Skip to content
Sports

ഏഷ്യാകപ്പ് ഇന്ത്യ-പാക്ക് മത്സരത്തിൽ പരസ്പരം കൊമ്പ് കോർത്ത് താരങ്ങൾ

ദുബായ്: ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങളിൽ കളിക്കളത്തിലെ പ്രകടനത്തേക്കാൾ ഉപരി പലപ്പോഴും വിവാദങ്ങൾക്കാണ് മുൻതൂക്കം. ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പാക്കിസ്ഥാനെതിരെ ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം ഇന്ത്യ നേടിയെങ്കിലും, മത്സരത്തിനിടെ നടന്ന വാക്പോരുകളാണ് ഇപ്പ

N

News Desk

Published on: 22 Sept 2025, 3:32 pm

ഏഷ്യാകപ്പ്  ഇന്ത്യ-പാക്ക് മത്സരത്തിൽ പരസ്പരം കൊമ്പ് കോർത്ത് താരങ്ങൾ

ദുബായ്: ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങളിൽ കളിക്കളത്തിലെ പ്രകടനത്തേക്കാൾ ഉപരി പലപ്പോഴും വിവാദങ്ങൾക്കാണ് മുൻതൂക്കം. ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പാക്കിസ്ഥാനെതിരെ ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം ഇന്ത്യ നേടിയെങ്കിലും, മത്സരത്തിനിടെ നടന്ന വാക്പോരുകളാണ് ഇപ്പോൾ ചർച്ചാവിഷയം. തോറ്റെങ്കിലും, പ്രകോപനം സൃഷ്ടിക്കുന്നതിൽ പാക് താരങ്ങൾ ഒട്ടും പിന്നിലായിരുന്നില്ല. മത്സരത്തിനിടെ പ്രകോപനപരമായ പ്രസ്താവനകളിലൂടെ മുന്നോട്ട് വന്ന പാക് പേസർ ഹാരിസ് റൗഫിന് ഇന്ത്യൻ താരങ്ങളായ അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും ശക്തമായ മറുപടി നൽകി.

മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിൽ വെച്ച് പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് അഭിഷേക് ശർമ പറഞ്ഞു: “ഒരു കാരണവുമില്ലാതെ അവർ ഞങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. അത് എനിക്കിഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് ഞാൻ ശക്തമായി തിരിച്ചടിച്ചത്. ഈ വിജയം ടീമിന് വേണ്ടി നൽകണമെന്ന് ഞാൻ ആഗ്രഹിച്ചു. ഗില്ലിനൊപ്പം സ്കൂൾ കാലം മുതൽ കളിക്കുന്ന എനിക്ക് അദ്ദേഹത്തോടൊപ്പം കളിക്കുന്നത് സന്തോഷമാണ്. ഞങ്ങൾ വിജയിക്കുമെന്ന് ഉറപ്പിച്ചു, ഇന്ന് ഞങ്ങളുടെ ദിവസമായിരുന്നു. ടീം നൽകുന്ന പിന്തുണ കാരണമാണ് ഇങ്ങനെ കളിക്കാൻ എനിക്ക് കഴിയുന്നത്.”

മത്സരശേഷം സോഷ്യൽ മീഡിയയിലും അഭിഷേക് തൻ്റെ പ്രതികരണം വ്യക്തമാക്കി. “നിങ്ങൾ സംസാരിക്കും, ഞങ്ങൾ ജയിക്കും” എന്ന കുറിപ്പോടെയാണ് അഭിഷേക് മത്സരത്തിലെ ചിത്രങ്ങൾ പങ്കുവെച്ചത്. “വാക്കുകളല്ല, കളിയാണ് സംസാരിക്കേണ്ടത്” എന്നായിരുന്നു ശുഭ്മൻ ഗില്ലിന്റെ പോസ്റ്റ്. ഇന്ത്യൻ ആരാധകർ ഈ പോസ്റ്റുകൾക്ക് വൻ പിന്തുണ നൽകി. മത്സരത്തിൻ്റെ അഞ്ചാം ഓവറിലാണ് വിവാദങ്ങൾ ആരംഭിച്ചത്. പാക് പേസർ ഹാരിസ് റൗഫ് എറിഞ്ഞ ഈ ഓവറിൽ രണ്ട് ഫോറടക്കം 12 റൺസാണ് വഴങ്ങിയത്. ഓവറിലെ അവസാന പന്തിൽ ഗിൽ ഫോറടിച്ചതിന് പിന്നാലെ ഹാരിസ് റൗഫ് പ്രകോപനം ആരംഭിച്ചു. ഗിൽ മറുപടി നൽകിയതോടെ അഭിഷേകും റൗഫും തമ്മിൽ വാക്പോരായി. തുടർന്ന് അംപയർ ഗാസൽ സോഹൽ ഇടപെട്ട് ഇരുവിഭാഗത്തെയും ശാന്തരാക്കുകയായിരുന്നു.

അഞ്ച് സിക്സും ആറ് ഫോറുമടക്കം 39 പന്തിൽ 74 റൺസെടുത്ത അഭിഷേക് ശർമയുടെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ വിജയിച്ചത്. 7 പന്ത് ബാക്കി നിൽക്കെ 6 വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. സ്കോർ: പാകിസ്ഥാൻ 20 ഓവറിൽ 5ന് 171, ഇന്ത്യ 18.5 ഓവറിൽ 4ന് 174. ശുഭ്മൻ ഗില്ലിനൊപ്പം (28 പന്തിൽ 47) സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ അഭിഷേകാണ് കളിയിലെ താരം.

Related Stories