Skip to content
Kerala

ഫെയർനസ് ക്രീം ഉപയോഗം വിനയായി; മലപ്പുറത്ത് 17-കാരിക്ക് ഗുരുതര വൃക്കരോഗം

മുഖത്തെ കറുത്ത പാടുകൾ മാറ്റാനായാണ് പെൺകുട്ടി ക്രീം ഉപയോഗിച്ചു തുടങ്ങിയത്. ഒരു വർഷത്തോളം ഉപയോഗം തുടർന്നതിന് പിന്നാലെ കടുത്ത ശാരീരിക അവശതകളും തലവേദനയും ശരീരത്തിൽ നീരും അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്.

W

web desk

Published on: 21 Nov 2026, 10:36 am

ഫെയർനസ് ക്രീം ഉപയോഗം വിനയായി; മലപ്പുറത്ത് 17-കാരിക്ക് ഗുരുതര വൃക്കരോഗം

സംസ്ഥാനത്ത് മെർക്കുറി അടങ്ങിയ ഫെയർനസ് ക്രീമുകളുടെ ഓൺലൈൻ വിൽപ്പന വ്യാപകമാകുന്നതിനിടെ, ഇത്തരം ക്രീം ഒരു വർഷമായി ഉപയോഗിച്ച 17 വയസ്സുകാരിക്ക് ഗുരുതര രോഗം ബാധിച്ചു. 'മെംബ്രനസ് നെഫ്രോപ്പതി' (Membranous nephropathy) എന്ന ഗുരുതരമായ വൃക്ക രോഗമാണ് 17കാരിയില്‍ കണ്ടെത്തിയത്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ വ്യാപകമായി പ്രമോട്ട് ചെയ്യുന്ന ഈ ക്രീം സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധി പേർ ഉപയോഗിക്കുന്നതായാണ് പെൺകുട്ടി വ്യക്തമാക്കിയത്.

മുഖത്തെ കറുത്ത പാടുകൾ മാറ്റാനായാണ് പെൺകുട്ടി ക്രീം ഉപയോഗിച്ചു തുടങ്ങിയത്. ഒരു വർഷത്തോളം ഉപയോഗം തുടർന്നതിന് പിന്നാലെ കടുത്ത ശാരീരിക അവശതകളും തലവേദനയും ശരീരത്തിൽ നീരും അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്.

പരിശോധനയിൽ ശരീരത്തിൽ മെർക്കുറിയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ക്രീം കേന്ദ്ര ലാബിൽ പരിശോധനയ്ക്ക് അയച്ചു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ (CDSCO) മാനദണ്ഡങ്ങൾ ലംഘിച്ച് വലിയ തോതിൽ മെർക്കുറി ഇതിൽ ചേർത്തിട്ടുണ്ടെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു.

ശരീരത്തിലെത്തുന്ന മെർക്കുറി വൃക്കകളുടെ അരിപ്പകളെ തകരാറിലാക്കുകയും മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കാനും സാധ്യതയുണ്ട്.

Related Stories