Skip to content
Kerala

ആറാം മാസം ഗ്രൂപ്പ് കളി പരസ്യമാക്കി കെ സി പക്ഷം, മന്ത്രിസഭയിൽ നിന്ന് തന്നെ തുടക്കം

പി.എസ്.സി അംഗങ്ങളുടെ പേര് മുഖ്യമന്ത്രി മന്ത്രിസഭയിൽ വായിച്ചു. ഒരു ലീഗ് പ്രതിനിധി അടക്കം അഞ്ച് പേരുടെ പേരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ കോൺഗ്രസ് അംഗങ്ങളായ നാല് പേരുടെ കാര്യത്തിൽ അനിൽകുമാർ എതിർപ്പ് അറിയിച്ചു. കെ.സി. പക്ഷത്തെ മന്ത്രിമാരായ എം. ലിജുവും സണ്ണി ജോസഫും അനിൽകുമാറിനെ പിന്തുണച്ചു. ഇതോടെയാണ് തർക്കം രൂക്ഷമായത്. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കമാണ് പ്രശ്നത്തിന്റെ മർമം എന്ന് മനസ്സിലാക്കിയ ഘടകക്ഷി മന്ത്രിമാർ ഈ തർക്കത്തിൽ ഇടപെട്ടില്ല.

W

web desk

Published on: 18 Nov 2026, 2:16 pm

ആറാം മാസം ഗ്രൂപ്പ് കളി പരസ്യമാക്കി കെ സി പക്ഷം, മന്ത്രിസഭയിൽ നിന്ന് തന്നെ തുടക്കം

തിരുവനന്തപുരം: കോൺഗ്രസ് സർക്കാർ രൂപീകരിച്ച് കൃത്യം ആറാം മാസം കെ.സി. വേണുഗോപാൽ പക്ഷം പരസ്യമായ ഗ്രൂപ്പ് കളി പ്രഖ്യാപിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിൽ എ.പി. അനിൽകുമാറാണ് ആദ്യ വെടിപൊട്ടിച്ചത്. ഇന്നലെ രാത്രി കെ.സി. വേണുഗോപാലിന്റെ നിർദേശപ്രകാരം നടന്ന ഗ്രൂപ്പ് കൂടിയാലോചനകൾക്ക് ശേഷമാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽത്തന്നെ എതിർപ്പുന്നയിച്ചത്. പി.എസ്.സിയിലേക്ക് പുതുതായി നിയോഗിക്കേണ്ട അംഗങ്ങളെച്ചൊല്ലിയാണ് തർക്കം നടന്നത്.

പി.എസ്.സി അംഗങ്ങളുടെ പേര് മുഖ്യമന്ത്രി മന്ത്രിസഭയിൽ വായിച്ചു. ഒരു ലീഗ് പ്രതിനിധി അടക്കം അഞ്ച് പേരുടെ പേരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ കോൺഗ്രസ് അംഗങ്ങളായ നാല് പേരുടെ കാര്യത്തിൽ അനിൽകുമാർ എതിർപ്പ് അറിയിച്ചു. കെ.സി. പക്ഷത്തെ മന്ത്രിമാരായ എം. ലിജുവും സണ്ണി ജോസഫും അനിൽകുമാറിനെ പിന്തുണച്ചു. ഇതോടെയാണ് തർക്കം രൂക്ഷമായത്. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കമാണ് പ്രശ്നത്തിന്റെ മർമം എന്ന് മനസ്സിലാക്കിയ ഘടകക്ഷി മന്ത്രിമാർ ഈ തർക്കത്തിൽ ഇടപെട്ടില്ല.

ആറുമാസത്തിനിടെ നിരവധി വിവാദങ്ങളിൽപ്പെട്ടെങ്കിലും താരതമ്യേന മികച്ച ഭരണമാണ് യു.ഡി.എഫ്. സർക്കാർ കാഴ്ചവെക്കുന്നത്. ഇക്കാര്യത്തിൽ പൊതുജനാഭിപ്രായവും സർക്കാരിന് അനുകൂലമാണ്. ഇത് മുഖ്യമന്ത്രിയെന്ന നിലയിൽ വി.ഡി. സതീശന്റെ ഗ്രാഫ് ഉയർത്തുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് കെ.സി. പക്ഷം എതിർപ്പ് ഉയർത്തിത്തുടങ്ങുന്നത്. ഇതിന് കെ.സി. വേണുഗോപാൽ തന്നെ നിർദേശം നൽകിയതായാണ് വിവരം.

നേരത്തെയും മന്ത്രിസഭാ യോഗങ്ങളിൽ മന്ത്രിമാർ എതിരഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ആ വിവരം മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കാറുണ്ടായിരുന്നില്ല. ഇത്തവണ വിവരം കെ.സി. അനുകൂലികളായ മാധ്യമപ്രവർത്തകർക്ക് ചോർത്തി നൽകി അതൊരു പൊതുപ്രശ്നമാക്കി മാറ്റാൻ കെ.സി. പക്ഷത്തിന് കഴിഞ്ഞു. ഡൽഹി യാത്രയുള്ളതിനാൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഒഴിവാക്കിയിരുന്നു. ഇതും തങ്ങൾക്ക് അനുകൂലമാകുമെന്ന് തിരിച്ചറിഞ്ഞാണ് കെ.സി. പക്ഷം ഇന്നുതന്നെ വാർത്ത പുറത്തുവിട്ടത്.

ബോർഡ്-കോർപ്പറേഷൻ വിഭജനത്തിൽ കോൺഗ്രസിൽ ഇതുവരെ തീരുമാനമായിട്ടില്ല. കോൺഗ്രസിൽ ഇതിന് പ്രധാന തടസ്സം കെ.സി. പക്ഷം തന്നെയാണ്. ഇതിനിടെ എ ഗ്രൂപ്പും അവരുടെ വിഹിതവും ചർച്ചകളിലെ പങ്കാളിത്തവും ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എ ഗ്രൂപ്പിന്റെ നീക്കത്തിന് പിന്നിലും കെ.സി. പക്ഷമുണ്ട് എന്നാണ് സതീശൻ ക്യാമ്പ് വിലയിരുത്തുന്നത്. ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനമെടുക്കാൻ കഴിയാത്ത തരത്തിൽ തർക്കമുണ്ടാക്കുകയും, എന്നാൽ ഏതെങ്കിലും പട്ടികയിൽ തീരുമാനം വരുമ്പോൾ അതിനെ എതിർക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോൾ കെ.സി. പക്ഷം സ്വീകരിക്കുന്നത് എന്ന ആക്ഷേപം പാർട്ടിക്കുള്ളിലും ഉയർന്നുതുടങ്ങിയിട്ടുണ്ട്. ഇത് സാധാരണ കോൺഗ്രസ് പ്രവർത്തകർക്കിടയിലും കടുത്ത അമർഷമാണ് സൃഷ്ടിക്കുന്നത്.

Related Stories