ഫിറോസ് ബിസിനസിന് പിറകേ പോയി; യൂത്ത് ലീഗിന്റെ അടിത്തറ തകർന്നു, മെംബർഷിപ്പ് പ്രവർത്തനം പൊളിഞ്ഞു
ചടുലമായ ഡയലോഗുകളും സമര ശൈലികളുമായി വിദ്യാർഥി രാഷ്ട്രീയത്തില്‍ ശോഭിച്ച പി കെ ഫിറോസ് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സമ്പൂർണമായി നിറം കെട്ടതോടെ സംഘടനയുടെ അടിത്തറയും തകർന്നു. യൂത്ത് ജനറല്‍ സെക്രട്ടറി ആയി രണ്ടാം ടേമില്‍ ആവേശത്തോടെ തുടർന്ന ഫിറോസ് താനൂരില്‍ മത്സരിച്ച് തോറ്റതോടെയാണ് സംഘടനാ പ്രവർത്ത

ചടുലമായ ഡയലോഗുകളും സമര ശൈലികളുമായി വിദ്യാർഥി രാഷ്ട്രീയത്തില്‍ ശോഭിച്ച പി കെ ഫിറോസ് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സമ്പൂർണമായി നിറം കെട്ടതോടെ സംഘടനയുടെ അടിത്തറയും തകർന്നു.
യൂത്ത് ജനറല്‍ സെക്രട്ടറി ആയി രണ്ടാം ടേമില്‍ ആവേശത്തോടെ തുടർന്ന ഫിറോസ് താനൂരില്‍ മത്സരിച്ച് തോറ്റതോടെയാണ് സംഘടനാ പ്രവർത്തനത്തോട് താത്പര്യക്കുറവ് കാട്ടാന്‍ തുടങ്ങിയത്. യൂത്ത് ലീഗ് സംഘാടനം പാടേ അവഗണിച്ച ഫിറോസ് കഴിഞ്ഞ നാല് വർഷമായി ബിസിനസിലാണ് പൂർണ ശ്രദ്ധ ചെലുത്തിയത്. യുഎഇ, കാനഡ, യുഎസ് വിസകള്‍ സമ്പാദിച്ച ഫിറോസ് നാട്ടിലും വിദേശത്തുമായി നിരവധി ബിസിനസ് സംരംഭങ്ങള്‍ ആരംഭിച്ചു.
ശ്രദ്ധ മുഴുവന്‍ ബിസിനസില്‍ കേന്ദ്രീകരിച്ചതോടെ യൂത്ത് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ നേരിടുകയാണ്. വിദേശയാത്രകള്‍ വർധിച്ചതോടെ സംഘടനയുടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും ഫിറോസിന്റെ സാന്നിധ്യം ഇല്ലാത്ത സ്ഥിതി വന്നു. ഇതോടെ സമരങ്ങളുടേയും കാംപയിനുകളുടേയും രംഗത്ത് യൂത്ത് ലീഗ് അദൃശ്യമാകുന്ന സ്ഥിതി വന്നു. സാദിഖലി തങ്ങള്‍ക്കും പി കെ കുഞ്ഞാലിക്കുട്ടിക്കും പ്രവർത്തകരില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചെങ്കിലും അവർ നിസ്സഹായത പ്രകടിപ്പിക്കുകയാണ് ചെയ്തത്. കാലിക്കറ്റ് സർവ്വകലാശാല യൂനിയന്‍ ചെയർമാന് സ്ഥാനം എംഎസ്എഫിന് ലഭിച്ച ഘട്ടത്തില്‍ നേതാക്കളോട് സാദിഖലി തങ്ങള്‍ നടത്തിയ പ്രതികരണം യൂത്ത് ലീഗ് പ്രവർത്തനത്തില്‍ അദ്ദേഹത്തിനുള്ള അതൃപ്തി വ്യക്തമാക്കുന്നതായിരുന്നു. യൂത്ത് ലീഗ് നേതാക്കള്‍ എംഎസ്എഫിനെ കണ്ട് പഠിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ആത്മഗഥം.
അടുത്ത് പൂർത്തിയായ യൂത്ത് ലീഗ് മെംബർഷിപ്പ് കാംപയിന് യൂത്ത് ലീഗിന്റെ സംഘടനാ ദൗർബല്യം ശരിക്കും വെളിപ്പെടുത്തി. 9 ലക്ഷം മെംബർഷിപ്പ് ഇഷ്യൂ ചെയ്തിട്ടും ആറര ലക്ഷം മെംബർമാരെ പോലും ചേർക്കാന്‍ കഴിഞ്ഞില്ല. ഒരുമാസക്കാലയളവില്‍ മെംബർഷിപ്പ് പ്രവർത്തനം പൂർത്തിയായില്ല. ആവശ്യമുള്ളവർക്ക് അനൗദ്യോഗികമായി മെംബർഷിപ്പ് ചേർക്കാനുള്ള സമയം അനുവദിക്കുകയാണ് നേതൃത്വം ചെയ്തത്. മെംബർഷിപ്പ് വിവരങ്ങള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് മാത്രം അറിയാന്‍ കഴിയുന്ന വിധം സോഫ്റ്റ് വെയറില്‍ നിയന്ത്രണം ഏർപ്പെടുത്താനും ശ്രമമുണ്ടായി.
ശാഖാ തലം മുതല്‍ സംസ്ഥാന കമ്മിറ്റി വരെ ഉണർന്നു പ്രവർത്തിക്കുന്ന മെംബർഷിപ്പ് കാംപയിന് കാലത്ത് പതിവിന് വിപരീതമായി ഇത്തവണ എല്ലാം സ്തംഭിച്ച് കിടക്കുകയായിരുന്നു. മറ്റു തിരക്കുകളുള്ള മുനവ്വറലി തങ്ങള്‍ അധ്യക്ഷനായത് കൊണ്ട് തന്നെ പി കെ ഫിറോസ് നേരിട്ട് മെംബർഷിപ്പ് പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതായിരുന്നു. അതുണ്ടായില്ല.
മുന്‍കാലങ്ങളില്‍ സംസ്ഥാന നേതൃത്വം പരമാവധി സമയം ഓഫീസില്‍ ചെലവഴിക്കുകയും ജില്ലാ – മണ്ഡലം- പഞ്ചായത്ത് -ശാഖാ കമ്മിറ്റികളെ വിശ്രമമില്ലാതെ ചലിപ്പിക്കുകയും ചെയ്താണ് മെംബർഷിപ്പ് പ്രവർത്തനം നടത്തിയിരുന്നത്. വീഴ്ച വരുത്തുന്ന സ്ഥലങ്ങളില്‍ സംസ്ഥാന ഭാരവാഹികള്‍ നേരിട്ട് പോകാനും ഇടപെടാനും തയ്യാറാകും. ഇത്തവണ ഇതൊന്നുമുണ്ടായില്ല. ഈ കാലയളവിലും ഫിറോസിന്റെ വിദേശസന്ദർശനവും ബിസിനസ് യാത്രകളും മുടക്കമില്ലാതെ നടന്നു. ഫലത്തില്‍ യൂത്ത് ലീഗ് മെംബർഷിപ്പ് പ്രവർത്തനം വെള്ളത്തിലാവുകയും ചെയ്തു.
മെംബർഷിപ്പ് പ്രവർത്തനത്തിന് ശേഷം ശാഖാ പഞ്ചായത്ത് കമ്മിറ്റികളുടെ രൂപീകരണവും സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേക നിരീക്ഷണത്തിലാണ് നടക്കാറുള്ളത്.ഇത്തവണ ഒരു വ്യവസ്ഥയുമില്ലാതെയാണ് കമ്മിറ്റികളുടെ രൂപീകരണം. പാണക്കാട്ടേക്ക് നിരന്തരം പരാതികള്‍ പ്രവഹിക്കുമ്പോഴും ലീഗ് നേതൃത്വം ഇടപെടാന്‍ തയ്യാറാകുന്നില്ല. മുനവ്വറലി തങ്ങളുടെ കൂടി കമ്മിറ്റിക്കെതിരെയാണ് പരാതി എന്നതാണ് നേതൃത്വം നേരിടുന്ന മറ്റൊരു പ്രശ്നം.
കമ്മിറ്റികള്‍ പെട്ടെന്ന് രൂപീകരിച്ചാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി പദവിയില്ലാതെ കഴിയേണ്ടി വരുമെന്ന ആശങ്ക ഫിറോസിനെ നയിക്കുന്നുവെന്ന് കരുതുന്ന സംസ്ഥാന ഭാരവാഹികളുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു സമ്മേളനം നടത്തി എല്ലാം ഭദ്രമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ഫിറോസിനുള്ളതെന്നും നേതാക്കള്‍ അടക്കം പറയുന്നു. സമ്പൂർണമായി യൂത്ത് കോണ്‍ഗ്രസ് ശൈലിയില്‍ നേതാക്കളില്‍ കേന്ദ്രീകരിക്കാനായി സംഘടനാ സംവിധാനം തകർത്തുവെന്നും നേതാക്കള്‍ പരാതിപ്പെടുന്നു.
എന്ത് പ്രധാന രാഷ്ട്രീയ വിഷയങ്ങളുണ്ടായാലും യൂത്ത് ലീഗിന്റെ ജില്ലാ കമ്മിറ്റികള്‍ യോഗം ചേർന്ന് ചർച്ച നടത്തുകയും അഭിപ്രായം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്യുന്ന രീതിയുണ്ടായിരുന്നു. ജില്ലാ നേതൃത്വത്തെ കൂടി വിളിച്ച് മണിക്കൂറോളം ചർച്ച ചെയ്താണ് സംസ്ഥാന നേതൃത്വം നിലപാട് സ്വീകരിക്കാറുള്ളത്. പി കെ ഫിറോസിന്റെ കമ്മിറ്റിയുടെ കാലത്ത് ഈ രീതികളെല്ലാം മാറി. പാർട്ടി കമ്മിറ്റികള്‍ കൃത്യസമയത്ത് ചേരാതായി. രാഷ്ട്രീയ വിഷയങ്ങള്‍ ചർച്ച ചെയ്യുന്ന രീതിയും ഒഴിവാക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള രീതിയില്‍ പ്രതികരിക്കുന്ന സ്ഥിതി ഇതോടെ സംജാതമായി. മലയാളം സർവ്വകലാശാല ഭൂമി പ്രശ്നം ഫിറോസ് ഇപ്പോള്‍ ഏറ്റെടുത്തതിലെ യുക്തിയും സംഘടനയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
കെ ടി ജലീല്‍ ഫിറോസിനെ വ്യക്തിപരമായി ആക്രമിച്ചത് കൊണ്ട് മാത്രം കാണിക്കുന്ന ആവേശമായാണ് പ്രധാന നേതാക്കള്‍ ഇതിനെ കാണുന്നത്. ദോത്തി ചാലഞ്ചില്‍ സാമ്പത്തിക ക്രമക്കേട് ആരോപണം ശക്തമായി ഉയർന്നപ്പോള്‍ ഫിറോസിനെ സംരക്ഷിക്കുന്ന നിലപാടാണ് മുനവ്വറലി തങ്ങളും ലീഗ് നേതൃത്വവും സ്വീകരിച്ചത്.
യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങളില്‍ ഫിറോസിനുള്ള സ്വാധീനം മൂലം സംസ്ഥാന കമ്മിറ്റിയില്‍ ചർച്ച പോലും നടത്താതെ എല്ലാം ഒതുക്കാനായി.
ദോത്തി ചാലഞ്ചില്‍ 2.8 ലക്ഷം മുണ്ടുകളാണ് യൂത്ത് ലീഗ് ശാഖകള്‍ വഴി വിറ്റഴിച്ചത്. തിരിപ്പൂർ ടെക്സ്റ്റൈല്‍ മാർക്കറ്റില്‍ 16O -190 രൂപക്ക് ലഭ്യമായ മുണ്ട് അറുനൂറ് രൂപക്കാണ് വിറ്റത്. മുണ്ട് വാങ്ങിയ വിലയിലും വിറ്റ് കിട്ടിയ തുകയിലും വലിയ ദുരൂഹതകള്‍ ഉണ്ടായി. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് പോലും മുണ്ടിന്റെ യഥാർത്ഥ വിലയറിയില്ല.
മലപ്പുറം ജില്ലയിലേക്ക് എത്തിയ മുണ്ടിന്റെ ലോഡിനൊപ്പം യഥാർത്ഥ വിലയുള്ള ബില്ലും വെച്ചിരുന്നു. ഈ ബില്ല് മലപ്പുറം ജില്ലയിലെ യൂത്ത് ലീഗ് നേതാവിന് ലഭിച്ചതോടെയാണ് വിവാദം ഉയർന്നത്. ഈ ബില്ല് വെച്ച് ദോത്തി ചാലഞ്ചിന്റെ കണക്ക് അവതരിപ്പിക്കണമെന്ന ആവശ്യമുയർന്നു. യൂത്ത് ലീഗ് സംസ്ഥാന നേതൃത്വത്തില്‍ വിഷയം ചർച്ചയായതെടെ മലപ്പുറത്തെ നേതാവിനെ സ്വാധീനിച്ച് ബില്ല് മുക്കി.
ജി എസ് ടി ബില്ല് ആരെങ്കിലും സംഘടിപ്പിച്ചാല്‍ യൂത്ത് ലീഗ് നേതൃത്വം വെള്ളംകുടിക്കാനുള്ള സാധ്യത കൂടുതലാണ്.
സോഷ്യല്‍ മീഡിയയെ അമിതമായി ആശ്രയിച്ചതും ഫിറോസിന് വിനയായി. കാര്യമായ ഫാന്‍സുള്ള ഷാഫി പറമ്പിലിനും രാഹുല്‍ മാക്കൂട്ടത്തിലിനും ഒപ്പം ചേർന്ന് സെലിബ്രിറ്റി സ്വഭാവത്തിലേക്ക് ഫിറോസ് മാറാന്‍ ശ്രമിച്ചു എന്ന വികാരം ലീഗില്‍ ശക്തമാണ്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കാലത്ത് സാമൂഹ്യ മാധ്യമ പ്രചാരണ ചുമതല ഫിറോസിനും ഷാഫിക്കും രാഹുലിനുമായിരുന്നു. മൂവരുടെയും വ്യക്തിപരമായ പ്രമോഷനാണ് നടത്തിയതെന്നും സ്ഥാനാർത്ഥിയുടേയും മുന്നണിയുടേയും പ്രമോഷനല്ല നടക്കുന്നതെന്നും യുഡിഎഫ് യോഗത്തില്‍ തന്നെ വിമർശനമുയർന്നു.
മലപ്പുറത്തെ ഒന്നാമത്തെ യുവജനസംഘടനയും സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസിനേക്കാള്‍ ശക്തിയുള്ള കാഡർ ശക്തി ആയിട്ടും ഷാഫിക്കും രാഹുലിനും പിറകില്‍ മൂന്നാമനായി ക്ഷമാപണത്തോടെയാണ് ഫിറോസ് നിലയുറപ്പിച്ചതെന്ന വിമർശനം പാർട്ടിയില്‍ ഉയർന്നു. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് യോഗത്തില്‍ ഫിറോസിനെതിരെ ശക്തമായ വിമർശനത്തിനും ഇതിടയാക്കി.
മ ലിറ്ററേച്ചർ ഫെസ്റ്റിവല്‍ അടക്കം നിരവധി പരപാടികള് നടത്തി മലപ്പുറം ജില്ലാ യൂത്ത് ലീഗ് ശ്രദ്ധ പിടിച്ചുപറ്റിയപ്പോള്‍ സംസ്ഥാന യൂത്ത് ലീഗ് നേതൃത്വം കാഴ്ചക്കാരായി .
സംസ്ഥാന കമ്മിറ്റിക്കൊപ്പം സമയം ചെലവഴിച്ച് എന്തെങ്കിലും ആസൂത്രണം ചെയ്യാന്‍ ഫിറോസ് താത്പര്യമേ കാണിക്കുന്നില്ലെന്നാണ് ഭാരവാഹികള്‍ പറയുന്നത്.
യൂത്ത് ലീഗ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദുർബ്ബലമായ അവസ്ഥയിലാണിപ്പോള്‍. അതേസമയത്ത് തന്നെ അതിന്റെ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവിന്റെ രാഷ്ട്രീയ – സംഘടനാ വിശ്വസ്യത ചോദ്യം ചെയ്യപ്പെട്ട് നില്ക്കുന്നു എന്ന ദയനീയ ചിത്രം കൂടിയുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
