Skip to content
International

ഗസ്സവംശഹത്യയ്ക്കിടെ മുഖംമിനുക്കല്‍, ഇസ്രായേല്‍ പ്രസിഡന്റുമായി ഒരു വിഭാഗം ഇമാമുമാരുടെ കൂടിക്കാഴ്ച

ജറുസലേം: ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ വംശഹത്യയില്‍ ലോകമെമ്പാടും പ്രതിഷേധം ശക്തമാവുകയും അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുകയും ചെയ്യുന്നതിനിടെ, പ്രതിച്ഛായ മിനുക്കാനുള്ള തന്ത്രങ്ങളുമായി ഇസ്രായേല്‍ രംഗത്ത്. ഇതിന്റെ ഭാഗമായി യൂറോപ്പില്‍ നിന്നുള്ള ഏതാനും മുസ്ലീം നേതാക്കളുമായി പ്രസിഡന്റ് ഐസക് ഹെര

N

News Desk

Published on: 8 Jul 2025, 7:12 am

ഗസ്സവംശഹത്യയ്ക്കിടെ മുഖംമിനുക്കല്‍, ഇസ്രായേല്‍ പ്രസിഡന്റുമായി ഒരു വിഭാഗം ഇമാമുമാരുടെ കൂടിക്കാഴ്ച

ജറുസലേം: ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ വംശഹത്യയില്‍ ലോകമെമ്പാടും പ്രതിഷേധം ശക്തമാവുകയും അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുകയും ചെയ്യുന്നതിനിടെ, പ്രതിച്ഛായ മിനുക്കാനുള്ള തന്ത്രങ്ങളുമായി ഇസ്രായേല്‍ രംഗത്ത്. ഇതിന്റെ ഭാഗമായി യൂറോപ്പില്‍ നിന്നുള്ള ഏതാനും മുസ്ലീം നേതാക്കളുമായി പ്രസിഡന്റ് ഐസക് ഹെര്‍സോഗ് കൂടിക്കാഴ്ച നടത്തി. ഇസ്രായേല്‍-യൂറോപ്പ് ബന്ധം ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന ഇസ്രായേല്‍ അനുകൂല സംഘടനയായ ELNET (European Leadership Network) ആണ് വിവാദമായ ഈ കൂടിക്കാഴ്ചക്ക് ചുക്കാന്‍ പിടിച്ചത്.

ഇസ്രയേല്‍ പ്രസിഡന്റെ ഐസക്ക് ഹെര്‍സോഗിന്റെ ജറുസലേമിലെ വസതിയില്‍ വെച്ച് നടന്ന ഈ കൂടികാഴച്ചയില്‍ ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്സ്, ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു വിഭാഗം ഇമാംമാരുടെയും മുസ്ലീം കമ്മ്യൂണിറ്റി നേതാക്കളുടെയും ഒരു പ്രതിനിധി സംഘമാണ് പോയി കണ്ടത്.

സമാധാനത്തെയും സഹവര്‍ത്തിത്വത്തെയും കുറിച്ചുള്ള സന്ദേശങ്ങള്‍ പങ്കുവെക്കാനാണ് തങ്ങള്‍ എത്തിയതെന്ന് നേതാക്കള്‍ അവകാശപ്പെട്ടപ്പോള്‍, ഗസ്സയിലെ സാധാരണക്കാര്‍ക്കുനേരെ ഇസ്രായേല്‍ നടത്തുന്ന ക്രൂരതകളെ ഇത് സൗകര്യപൂര്‍വ്വം അവഗണിക്കുന്നതായി വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കൂടികാഴ്ച്ചയില്‍ മിഡില്‍ ഈസ്റ്റില്‍ ഉള്‍ക്കൊള്ളലിന്റെയും സമാധാനത്തിന്റെയും ഒരു പുതിയ യുഗത്തിലേക്ക് മുന്നേറാനുള്ള ഇസ്രായേലിന്റെ പ്രതിബദ്ധതയെ കുറിച്ചാണ ഹെര്‍സോഗ വാചാലനായത്്. ഇസ്രായേലി സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ് ഇസ്രായേലിലെ മുസ്ലീം ജനതയെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘നാമെല്ലാവരും അബ്രഹാമിന്റെ മക്കളാണ്, നമ്മുടെ മേഖലയിലെ ചരിത്രപരമായ പുരോഗതി മുസ്ലീങ്ങളും ജൂതന്മാരും തമ്മിലുള്ള സംഭാഷണത്തിന്റെ പുരോഗതിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ പുരോഗതിയെ തടയാന്‍ ശ്രമിക്കുന്ന തീവ്രവാദ ശക്തികള്‍ക്കെതിരെ, ഐസക്കിന്റെയും ഇസ്മായീലിന്റെയും ഒരുമിച്ച് ജീവിക്കാനുള്ള യഥാര്‍ത്ഥ ആഗ്രഹത്തെ തടയുന്നവര്‍ക്കെതിരെ, ചരിത്രത്തിന്റെ ഗതിയില്‍ അനുദിനം ശക്തി പ്രാപിക്കുന്ന മറ്റ് ശക്തികളുണ്ട് – ആ ശക്തികളാണ് ഈ കാഴ്ചപ്പാടിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സന്ദര്‍ശനത്തിലൂടെയും നിങ്ങളുടെ ധീരമായ പ്രവര്‍ത്തനങ്ങളിലൂടെയും നിങ്ങള്‍ ചെയ്യുന്നത്, മിഡില്‍ ഈസ്റ്റിലും ലോകമെമ്പാടുമുള്ള ഇത്തരം ഒരു പങ്കാളിത്ത ജീവിതത്തിനായി ആഗ്രഹിക്കുന്ന നിശബ്ദ ഭൂരിപക്ഷത്തെയാണ് പ്രതിഫലിപ്പിക്കുന്നത്’ ഹെര്‍സോഗ് പറഞ്ഞു.

‘ദയവായി നിങ്ങളുടെ നേതാക്കളോട് പറയുക: ഇവിടെ ഇസ്രായേലില്‍, ഞങ്ങള്‍ക്ക് സമാധാനം വേണം. ഞങ്ങളുടെ എല്ലാ ബന്ദികളെയും തിരികെ ലഭിക്കണം, ഗാസയിലെ ജനങ്ങളുടെ ദുരിതങ്ങള്‍ക്കും ഒരറുതി വരുത്തണം. എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിതം ഞങ്ങള്‍ ആഗ്രഹിക്കുന്നു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതെസമയം മുസ്ലിം പ്രതിനിധി സംഘത്തെ നയിച്ച ഇമാം ഹസ്സന്‍ ചല്‍ഗൗമി, ഹെര്‍സോഗിനെ ‘സാഹോദര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രതീകം’ എന്നാണ് വിശേഷിപ്പിച്ചത്.

ലോകം ഗസ്സയിലെ വംശഹത്യയെ അപലപിക്കുമ്പോള്‍, ഇസ്രായേല്‍ അനുകൂല സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ഈ കൂടിക്കാഴ്ച, അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനും തങ്ങളുടെ കുറ്റകൃത്യങ്ങള്‍ക്ക് മതപരമായ പിന്തുണയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുമുള്ള ഇസ്രായേലിന്റെ ആസൂത്രിതമായ ഒരു പ്രചരണ തന്ത്രം മാത്രമാണെന്ന് വ്യക്തമാണ്.

Related Stories