മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്ര, ഉറവിടവും ചെലവുകളും വ്യക്തമാക്കണമെന്ന് എസ്.ഡി.പി.ഐ
മുൻ യാത്രകളുടെ സാമ്പത്തിക ഉറവിടം സംബന്ധിച്ച വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് മറ്റൊരു ആഡംബര വിമാനയാത്രയുടെ വിവരങ്ങൾ കൂടി പുറത്തുവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രകളുടെ സാമ്പത്തിക ഉറവിടവും ചെലവുകളും സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ വിമർശനമുന്നയിച്ചത്. മുൻ യാത്രകളുടെ സാമ്പത്തിക ഉറവിടം സംബന്ധിച്ച വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് മറ്റൊരു ആഡംബര വിമാനയാത്രയുടെ വിവരങ്ങൾ കൂടി പുറത്തുവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മണിക്കൂറിന് ഏകദേശം എട്ട് ലക്ഷം രൂപ വാടകയുള്ള 'ഹോക്കർ 4000' എന്ന ആഡംബര ബിസിനസ് ജെറ്റാണ് മുഖ്യമന്ത്രിയുടെ പുതിയ യാത്രയ്ക്കായി ഉപയോഗിച്ചതെന്നാണ് സി.പി.എ. ലത്തീഫ് ആരോപിക്കുന്നത്. ദുബായ് ആസ്ഥാനമായുള്ള ട്രാൻസ്‌വേൾഡ് ജെറ്റ്‌സ് ഓപ്പറേറ്റ് ചെയ്യുന്ന ഈ വിമാനത്തിൽ എട്ടോ ഒമ്പതോ പേർക്കാണ് യാത്ര ചെയ്യാനാകുക. മുഖ്യമന്ത്രി പദവിയിലെത്തുന്നതിന് മുൻപ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ് നടത്തിയ മംഗലാപുരം യാത്രയുടെയും, സെപ്റ്റംബർ 21-ന് മലപ്പുറത്തെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ 19.88 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ യാത്രയുടെയും വിവരങ്ങൾ ഇപ്പോഴും ദുരൂഹമായി തുടരുകയാണെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.
യാത്രകൾക്കായി സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവഴിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം കൊണ്ട് മാത്രം സുതാര്യത ഉറപ്പാകുന്നില്ലെന്ന് സി.പി.എ. ലത്തീഫ് അഭിപ്രായപ്പെട്ടു. ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ഇത്തരം യാത്രകൾ സ്പോൺസർ ചെയ്യുന്ന വ്യക്തികളുടെയും കമ്പനികളുടെയും വിവരങ്ങൾ വെളിപ്പെടുത്താൻ എന്താണ് തടസ്സമെന്ന് അദ്ദേഹം ചോദിച്ചു. സ്പോൺസർമാർക്ക് സർക്കാരുമായി സാമ്പത്തികമോ വാണിജ്യപരമോ ആയ ഇടപാടുകളുണ്ടോ എന്നും, ഭാവിയിലെ സർക്കാർ തീരുമാനങ്ങളിൽ ഇത് താൽപര്യസംഘർഷത്തിന് കാരണമാകില്ലെന്ന് എങ്ങനെ ഉറപ്പുവരുത്താനാകുമെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രകളെയല്ല, മറിച്ച് പൊതുപദവി വഹിക്കുന്ന ഒരാൾക്ക് ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങളിലെ സുതാര്യതയെയാണ് ചോദ്യം ചെയ്യുന്നതെന്ന് ലത്തീഫ് വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രാവിവാദങ്ങളിൽ ഉയർന്ന ധാർമികവും സാമ്പത്തികവുമായ ചോദ്യങ്ങൾ ഇന്നത്തെ മുഖ്യമന്ത്രിക്കും ബാധകമാണ്. അതിനാൽ മംഗലാപുരം യാത്ര മുതൽ ഏറ്റവും പുതിയ യാത്ര വരെയുള്ള ചെലവുകളും സ്പോൺസർമാരുടെ വിവരങ്ങളും വെളിപ്പെടുത്താൻ വി.ഡി. സതീശൻ തയ്യാറാകണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.
Related Stories

‘അവിടെ ശോഭാ സുരേന്ദ്രനടക്കം പദവി കിട്ടുന്നില്ല’; ബി.ജെ.പിയിൽ ചേർന്നതിൽ ദുഃഖമുണ്ടെന്ന് പദ്മിനി തോമസ്
web desk · 2 minutes ago

പരുതൂർ സ്കൂൾ വെടിവെപ്പ്; സഹപാഠിയെ കൊല്ലാൻ തന്നെയാണ് കുട്ടി തോക്കുമായെത്തിയതെന്ന് ടി.എം ശശി എംഎൽഎ
web desk · 3 hours ago

ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്ന കേസിലെ പ്രതികള്‍ ഇപ്പോള്‍ ജീവനോടെയില്ലെന്ന് മനസ്സിലാക്കിയാല്‍ നന്ന്, പ്രകോപന പ്രസംഗവുമായി സിപിഎം നേതാവ്
web desk · 8 hours ago

ആർക്കെതിരെയും സൈബർ അറ്റാക്ക് നടത്തിയിട്ടില്ല, ഷാഫിയോടുള്ളത് ഗുരു-ശിഷ്യ ബന്ധമല്ല സഹോദരസ്നേഹം: രാഹുൽ മാങ്കൂട്ടത്തിൽ
web desk · 23 hours ago
