Skip to content
Kerala

ആർക്കെതിരെയും സൈബർ അറ്റാക്ക് നടത്തിയിട്ടില്ല, ഷാഫിയോടുള്ളത് ഗുരു-ശിഷ്യ ബന്ധമല്ല സഹോദരസ്നേഹം: രാഹുൽ മാങ്കൂട്ടത്തിൽ

നാട്ടിൽ എന്ത് വിവാദമുണ്ടാകുമ്പോഴും തന്റെ പേര് കൂടി അതിൽ ചേർത്ത് വെക്കുന്നത് ഒരു ട്രെൻഡായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

W

web desk

Published on: 25 Nov 2026, 5:57 pm

ആർക്കെതിരെയും സൈബർ അറ്റാക്ക് നടത്തിയിട്ടില്ല, ഷാഫിയോടുള്ളത് ഗുരു-ശിഷ്യ ബന്ധമല്ല സഹോദരസ്നേഹം: രാഹുൽ മാങ്കൂട്ടത്തിൽ

താൻ ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്നും തനിക്ക് സൈബർ സേനയില്ലെന്നും പാലക്കാട് മുന്‍ എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിൽ. ഷാഫി പറമ്പിലും താനും തമ്മിലുള്ളത് സഹോദരസ്നേഹമാണെന്നും ഗുരു-ശിഷ്യ ബന്ധമല്ലെന്നും അദ്ദേഹം പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു. നാട്ടിൽ എന്ത് വിവാദമുണ്ടാകുമ്പോഴും തന്റെ പേര് കൂടി അതിൽ ചേർത്ത് വെക്കുന്നത് ഒരു ട്രെൻഡായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്‌മോഹൻ ഉണ്ണിത്താൻ തന്റെ പേര് പരാമർശിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും, പറഞ്ഞാലും ഇല്ലെങ്കിലും താൻ അത്തരമൊരു സൈബർ ആക്രമണം നടത്തിയിട്ടില്ലെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് പാർട്ടിക്കുള്ളിലെ ഏതെങ്കിലും വ്യക്തിക്കെതിരായി താൻ ഒരുകാലത്തും ഇത്തരം പ്രവൃത്തികൾ ചെയ്തിട്ടില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ സ്വന്തം പ്രൊഫൈലിലൂടെ പറയുമെന്നതിനപ്പുറം സൈബർ സേനയെ വിന്യസിച്ച് ആക്രമണം നടത്തുന്ന രീതി തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തിൽ രാജ്‌മോഹൻ ഉണ്ണിത്താനോ അദ്ദേഹത്തെ സ്നേഹിക്കുന്ന ആർക്കെങ്കിലുമോ എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ഇന്ന് നാട്ടിലെ ഏതൊരു കോൺഗ്രസുകാരനും വിശ്വസിക്കാവുന്ന ഒരു സർക്കാരാണ് ഭരിക്കുന്നതെന്ന് രാഹുൽ ഓർമ്മിപ്പിച്ചു. അവർക്ക് ഒരു പരാതി നൽകിയാൽ അന്വേഷണത്തിലൂടെ തനിക്ക് ഇതിൽ എന്തെങ്കിലും പങ്കുണ്ടോ ഇല്ലയോ എന്ന് കൃത്യമായി വ്യക്തമാക്കാൻ സാധിക്കുമെന്നും താൻ അങ്ങനെയൊരു തെറ്റും ചെയ്തിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ഉണ്ണിത്താൻ - ഷാഫി തർക്കവുമായി ബന്ധപ്പെട്ട് സൈബർ ആക്രമണങ്ങളെച്ചൊല്ലി പാർട്ടിക്കുള്ളിൽ വലിയ വിവാദങ്ങൾ പുകയുന്നതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഈ പ്രതികരണം. തനിക്കെതിരെ സൈബർ ആക്രമണം നടത്തിയവർക്കെതിരെ നടപടി വേണമെന്ന് ഉണ്ണിത്താൻ കർശന നിലപാടെടുത്ത സാഹചര്യത്തിൽ, ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണ് രാഹുൽ.

തനിക്ക് നേരയും സൈബര്‍ ആക്രമണമുണ്ടായിട്ടുണ്ട്, അതപ്പോള്‍ ആരുടെ ക്വട്ടേഷനാണ് എന്ന് രാഹുല്‍ ചോദിച്ചു. ഉമ്മന്‍ചാണ്ടി, വി ഡി സതീശന്‍, കെസി വേണുഗോപാല്‍ എന്നിവരെ സൈബറിടത്തില്‍ ആക്രമിക്കുന്നു. ഇതൊന്നും ക്വട്ടേഷനല്ല. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കാലത്ത് പി വി അന്‍വറിനെ കാണാന്‍ പോയതില്‍ വലിയ വിമര്‍ശനം നേരിട്ടു. കേസിന്റെ സമയത്തും അത്തരം അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടായി – രാഹുല്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ചരടുവലി ഉണ്ടായിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് മറുപടി പറയുന്നില്ല. ഉമ്മന്‍ ചാണ്ടി വികാരമാണ്. തന്നെ കെപിസിസി അംഗമാക്കിയതും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന സെക്രട്ടറി ആക്കിയതും ഉമ്മന്‍ ചാണ്ടിയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Related Stories