Skip to content
Kerala

‘അവിടെ ശോഭാ സുരേന്ദ്രനടക്കം പദവി കിട്ടുന്നില്ല’; ബി.ജെ.പിയിൽ ചേർന്നതിൽ ദുഃഖമുണ്ടെന്ന് പദ്മിനി തോമസ്

നേതാക്കളെ കാണാൻപോലും ബുദ്ധിമുട്ടാണെന്നും കാണാൻ ചെല്ലുമ്പോൾ പലപ്പോഴും പ്രസിഡന്റ് അവിടെയുണ്ടാകില്ലെന്നും അവർ പറഞ്ഞു. പ്രസിഡന്റ് സെക്രട്ടറിയോട് പറയുന്ന കാര്യങ്ങൾ സെക്രട്ടറി ചെയ്യില്ലെന്നും ഇങ്ങനെ ഒരുപാട് സമയം നഷ്ടപ്പെടുകയാണെന്നും പദ്മിനി തോമസ് കൂട്ടിച്ചേർത്തു.

W

web desk

Published on: 26 Nov 2026, 5:53 pm

‘അവിടെ ശോഭാ സുരേന്ദ്രനടക്കം പദവി കിട്ടുന്നില്ല’; ബി.ജെ.പിയിൽ ചേർന്നതിൽ ദുഃഖമുണ്ടെന്ന് പദ്മിനി തോമസ്

ബി.ജെ.പിയിൽ ചേർന്നതിൽ ദുഃഖമുണ്ടെന്നും ആ തെറ്റ് തിരുത്തുകയാണെന്നും മുൻ കായികതാരവും സ്പോർട്സ് കൗൺസിൻ മുൻ പ്രസിഡന്റുമായ പദ്മിനി തോമസ്. ശോഭാ സുരേന്ദ്രനും മുൻ ഡി.ജി.പി ആർ. ശ്രീലേഖയും ഉൾപ്പെടെയുള്ള വനിതാ നേതാക്കൾക്ക് അർഹമായ പദവികൾ ലഭിക്കുന്നില്ലെന്നും പാർട്ടിയിലെ ചില നിലപാടുകളുമായി യോജിച്ചുപോകാൻ കഴിയില്ലെന്നും അവർ പറഞ്ഞു. പത്മജ, ശ്രീലേഖ, ശോഭാ സുരേന്ദ്രൻ എന്നിവർക്കൊക്കെ പല പദവികളും കിട്ടേണ്ടതായിരുന്നുവെന്നും എന്നാൽ ഒന്നും മുന്നോട്ടുപോകുന്നില്ലെന്നും പദ്മിനി കുറ്റപ്പെടുത്തി.

നേതാക്കളെ കാണാൻപോലും ബുദ്ധിമുട്ടാണെന്നും കാണാൻ ചെല്ലുമ്പോൾ പലപ്പോഴും പ്രസിഡന്റ് അവിടെയുണ്ടാകില്ലെന്നും അവർ പറഞ്ഞു. പ്രസിഡന്റ് സെക്രട്ടറിയോട് പറയുന്ന കാര്യങ്ങൾ സെക്രട്ടറി ചെയ്യില്ലെന്നും ഇങ്ങനെ ഒരുപാട് സമയം നഷ്ടപ്പെടുകയാണെന്നും പദ്മിനി തോമസ് കൂട്ടിച്ചേർത്തു.

രണ്ടര വർഷത്തെ ബി.ജെ.പി പ്രവർത്തനത്തിനിടെ പാർട്ടിയുടെ പ്രവർത്തനരീതികൾ മനസ്സിലാക്കാൻ കഴിഞ്ഞുവെന്നും ചെറിയൊരു വിഷമത്തിന്റെ പുറത്ത് എടുത്തുചാടി ചെയ്ത കാര്യമായിരുന്നു ബി.ജെ.പി പ്രവേശനമെന്നും അവർ വ്യക്തമാക്കി. ഉപാധികളൊന്നും മുന്നോട്ടുവെച്ചല്ല ബി.ജെ.പിയിൽ ചേർന്നതെന്നും കായിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കാളിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതൊന്നും നടപ്പായില്ലെന്നും അവർ പറഞ്ഞു.

അർജുന പുരസ്‌കാരത്തിനുള്ള ശിപാർശ മുതൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പദവി വരെയുള്ള നേട്ടങ്ങളിൽ തനിക്കൊപ്പം നിന്നത് കോൺഗ്രസ് പാർട്ടിയാണെന്നും തെറ്റ് തിരുത്താൻ അവസരം നൽകുമെന്ന് വിശ്വാസമുണ്ടെന്നും പദ്മിനി പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ച അനുകൂലമായിരുന്നുവെന്നും കോൺഗ്രസിലേക്ക് മടങ്ങാൻ കത്ത് നൽകിയിട്ടുണ്ടെന്നും നേതാക്കൾ കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അവർ വ്യക്തമാക്കി.

Related Stories