Skip to content
Kerala

'സംഘം നിറവേറ്റുന്നത് സാംസ്കാരിക കർത്തവ്യം'; ആർഎസ്എസിനെ പ്രശംസകൊണ്ട് മൂടി മോഹന്‍ലാല്‍

ദേശസ്നേഹത്തിലും ദേശീയ ബോധത്തിലും വേരുറപ്പിച്ച മാധ്യമപ്രവർത്തനവും സാമൂഹ്യ ഇടപെടലുകളുമാണ് കേസരിക്ക് പിന്നിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രവർത്തനം ആരംഭിച്ചതോടെ സംഘം അവിടെ ഒരു സാംസ്കാരിക കർത്തവ്യമാണ് നിറവേറ്റിയതെന്നും രാജ്യം നിലനിന്നാൽ മാത്രമേ ഈ സംസ്കൃതി നിലനിൽക്കൂ എന്ന സത്യം കേസരി എക്കാലത്തും സമൂഹത്തോട് വിളിച്ചുപറഞ്ഞിട്ടുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

W

web desk

Published on: 23 Nov 2026, 8:13 pm

'സംഘം നിറവേറ്റുന്നത് സാംസ്കാരിക കർത്തവ്യം'; ആർഎസ്എസിനെ പ്രശംസകൊണ്ട് മൂടി മോഹന്‍ലാല്‍

ആർഎസ്എസ് മുഖവാരികയായ കേസരിയുടെ ചടങ്ങിൽ ആർഎസ്എസിനെ പ്രശംസിച്ച് നടൻ മോഹൻലാൽ. കേസരിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് കേസരി ഭവനിൽ സജ്ജമാക്കിയ മാതംഗി മൾട്ടിമീഡിയ റെക്കോർഡിങ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസരി എന്ന് കേൾക്കുമ്പോൾ മനസ്സിൽ വീരത്വത്തിന്റെയും ശൂരത്വത്തിന്റെയും ഗർജ്ജനമാണ് ഉണരുന്നതെന്നും അത് ആത്മാഭിമാനത്തിന്റെയും ദേശാഭിമാനത്തിന്റെയും മറുവാക്കാണെന്നും മോഹൻലാൽ പറഞ്ഞു.

ദേശസ്നേഹത്തിലും ദേശീയ ബോധത്തിലും വേരുറപ്പിച്ച മാധ്യമപ്രവർത്തനവും സാമൂഹ്യ ഇടപെടലുകളുമാണ് കേസരിക്ക് പിന്നിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രവർത്തനം ആരംഭിച്ചതോടെ സംഘം അവിടെ ഒരു സാംസ്കാരിക കർത്തവ്യമാണ് നിറവേറ്റിയതെന്നും രാജ്യം നിലനിന്നാൽ മാത്രമേ ഈ സംസ്കൃതി നിലനിൽക്കൂ എന്ന സത്യം കേസരി എക്കാലത്തും സമൂഹത്തോട് വിളിച്ചുപറഞ്ഞിട്ടുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

ഭാരതം എന്ന സംസ്കൃതിയുടെ പാഠങ്ങൾ തലമുറകളിലേക്ക് പകർന്നുനൽകാൻ കേസരിക്ക് സാധിച്ചിട്ടുണ്ടെന്നും ലക്ഷ്യബോധമുള്ള ഈ യാത്രയെ അർത്ഥപൂർണ്ണമാക്കിയ നിസ്വാർത്ഥരായ നിരവധി പേരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവരിൽ പി. പരമേശ്വർജിയെ പ്രത്യേകം സ്മരിക്കുന്നതായും മോഹൻലാൽ പറഞ്ഞു.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും രാജ്യസ്നേഹവും ദേശീയ ബോധവും ലയിച്ചുചേരണമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും അവ വെറും മുദ്രാവാക്യങ്ങളല്ലെന്നും മോഹൻലാൽ വ്യക്തമാക്കി. അഭിനയമെന്ന കലയിലൂടെ കഴിയുന്ന വിധം രാജ്യത്തെ സേവിക്കുകയാണ് ചെയ്യുന്നതെന്നും പൗരന്മാരിൽ ഈ ബോധം ഉണർത്തുന്നതിൽ കേസരി പോലുള്ള മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Stories