Skip to content
Kerala

കോൺഗ്രസ്-ലീഗ് ഭിന്നത രൂക്ഷമാകുന്നു; കെ.സി. വേണുഗോപാല്‍ പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്നതായി വിലയിരുത്തലില്‍ ലീഗ്

നേരത്തെ സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ലീഗിന് ക്ഷണം ലഭിക്കാതിരുന്നതും, ഇന്ത്യാ സഖ്യത്തിന്റെ വിവിധ പരിപാടികളിൽ ലീഗിനെ തുടർച്ചയായി മാറ്റിനിർത്തുന്നുവെന്ന ചർച്ചകളും ഉയർന്നിരുന്നു

W

web desk

Published on: 20 Nov 2026, 3:22 pm

കോൺഗ്രസ്-ലീഗ് ഭിന്നത രൂക്ഷമാകുന്നു; കെ.സി. വേണുഗോപാല്‍ പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്നതായി വിലയിരുത്തലില്‍ ലീഗ്

കോൺഗ്രസും മുസ്‌ലിം ലീഗും തമ്മിലുള്ള ബന്ധത്തിലെ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഹെെക്കമാന്‍ഡില്‍ നിർണ്ണായക സ്വാധീനമുളള കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെതിരെ ലീഗിൽ കടുത്ത അതൃപ്തി നിലനിൽക്കുകയാണെന്നും അദ്ദേഹം പ്രതികാരബുദ്ധിയോടെയാണ് പ്രവർത്തിക്കുന്നതെന്നുമാണ് ലീഗ് നേതാക്കളുടെ വിലയിരുത്തൽ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണച്ചതിന്റെ പ്രതികാരമാണ് ഇതെന്നും ലീഗ് കരുതുന്നു.

തെരഞ്ഞെടുപ്പു കമ്മീഷന്‍ ഗ്യാനേഷ് കുമാറിനെതിരായ വിഷയത്തിൽ രാഷ്ട്രപതിയെ കാണാനുള്ള സംഘത്തിൽ നിന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ പേര് ഒഴിവാക്കിയതാണ് മുതിർന്ന നേതാക്കൾക്കിടയിൽ വലിയ അതൃപ്തിക്കിടയാക്കിയത്. ഇ.ടി. മുഹമ്മദ് ബഷീർ തന്നെ ഇക്കാര്യത്തിൽ നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്. ഇ.ടിക്കെതിരായ ഈ നീക്കത്തെ വളരെ ഗൗരവത്തോടെയാണ് മുസ്‌ലിം ലീഗ് കാണുന്നത്.

നേരത്തെ സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ലീഗിന് ക്ഷണം ലഭിക്കാതിരുന്നതും, ഇന്ത്യാ സഖ്യത്തിന്റെ വിവിധ പരിപാടികളിൽ ലീഗിനെ തുടർച്ചയായി മാറ്റിനിർത്തുന്നുവെന്ന ചർച്ചകളും ഉയർന്നിരുന്നു. അത്തരം വിഷയങ്ങളിൽ ലീഗ് നേരത്തെ വലിയ പ്രതികരണത്തിന് മുതിർന്നിരുന്നില്ലെങ്കിലും നിലവിലെ സാഹചര്യം ഗൗരവമേറിയതാണെന്നാണ് വിലയിരുത്തൽ.

ഇനി മൗനം തുടരാനാവില്ലെന്നും പരസ്യമായ പ്രതികരണത്തിലേക്ക് കടക്കണമെന്നുമുള്ള അഭിപ്രായം ലീഗിലെ മുതിർന്ന നേതാക്കൾക്കിടയിൽ ഉൾപ്പെടെ ശക്തമാകുന്നുണ്ട്. കെ.സി. വേണുഗോപാലുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു വിഭാഗം നേതാക്കളും ലീഗിനെതിരെ തിരിയുന്നുണ്ടെന്നും, വരും ദിവസങ്ങളിൽ ലീഗിന്റെ ഭാഗത്തുനിന്ന് എന്ത് നിലപാടുകളുണ്ടാകുമെന്നതും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു.

Related Stories