Skip to content
Kerala

തിരുപ്പിറവിയുടെ സ്മരണ പുതുക്കി ലോകമെങ്ങും ക്രിസ്മസ് ആഘോഷം; കേരളത്തിലെ ദേവാലയങ്ങളിൽ വൻ ഭക്തജനത്തിരക്ക്

സ്നേഹത്തിന്റെയും ഒരുമയുടെയും ത്യാഗത്തിന്റെയും സന്ദേശം വിളിച്ചോതി ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുന്നു. ഉണ്ണിയേശുവിന്റെ തിരുപ്പിറവി സ്മരണ പുതുക്കി കേരളത്തിലെ ദേവാലയങ്ങളിൽ ഇന്നലെ രാത്രി പാതിരാ കുർബാനയും ഇന്ന് രാവിലെ പ്രത്യേക പ്രാർത്ഥനകളും നടന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെട

N

News Desk

Published on: 25 Dec 2025, 10:08 am

തിരുപ്പിറവിയുടെ സ്മരണ പുതുക്കി ലോകമെങ്ങും ക്രിസ്മസ് ആഘോഷം; കേരളത്തിലെ ദേവാലയങ്ങളിൽ വൻ ഭക്തജനത്തിരക്ക്

 സ്നേഹത്തിന്റെയും ഒരുമയുടെയും ത്യാഗത്തിന്റെയും സന്ദേശം വിളിച്ചോതി ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുന്നു. ഉണ്ണിയേശുവിന്റെ തിരുപ്പിറവി സ്മരണ പുതുക്കി കേരളത്തിലെ ദേവാലയങ്ങളിൽ ഇന്നലെ രാത്രി പാതിരാ കുർബാനയും ഇന്ന് രാവിലെ പ്രത്യേക പ്രാർത്ഥനകളും നടന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുക്കാൻ പള്ളികളിലേക്ക് ഒഴുകിയെത്തിയത്

തിരുവനന്തപുരം പാളയം സെന്റ് ജോസഫ് മെട്രോപോളിറ്റൻ കത്തീഡ്രലിൽ ബിഷപ്പ് തോമസ് ജെ. നെറ്റോയുടെ നേതൃത്വത്തിൽ ദിവ്യബലി നടന്നു. സ്നേഹത്തിന്റെ അടയാളമായി യേശുക്രിസ്തു ബെത്ലഹേമിലെ തൊഴുത്തിൽ ജനിച്ചതിന്റെ സ്മരണ പുതുക്കി നടന്ന പ്രാർത്ഥനകളിൽ പങ്കുചേരാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ കത്തീഡ്രലിലേക്ക് എത്തിയിരുന്നു. പ്രാർത്ഥനകൾക്ക് ശേഷം വിശ്വാസികൾ പരസ്പരം ആശംസകൾ നേർന്നും വീടുകളിൽ ഒരുക്കിയ വിരുന്നുകളിൽ പങ്കെടുത്തും ആഘോഷങ്ങൾ തുടർന്നു .

കൊച്ചിയിലെ പ്രധാന ദേവാലയമായ ഇടപ്പള്ളി ഫെറോണ പള്ളിയിലും ക്രിസ്മസ് പ്രാർത്ഥനകൾ ഭക്തിനിർഭരമായി നടന്നു. ഫാദർ ആന്റണിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന കുർബാനയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു . വൈദ്യുതാലങ്കാരങ്ങളാലും പുൽക്കൂടുകളാലും മനോഹരമായി അലങ്കരിച്ച പള്ളി പരിസരം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം ഉണ്ണിയേശുവിന്റെ തിരുരൂപത്തിൽ മുത്തം നൽകി വിശ്വാസികൾ അനുഗ്രഹം തേടി. വരാനിരിക്കുന്ന വർഷത്തെ പ്രത്യാശയോടെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികളെന്ന് ഇവിടം സന്ദർശിച്ചവർ പറഞ്ഞു .

കോഴിക്കോട് മദർ ഓഫ് ഗോഡ് കത്തീഡ്രലിലും പ്രാർത്ഥനാ ചടങ്ങുകൾ സജീവമായിരുന്നു. കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തിയ ശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ആഘോഷം എന്ന പ്രത്യേകതയും ഇത്തവണ ഉണ്ടായിരുന്നു . രാവിലെ ഇംഗ്ലീഷിലും മലയാളത്തിലുമായി നടന്ന പ്രത്യേക കുർബാനകളിൽ നിരവധി പേർ പങ്കെടുത്തു. ത്യാഗത്തിന്റെയും സന്തോഷത്തിന്റെയും സ്മരണ പുതുക്കുന്ന ഈ ദിനത്തിൽ ലോകസമാധാനത്തിനായും പ്രാർത്ഥനകൾ ഉയർന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ചെറിയ പള്ളികളിലും വലിയ കത്തീഡ്രലുകളിലും ക്രിസ്മസ് ആഘോഷങ്ങൾ ഉച്ചസ്ഥായിയിലാണ്. ദേവാലയങ്ങളിലെ പ്രാർത്ഥനകൾക്ക് ശേഷം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരലുകളും കേക്ക് മുറിച്ചുള്ള ആഘോഷങ്ങളുമായി കേരളം പൂർണ്ണമായും ക്രിസ്മസ് ലഹരിയിലാണ്.

Related Stories