‘നിങ്ങളെന്റെ അച്ഛനെ തല്ലിയില്ലേ’ ശ്രീശാന്തിന്റെ മകളുടെ ചോദ്യം തന്നെ തകർത്തുവെന്ന് ഹർഭജൻ സിങ്
മുംബൈ: ഐ.പി.എൽ. മത്സരത്തിനിടെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ തല്ലിയ സംഭവത്തിൽ 200 തവണയെങ്കിലും മാപ്പു പറഞ്ഞിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. എന്നാൽ, ശ്രീശാന്തിൻ്റെ മകളോട് ഒരിക്കൽ സംസാരിച്ചപ്പോൾ താൻ തകർന്നുപോയെന്ന് ഹർഭജൻ സിങ് വെളിപ്പെടുത്തി. “എൻ്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ഞാൻ ആഗ്ര

മുംബൈ: ഐ.പി.എൽ. മത്സരത്തിനിടെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ തല്ലിയ സംഭവത്തിൽ 200 തവണയെങ്കിലും മാപ്പു പറഞ്ഞിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. എന്നാൽ, ശ്രീശാന്തിൻ്റെ മകളോട് ഒരിക്കൽ സംസാരിച്ചപ്പോൾ താൻ തകർന്നുപോയെന്ന് ഹർഭജൻ സിങ് വെളിപ്പെടുത്തി.
“എൻ്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ശ്രീശാന്തുമായുള്ള ആ സംഭവം. അത് വലിയ പിഴവായിരുന്നു. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഞാൻ ചെയ്തത്. ഒരു 200 തവണയെങ്കിലും ഞാൻ ക്ഷമ പറഞ്ഞിട്ടുണ്ട്. അവസരം കിട്ടുമ്പോഴെല്ലാം ഇപ്പോഴും ഞാൻ മാപ്പു പറയാറുമുണ്ട്,” ഹർഭജൻ പറഞ്ഞു.
വർഷങ്ങൾക്കുശേഷം ഒരിക്കൽ ശ്രീശാന്തിൻ്റെ മകളെ താൻ കണ്ടുമുട്ടി. അവളോട് സ്നേഹത്തോടെ സംസാരിക്കാൻ ശ്രമിച്ചപ്പോൾ അവൾ തൻ്റെ മുഖത്തുനോക്കി ചോദിച്ചത്, “നിങ്ങളെൻ്റെ അച്ഛനെ തല്ലിയ ആളല്ലേ, ഞാൻ നിങ്ങളോട് സംസാരിക്കാനില്ല” എന്നായിരുന്നു. ആ വാക്കുകൾ തന്നെ തകർത്തു കളഞ്ഞെന്നും കരച്ചിലിൻ്റെ വക്കത്തായി എന്നും ഹർഭജൻ വെളിപ്പെടുത്തി. “അവളുടെ മനസ്സിൽ ഞാൻ എന്ത് മതിപ്പാണ് ഉണ്ടാക്കിയതെന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. അവൾ എന്നെ അവളുടെ അച്ഛനെ തല്ലിയ ആളായിട്ടാണ് കാണുന്നത്. എനിക്ക് വല്ലാതെ വിഷമം തോന്നി. ഇപ്പോഴും ഞാൻ അവളുടെ മകളോട് ക്ഷമ ചോദിക്കുന്നു. നിനക്ക് എന്നെക്കുറിച്ച് നല്ലൊരു അഭിപ്രായം ഉണ്ടാകാൻ ഞാൻ എന്തെങ്കിലും ചെയ്യണമെങ്കിൽ പറയൂ എന്ന് ഞാൻ അവളോട് പറയാറുണ്ട്. അവൾ വലുതാകുമ്പോൾ എന്നെ അതേ വെളിച്ചത്തിൽ കാണാതിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവളുടെ അങ്കിൾ എപ്പോഴും അവളോടൊപ്പം ഉണ്ടാകുമെന്നും അവൾക്ക് ആവശ്യമുള്ള എല്ലാ പിന്തുണയും നൽകുമെന്നും അവൾ കരുതണം. അതുകൊണ്ടാണ് എനിക്ക് ആ അധ്യായം എൻ്റെ ജീവിതത്തിൽ നിന്ന് നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നത്,” ഹർഭജൻ കൂട്ടിച്ചേർത്തു.
2008-ലെ ഐ.പി.എൽ. സീസണിലാണ് മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹർഭജൻ സിങ് കിങ്സ് ഇലവൻ പഞ്ചാബ് താരമായിരുന്ന ശ്രീശാന്തിനെ മത്സരശേഷം കരണത്തടിച്ചത്. ഈ സംഭവം വലിയ വിവാദമാകുകയും ഹർഭജനെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ബി.സി.സി.ഐ. വിലക്കുകയും ചെയ്തിരുന്നു. ഐ.പി.എലിന് രാജ്യാന്തര തലത്തിൽ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്.
Related Stories

ലോകകപ്പ് ഫെെനലിലെ അടി, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്, വൻ തുക പിഴ, തല്ലുണ്ടാക്കിയവർക്കെല്ലാം ശിക്ഷ
News Desk · 22 Aug 2026

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
News Desk · 13 Aug 2026

‘മാൽവിനാസ് അർജന്റീനയുടേത്’; ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി വിജയത്തിന് പിന്നാലെ പഴയ മുറിവുകൾ തുറന്ന് അർജന്റീന താരങ്ങൾ
News Desk · 16 Jul 2026

നാട്ടിൽ നിന്ന് 500 കിലോ ബീഫും ബാർബിക്യൂവും; ഫിഫ ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പിന് പിന്നിലെ രഹസ്യം ഇതാണ്!
News Desk · 16 Jul 2026
