Skip to content
Kerala

അയാളുടെ നട്ടെല്ല് വളയില്ലായിരുന്നു!,യാത്രയയപ്പില്ലാതെ പറഞ്ഞയച്ച ആ ഡി.ജി.പിയുടെ മകളെ സതീശന്‍ കണ്ടപ്പോള്‍; വാര്‍ത്താജീവിതത്തിലെ മറക്കാനാവാത്ത സൗഹൃദം ഓര്‍ത്തെടുത്ത് മാധ്യമപ്രവര്‍ത്തകന്‍

വിജിലൻസ് ഡി ജി പി ആയിരിക്കെ ഉമ്മൻ‌ചാണ്ടി സർക്കാർ മാറി പിണറായി സർക്കാർ വന്നതോടെ അദ്ദേഹത്തെ ബീവറേജസ് എം ഡി ആക്കി. പിന്നീട് റിട്ടയർ ചെയ്യുന്നത് വരെ സമ്പൂർണ അവഗണന ആയിരുന്നു. ടി പി ചന്ദ്രശേഖരൻ വധകേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നു അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി നൽകിയ റിപ്പോർട്ട് എൻഡോഴ്‌സ് ചെയ്തു മുകളിലേക്ക് അയച്ചു എന്നതായിരുന്നു കുറ്റം. ഉത്തര മേഖലാ എ ഡി ജി പി ആയിരിക്കെയാണ് സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ റിപ്പോർട്ട് പൊലീസ് ആസ്ഥാനത്തേക്ക് അയച്ചത്.

W

web desk

Published on: 24 Nov 2026, 11:36 am

അയാളുടെ നട്ടെല്ല് വളയില്ലായിരുന്നു!,യാത്രയയപ്പില്ലാതെ പറഞ്ഞയച്ച ആ ഡി.ജി.പിയുടെ മകളെ സതീശന്‍ കണ്ടപ്പോള്‍; വാര്‍ത്താജീവിതത്തിലെ മറക്കാനാവാത്ത സൗഹൃദം ഓര്‍ത്തെടുത്ത് മാധ്യമപ്രവര്‍ത്തകന്‍

ബാബുരാജ് കൃഷ്ണന്‍

മുഖ്യമന്ത്രി വി ഡി സതീശനെ സ്വീകരിക്കുന്ന പുട്ടപർത്തി എം എൽ എ സിന്ധുര റെഡ്ഡിയെ അറിയാമോ? സതീശനെ ഷാൾ അണിയിക്കുന്ന ശങ്കർ റെഡ്‌ഡിയുടെ മകൾ. കേരളത്തിൽ ഡി ജി പി ആയിരുന്ന ശങ്കർ റെഡ്‌ഡി.
ഇന്നു കാലത്തു അദ്ദേഹം വാട്സാപ്പിൽ അയച്ചതാണ് ഈ ചിത്രം. അദ്ദേഹത്തിന്റെ അനുവാദം ഇല്ലാതെയാണ് ഇതു ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യുന്നത്.
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ആയിരുന്ന കാലത്തു തുടങ്ങിയ സൗഹൃദമാണ്.

അക്കാലത്തു കോഴിക്കോട് മാധ്യമം ലേഖകനും കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ സെക്രട്ടറിയുമായിരുന്നു. പത്രപ്രവർത്തകരുടെ അടുത്ത സുഹൃത്ത്. സ്ഥലം മാറിപോയ ശേഷം ഉത്തരമേഖലാ എ ഡി ജി പിയായി അദ്ദേഹം തിരിച്ചു കോഴിക്കോട്ടെത്തി. പിന്നീട് വിജിലൻസ് ഡയറക്ടർ ആയി തിരുവനന്തപുരത്ത്. പിന്നീട് ഡിജിപി.

എ കെ ആന്റണി സർക്കാരിന്റെ കാലത്തെ വിവാദമായ രണ്ടു പൊലീസ് നടപടികൾ ശങ്കർ റെഡ്ഢി സാറിന്റെ മേൽനോട്ടത്തിൽ ആയിരുന്നു. ഒന്നു ശിവഗിരിയിലെ പൊലീസ് ആക്ഷൻ. രണ്ടു മുത്തങ്ങയിലെ പൊലീസ് നടപടി. ആദ്യത്തേത് അദ്ദേഹം തിരുവനന്തപുരം റൂറൽ എസ് പി ആയിരിക്കെ. രണ്ടാമത്തേത് കണ്ണൂർ ഡി ഐ ജി ആയിരിക്കെ. ഈ രണ്ടു നടപടികളെക്കുറിച്ചും മാധ്യമം ലേഖകൻ എന്ന നിലയിൽ റിപ്പോർട്ട് തയ്യാറാക്കി എന്നത് യാദൃശ്ചികതയായിരിക്കാം.

ശിവഗിരി ആക്ഷനെക്കുറിച്ച് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കാനാണ് പോയത്. മൂന്നാലു ദിവസം അവിടെ ഉണ്ടായിരുന്നു. സ്വാമി പ്രകാശാനന്ദ, ശാശ്വതീകാനന്ദ എന്നിവരെ കണ്ടു അഭിമുഖം നടത്തി. കൊല്ലം പന്മന ആശ്രമത്തിൽ പോയി സ്വാമി കൈവല്യാനന്ദയെയും കണ്ടു. പൊലീസ് ആക്ഷന് ശേഷവും കനത്ത പൊലീസ് വലയത്തിൽ ആയിരുന്നു ശിവഗിരി.

മുത്തങ്ങ വെടിവെപ്പ് നടന്നപ്പോൾ മാധ്യമം കോഴിക്കോട് ബ്യുറോചീഫ് ആയിരുന്നു. എഡിറ്ററുടെ നിർദേശ പ്രകാരമാണ് അവിടേക്ക് പോയത്. റോഡിനു കുറുകെ കയർ കെട്ടി പൊലീസ് ആളുകളെ തടഞ്ഞിരുന്നു. സംഭവ സ്ഥലത്തേക്ക് പൂർണ നിരോധനം. ശങ്കർ റെഡ്ഢി സാറിനെ വിളിച്ചപ്പോൾ അദ്ദേഹം ഒരു എസ് ഐയെ പറഞ്ഞയച്ചു കൂട്ടിക്കൊണ്ടു വരാൻ. ആദിവാസികളുടെ പക്ഷത്തു നിന്നായിരുന്നു അന്നു മാധ്യമത്തിന്റെ റിപ്പോർട്ടുകൾ. അതു സൗഹൃദത്തെ ഒട്ടും ബാധിച്ചില്ല.

വിജിലൻസ് ഡി ജി പി ആയിരിക്കെ ഉമ്മൻ‌ചാണ്ടി സർക്കാർ മാറി പിണറായി സർക്കാർ വന്നതോടെ അദ്ദേഹത്തെ ബീവറേജസ് എം ഡി ആക്കി. പിന്നീട് റിട്ടയർ ചെയ്യുന്നത് വരെ സമ്പൂർണ അവഗണന ആയിരുന്നു. ടി പി ചന്ദ്രശേഖരൻ വധകേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നു അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി നൽകിയ റിപ്പോർട്ട് എൻഡോഴ്‌സ് ചെയ്തു മുകളിലേക്ക് അയച്ചു എന്നതായിരുന്നു കുറ്റം. ഉത്തര മേഖലാ എ ഡി ജി പി ആയിരിക്കെയാണ് സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ റിപ്പോർട്ട് പൊലീസ് ആസ്ഥാനത്തേക്ക് അയച്ചത്.

യാത്രയയപ്പ് പോലും വാങ്ങാതെയാണ് ദീർഘകാലത്തെ ഐ പി എസ് സർവീസ് അവസാനിപ്പിച്ചു അദ്ദേഹം ജന്മനാട്ടിലേക്ക് മടങ്ങിയത്. പോകുന്നതിന്റെ തലേന്ന് എന്നെ വിളിച്ചു. ബാബു, ഞാൻ നാളെ റിട്ടയർ ചെയ്യുന്നു. നാളെത്തന്നെ നാട്ടിലേക്ക് പോകുന്നു. ആരോടും പരിഭവമില്ലാതെ ശങ്കർ റെഡ്ഢി സാർ അങ്ങനെ കേരളം വിട്ടു. വാട്സാപ്പിൽ ഇടയ്ക്കു ഒരു കുറിപ്പുമായി ആ സൗഹൃദം ഇപ്പോഴും തുടരുന്നു. വാർത്താ ജീവിതത്തിൽ അവശേഷിക്കുന്നത് ഇതു പോലുള്ള അത്യപൂർവ സ്നേഹ സൗഹൃദങ്ങൾ മാത്രം.

Related Stories