Skip to content
Kerala

ജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ലെന്ന് ആന്‍റോ, വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 138 മദ്യകുപ്പികള്‍

റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരെയുള്ള എക്സൈസ് കേസിലെ എഫ്ഐആർ വിവരങ്ങൾ പുറത്തുവന്നു. വയനാട്ടിലെ അദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 67 ലിറ്ററിലധികം വരുന്ന 138 മദ്യക്കുപ്പികൾ പിടിച്ചെടുത്തതായാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. അനധികൃതമായി അളവിൽ കവിഞ്ഞ മദ്യം സൂക്ഷിച്ചതിന് അബ്കാരി ആക്ടിലെ ജാമ

N

News Desk

Published on: 17 Sept 2026, 9:32 am

ജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ലെന്ന് ആന്‍റോ, വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 138 മദ്യകുപ്പികള്‍

റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരെയുള്ള എക്സൈസ് കേസിലെ എഫ്ഐആർ വിവരങ്ങൾ പുറത്തുവന്നു. വയനാട്ടിലെ അദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 67 ലിറ്ററിലധികം വരുന്ന 138 മദ്യക്കുപ്പികൾ പിടിച്ചെടുത്തതായാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. അനധികൃതമായി അളവിൽ കവിഞ്ഞ മദ്യം സൂക്ഷിച്ചതിന് അബ്കാരി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സൈസ് കേസെടുത്തിരിക്കുന്നത്.

നിയമവിരുദ്ധമായ മദ്യക്കടത്ത്, കൈവശം വെക്കൽ, അനധികൃത മദ്യവില്പനയ്ക്കായി സൂക്ഷിക്കൽ, നികുതി വെട്ടിച്ചു മദ്യം കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടത്തിയ ഫുട്ബോൾ ഇവന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ചാനൽ ഓഫീസിൽ എസ്‌ഐടി നടത്തിയ റെയ്ഡിനിടെയാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

മെസ്സി തട്ടിപ്പ് കേസിൽ പോലീസ് പരിശോധന പൂർത്തിയായതിന് പിന്നാലെയാണ് എക്സൈസ് സംഘം ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യാനെത്തിയത്. എഫ്ഐആറിന്റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ട് അദ്ദേഹം തടസ്സം നിന്നുവെങ്കിലും പെരുമ്പാവൂർ എക്സൈസ് ഇൻസ്പെക്ടർ രേഖയുമായി സ്ഥലത്തെത്തിയതോടെ അറസ്റ്റ് നടപടികൾ പൂർത്തിയായി. തുടർന്ന് മെഡിക്കൽ പരിശോധനകൾക്കായി അദ്ദേഹത്തെ കൊണ്ടുപോയി.

അതേസമയം, താൻ ജീവിതത്തിൽ ഒരിക്കലും മദ്യപിച്ചിട്ടില്ലെന്നും വീട്ടിൽ മദ്യശേഖരമെത്തിയത് എങ്ങനെയെന്ന് അറിയില്ലെന്നുമായിരുന്നു അറസ്റ്റിന് പിന്നാലെ ആന്റോ അഗസ്റ്റിന്റെ പ്രതികരണം. ഇതിനിടെ, റിപ്പോർട്ടർ ടിവി ഓഫീസിൽ നടത്തിയ പരിശോധനയിൽ 6300 യുഎസ് ഡോളറും എസ്‌ഐടി സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ഡോളർ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയച്ചട്ട ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് കൈമാറാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

Related Stories