Skip to content
Sports

ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു; കായിക ലോകത്തിന് കനത്ത നഷ്ടം

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും പ്രശസ്ത പരിശീലകനുമായ ജസ്പാൽ റാണ (49) അന്തരിച്ചു. ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ വ്യാഴാഴ്ച രാത്രി അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ന്യൂഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ തന്നെ സാകേതിലെ മാക്സ് ആശുപത്രിയിൽ പ

N

News Desk

Published on: 12 Jun 2026, 11:39 am

ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു; കായിക ലോകത്തിന് കനത്ത നഷ്ടം

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും പ്രശസ്ത പരിശീലകനുമായ ജസ്പാൽ റാണ (49) അന്തരിച്ചു. ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ വ്യാഴാഴ്ച രാത്രി അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ന്യൂഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ തന്നെ സാകേതിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും വെള്ളിയാഴ്ച രാവിലെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

മൂന്ന് പതിറ്റാണ്ടിലേറെയായി അത്‌ലറ്റായും കോച്ചായും ഇന്ത്യൻ ഷൂട്ടിങ് മേഖലയ്ക്ക് കനപ്പെട്ട സംഭാവനകൾ നൽകിയ ജസ്പാൽ റാണയുടെ അകാല വിയോഗം രാജ്യത്തിന് നികത്താനാകാത്ത നഷ്ടമാണ്. 1990കളിൽ അന്താരാഷ്ട്ര ഷൂട്ടിങ് രംഗത്ത് ഇന്ത്യയുടെ കരുത്തായി മാറിയ റാണ, രാജ്യത്ത് ഈ കായിക വിനോദത്തെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. പിസ്റ്റൾ വിഭാഗത്തിൽ ഏഷ്യൻ ഗെയിംസിൽ നാലും കോമൺവെൽത്ത് ഗെയിംസിൽ ഒൻപതും സ്വർണമെഡലുകൾ വാരിക്കൂട്ടിയ അദ്ദേഹം 2006 ദോഹ ഏഷ്യൻ ഗെയിംസിൽ ലോക റെക്കോർഡിനൊപ്പമെത്തി ചരിത്രം കുറിച്ചിരുന്നു.

മത്സര രംഗത്തു നിന്നും വിരമിച്ച ശേഷം 2012 മുതൽ മികച്ചൊരു പരിശീലകനായി മാറിയ അദ്ദേഹം ഇന്ത്യയ്ക്കായി ഒരുപിടി മികച്ച യുവ ഷൂട്ടർമാരെ വാർത്തെടുത്തു. അദ്ദേഹത്തിന്റെ പരിശീലന തന്ത്രങ്ങളുടെ മികവിലാണ് 2024ലെ പാരിസ് ഒളിംപിക്സിൽ രണ്ട് വെങ്കല മെഡലുകൾ നേടി ചരിത്രം കുറിക്കാൻ ഒളിംപ്യൻ മനു ഭാക്കർക്ക് സാധിച്ചത്. മനുവിനെക്കൂടാതെ സൗരഭ് ചൗധരി, അനീഷ് ഭൻവാല, ചിങ്കി യാദവ് തുടങ്ങി അന്താരാഷ്ട്ര തലത്തിൽ തിളങ്ങിയ നിരവധി താരങ്ങൾ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വളർന്നവരാണ്.

കായിക രംഗത്തെ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തി രാജ്യം അദ്ദേഹത്തെ അർജുന അവാർഡും പദ്മശ്രീയും നൽകി ആദരിച്ചിട്ടുണ്ട്. 2020ൽ മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാർഡും അദ്ദേഹത്തിന് ലഭിച്ചു. 2025 ഫെബ്രുവരിയിൽ നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI) അദ്ദേഹത്തെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിന്റെ ഹൈ- പെർഫോമൻസ് കോച്ചായി നിയമിച്ചിരുന്നു. മരണം വരെ അദ്ദേഹം ഈ പദവിയിൽ സജീവമായി തുടർന്നുപോരുകയായിരുന്നു

Related Stories