Skip to content
Kerala

'മറ്റ് പലരും ഒളിച്ചോടിയപ്പോൾ ഉണ്ണിത്താൻ ഉമ്മൻ ചാണ്ടിയെ തീവ്രമായി പിന്തുണച്ചു' ഷാഫിക്കെതിരെ ഒളിയമ്പുമായി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ

ഉമ്മൻ ചാണ്ടി ഷാഫി പറമ്പിലിനെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നുവെങ്കിലും തിരിച്ച് അങ്ങനെ സ്നേഹിച്ചോ എന്ന് തനിക്ക് പറയാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

W

web desk

Published on: 24 Nov 2026, 6:33 pm

'മറ്റ് പലരും ഒളിച്ചോടിയപ്പോൾ ഉണ്ണിത്താൻ ഉമ്മൻ ചാണ്ടിയെ തീവ്രമായി പിന്തുണച്ചു' ഷാഫിക്കെതിരെ ഒളിയമ്പുമായി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ

ഷാഫി പറമ്പിലിനെതിരായ വിമർശനങ്ങളിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് പൂർണ്ണ പിന്തുണയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പങ്കാളി മറിയാമ്മ ഉമ്മൻ രംഗത്തെത്തി. ഉണ്ണിത്താൻ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നും അദ്ദേഹം നട്ടെല്ല് നിവർത്തിയാണ് നിലപാട് വ്യക്തമാക്കിയതെന്നും മറിയാമ്മ ഉമ്മൻ പ്രതികരിച്ചു. രാജ്മോഹൻ ഉണ്ണിത്താനെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അവരുടെ പ്രതികരണം.

ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും കൊച്ചു പിള്ളേരായിരുന്നുവെന്നും അക്കാലത്ത് 'എ' ഗ്രൂപ്പിനെ നയിക്കാൻ മുതിർന്ന നേതാക്കളുണ്ടായിരുന്നുവെന്നും മറിയാമ്മ ഉമ്മൻ ചൂണ്ടിക്കാട്ടി. പത്ത് വർഷത്തിന് ശേഷമാണ് ഭരണം ലഭിച്ചതെന്നും അത് നന്നായി മുന്നോട്ട് കൊണ്ടുപോകണമെന്നും അവർ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ ഘട്ടത്തിൽ മാറിനിന്നവർ ഏറെയുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയുടെ ഡയറിയിൽ ജെ.എസ്. അഖിലിന്റെ പേരാണ് ഉണ്ടായിരുന്നതെന്നും മറിയാമ്മ ഉമ്മൻ വ്യക്തമാക്കി. ഉമ്മൻ ചാണ്ടി ഷാഫി പറമ്പിലിനെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നുവെങ്കിലും തിരിച്ച് അങ്ങനെ സ്നേഹിച്ചോ എന്ന് തനിക്ക് പറയാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

മറ്റ് പലരും ഒളിച്ചോടിയപ്പോൾ രാജ്മോഹൻ ഉണ്ണിത്താൻ ഉമ്മൻ ചാണ്ടിയെ തീവ്രമായി പിന്തുണച്ചുവെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് നേരെയുണ്ടായതുപോലെയുള്ള സൈബർ ആക്രമണം മറ്റാർക്കും നേരിടേണ്ടി വന്നിട്ടില്ലെന്നും, ഫേസ്ബുക്കും വാട്സ്ആപ്പും ഉപയോഗിക്കാത്തതിനാലാണ് തനിക്ക് മനസ്സമാധാനം ലഭിക്കുന്നതെന്നും അവർ വ്യക്തമാക്കി.

Related Stories