പാക്കാനും സമൂഹത്തിൽ മാന്യത ചമയാനും ഇവർ മാധ്യമപ്രവർത്തനത്തെ ഒരു മറയായി ഉപയോഗിക്കുകയാണ്.

എത്തിക്സ് വിൽക്കുന്ന മാധ്യമപ്രവർത്തകർ: ആദിവാസികളെയും സാധാരണക്കാരെയും പറ്റിച്ച പണവും സംഘ്പരിവാർ ലോബികളുടെ ഫണ്ടിങ്ങും ഉപയോഗിച്ച് കേരളത്തിലെ മുൻനിര മാധ്യമപ്രവർത്തകരെ വൻ തുകയ്ക്ക് വിലയ്ക്കെടുത്താണ് ഇവർ ഈ കൊള്ളയ്ക്ക് പകിട്ടുള്ള കവചം തീർക്കുന്നത്. മാധ്യമ ധാർമ്മികതയും സാമൂഹിക പ്രതിബദ്ധതയും പണത്തിന് മുന്നിൽ അടിയറവെച്ച് ഇത്തരം ക്രിമിനൽ താല്പര്യങ്ങൾക്ക് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകർ ജനാധിപത്യത്തിന് തന്നെ അപമാനമാണ്.

അപരവൽക്കരണവും ധാർമ്മിക തകർച്ചയും: വി.ഡി. സതീശനെതിരായ രാഷ്ട്രീയ നീക്കങ്ങൾക്കിടെ തെരുവിലിറങ്ങി പ്രതിഷേധിച്ചവരെ “പേര് കണ്ടാൽ തിരിച്ചറിയാം” എന്ന് പരസ്യമായി ചാപ്പകുത്തി അപരവൽക്കരിക്കാൻ റിപ്പോർട്ടർ ടിവി എം.ഡി ആന്റോ അഗസ്റ്റിന് ഒട്ടും മടിയുണ്ടായില്ല. ഇതിനുപുറമെ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പന അവതരിപ്പിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈവ് വാർത്തയ്ക്കിടെ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയതിന് ചാനലിന്റെ അവതാരകൻ ഡോ. അരുൺ കുമാറിനും റിപ്പോർട്ടർക്കുമെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കേണ്ടി വന്നത് ന്യൂസ് റൂമിലെ സദാചാര-എഡിറ്റോറിയൽ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു.

സൈദ്ധാന്തിക വെള്ളപൂശലുകളും സ്വയം കുഴിക്കുന്ന കുഴിയും
ഏറ്റവും വലിയ വിരോധാഭാസം, ഇത്തരം ക്രിമിനൽ അനാസ്ഥകൾക്കും വർഗീയ വിഷം ചീറ്റലുകൾക്കും സൈദ്ധാന്തിക പരിവേഷം ചാർത്തിക്കൊടുക്കാൻ നടക്കുന്ന കസർത്തുകളാണ്. ‘ഫാക്ട് ചെക്ക്’ എന്ന പേരിൽ ഫേക്ക് ചെക്ക് നടത്തുന്ന മുതിർന്ന മാധ്യമപ്രവർത്തകരും ഒരുവിഭാഗം സൈബർ ബുദ്ധിജീവികളും ചേർന്ന് ഇത്തരം കോപ്രായങ്ങളെ ‘മാധ്യമസ്വാതന്ത്ര്യം’ എന്ന ലേബലിൽ വെള്ളപൂശാൻ ശ്രമിക്കുന്നത് അത്യന്തം അപകടകരമാണ്. പൊതുതാൽപര്യവും (Public Interest) ആൾക്കൂട്ടത്തിന്റെ വിലകുറഞ്ഞ കൗതുകവും (Public Curiosity) തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ ഇവർക്ക് സാധിക്കുന്നില്ല.

മാധ്യമങ്ങളെ നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ നിയമനിർമ്മാണം വരുന്നത് ജനാധിപത്യപരമായി അപകടകരമാണ്; ഇന്നൊരു സർക്കാർ കൊണ്ടുവരുന്ന നിയന്ത്രണം നാളെ മറ്റൊരു ഭരണകൂടം സ്വതന്ത്ര ശബ്ദങ്ങളെ അടിച്ചമർത്താൻ ദുരുപയോഗം ചെയ്യാം. അതുകൊണ്ട് തന്നെയാണ് ‘മാധ്യമങ്ങളുടെ സ്വയംനിയന്ത്രണം’ ഏറ്റവും ഉചിതമായ വഴിയാകുന്നത്.

എന്നാൽ സ്വയംനിയന്ത്രണമെന്നത് ക്രിമിനൽ താല്പര്യങ്ങൾ സംരക്ഷിക്കാനും റേറ്റിങ്ങിനായി വർഗീയതയും സ്ത്രീവിരുദ്ധതയും വിളമ്പാനുമുള്ള ലൈസൻസല്ല. വസ്തുതാപരതയും വിശ്വാസ്യതയും ഉപേക്ഷിച്ച് അധപതനം തുടരുമ്പോൾ, “ഇവരെ നിലയ്ക്കുനിർത്താൻ ഇവിടെ നിയമമില്ലേ?” എന്ന് പൊതുസമൂഹം ചോദിച്ചുതുടങ്ങും. നാളെ ഭരണകൂടങ്ങൾ അത്തരം കരിനിയമങ്ങൾ അടിച്ചേൽപ്പിച്ചാൽ, “മാധ്യമസ്വാതന്ത്ര്യം അപകടത്തിലാണ്” എന്ന് നിലവിളിച്ചിട്ട് യാതൊരു കാര്യവുമില്ല. സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ, അപർണ കുറുപ്പുമാരും ആന്റോ അഗസ്റ്റിൻമാരും വേണു ബാലകൃഷ്ണൻമാരും ചേർന്ന് കുഴിക്കുന്ന ആ കുഴിയിൽ കേരളത്തിലെ മാധ്യമരംഗത്തിന്റെ വിശ്വാസ്യത ഒന്നടങ്കം ഇല്ലാതാകും.

Related Stories