Skip to content
Sports

ഊതിവീർപ്പിച്ച ലിബറൽ ജനാധിപത്യ കുമിളകൾ പൊട്ടുന്ന ലോകകപ്പ്, ലോകകപ്പിലെ രാഷ്ട്രീയ മതിലുകൾക്കെതിരെ സികെ വിനീത്

ഫിഫ ലോകകപ്പിലെ അമേരിക്കൻ ഭരണകൂടത്തിന്റെ വിവേചനപരമായ നയങ്ങളെയും ഇരട്ടത്താപ്പുകളെയും രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത്. ലോകകപ്പ് എന്നത് സമത്വത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാകേണ്ടതിന് പകരം, അമേരിക്കയുടെ രാഷ്ട്രീയ നിലപാടുകളുടെയും വിവേചനങ്ങളുടെയും വേദിയായി മാറിയിരിക്കുകയാണെന്ന്

N

News Desk

Published on: 12 Jun 2026, 4:58 pm

ഊതിവീർപ്പിച്ച ലിബറൽ ജനാധിപത്യ കുമിളകൾ പൊട്ടുന്ന ലോകകപ്പ്, ലോകകപ്പിലെ രാഷ്ട്രീയ മതിലുകൾക്കെതിരെ സികെ വിനീത്

ഫിഫ ലോകകപ്പിലെ അമേരിക്കൻ ഭരണകൂടത്തിന്റെ വിവേചനപരമായ നയങ്ങളെയും ഇരട്ടത്താപ്പുകളെയും രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത്. ലോകകപ്പ് എന്നത് സമത്വത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാകേണ്ടതിന് പകരം, അമേരിക്കയുടെ രാഷ്ട്രീയ നിലപാടുകളുടെയും വിവേചനങ്ങളുടെയും വേദിയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സാധുവായ വിസയുണ്ടായിട്ടും സൊമാലിയൻ റഫറി ഒമർ അബ്ദുൽഖാദിർ അർതാന് അമേരിക്ക പ്രവേശനം നിഷേധിച്ചതും, ഇറാന്റെ കായിക ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും വിസ വൈകിപ്പിച്ചതും ഇതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണെന്ന് വിനീത് ചൂണ്ടിക്കാട്ടുന്നു.

സൊമാലിയൻ റഫറിയെ വിലക്കിയ നടപടി ഒരു വ്യക്തിക്കെതിരെയുള്ളതല്ല, മറിച്ച് ഒരു ജനതയോടുള്ള സമീപനത്തിന്റെ പ്രതിഫലനമാണെന്ന് വിനീത് വ്യക്തമാക്കുന്നു. സൊമാലിയക്കാരെക്കുറിച്ച് മുൻപ് അമേരിക്കൻ നേതൃത്വത്തിൽ നിന്നുണ്ടായ അവഹേളന പരാമർശങ്ങൾ ഇതിനോട് ചേർത്തു വായിക്കണം. അമേരിക്കൻ വിദേശനയങ്ങൾക്ക് വഴങ്ങാത്ത ഇറാന്റെ ഫുട്ബോൾ ഫെഡറേഷൻ അംഗങ്ങൾക്കും ആരാധകർക്കും കടുത്ത നിയന്ത്രണങ്ങളാണ് നേരിടേണ്ടി വന്നത്. ഇതിനാൽ ഇറാൻ ടീമിന് തങ്ങളുടെ താവളം മെക്സിക്കോയിലേക്ക് മാറ്റേണ്ടി വന്നു. ഫുട്ബോൾ രാഷ്ട്രീയത്തിന് അതീതമാണെന്ന് പറയുന്ന ഫിഫ, അമേരിക്കയുടെ രാഷ്ട്രീയ മതിലുകൾക്ക് മുന്നിൽ തലകുനിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആഫ്രിക്കൻ-അറബ് രാജ്യങ്ങളിൽ നിന്നും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്നുമുള്ളവരും കൂടുതൽ വിസ സങ്കീർണ്ണതകൾക്കും പരിശോധനകൾക്കും വിധേയരാകുമ്പോൾ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എളുപ്പത്തിൽ വാതിലുകൾ തുറക്കപ്പെടുകയാണ്. സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും കുറിച്ച് നിരന്തരം സംസാരിക്കുന്ന അമേരിക്കയുടെ യഥാർത്ഥ മുഖം അളക്കപ്പെടുന്ന വേദിയായി ഈ ലോകകപ്പ് മാറിയിരിക്കുന്നു. സ്വന്തം രാജ്യത്ത് അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ ഓർമ്മിപ്പിക്കുന്ന സന്ദേശങ്ങളുമായി ഇറാനിയൻ താരങ്ങൾ ലോകകപ്പ് വേദിയിലെത്തിയത്, ആഘോഷങ്ങൾക്കിടയിലും യുദ്ധങ്ങളുടെയും ഉപരോധങ്ങളുടെയും ക്രൂരതകൾ ലോകത്തെ ഓർമ്മിപ്പിക്കാനാണെന്നും വിനീത് കുറിച്ചു.

ഫിഫ പ്രസിഡന്റും അമേരിക്കൻ ഭരണകൂടവും തമ്മിലുള്ള ബന്ധം ഉപയോഗിച്ച് ‘മേയ്ക്ക് അമേരിക്ക ഗ്രേറ്റ് ഏഗയ്ൻ’ കാമ്പെയ്ൻ നടത്താനാണ് ശ്രമം നടക്കുന്നത്. എന്നാൽ വരുന്ന ഒരു മാസം ലോകം ഫുട്ബോൾ മത്സരങ്ങൾ മാത്രമല്ല കാണുക, മറിച്ച് അമേരിക്ക പറയുന്നതും ചെയ്യുന്നതും തമ്മിലുള്ള അന്തരം കൂടിയായിരിക്കും. രാജ്യങ്ങളുടെ പ്രൗഢി മാത്രമല്ല, അവരുടെ യഥാർത്ഥ മുഖം കൂടി വെളിപ്പെടുത്താൻ ലോകകപ്പിന് കഴിയും. അമേരിക്ക കൊട്ടിഘോഷിക്കുന്ന ലിബറൽ ജനാധിപത്യത്തിന്റെ പൊള്ളത്തരങ്ങൾ ഊതിവീർപ്പിച്ച കുമിളപോലെ പൊട്ടാൻ ഈ ലോകകപ്പ് കാരണമാകുമെന്നും വിനീത് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Related Stories