Skip to content
Kerala

‘എംഎൽഎ ഹോസ്റ്റൽ സ്വന്തം മണ്ഡലത്തിലുണ്ട്, പ്രശാന്ത് എന്തിന് ശാസ്തമംഗലത്ത് ഇരിക്കുന്നു?’; വിമർശനവുമായി ശബരീനാഥൻ

തിരുവനന്തപുരം: ശാസ്തമംഗലം വാർഡിലെ നഗരസഭാ ഓഫീസിൽ വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത് ഓഫീസ് പ്രവർത്തിപ്പിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് മുൻ എം.എൽ.എയും കൗൺസിലറുമായ കെ.എസ്. ശബരീനാഥൻ. സ്വന്തം മണ്ഡലത്തിൽ എം.എൽ.എ ഹോസ്റ്റൽ ഉണ്ടായിട്ടും പ്രശാന്ത് എന്തിനാണ് നഗരസഭാ കെട്ടിടത്തിൽ ഓഫീസ് തുറന്നിരിക

N

News Desk

Published on: 29 Dec 2025, 12:06 pm

‘എംഎൽഎ ഹോസ്റ്റൽ സ്വന്തം മണ്ഡലത്തിലുണ്ട്, പ്രശാന്ത് എന്തിന് ശാസ്തമംഗലത്ത് ഇരിക്കുന്നു?’; വിമർശനവുമായി ശബരീനാഥൻ

തിരുവനന്തപുരം: ശാസ്തമംഗലം വാർഡിലെ നഗരസഭാ ഓഫീസിൽ വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത് ഓഫീസ് പ്രവർത്തിപ്പിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് മുൻ എം.എൽ.എയും കൗൺസിലറുമായ കെ.എസ്. ശബരീനാഥൻ. സ്വന്തം മണ്ഡലത്തിൽ എം.എൽ.എ ഹോസ്റ്റൽ ഉണ്ടായിട്ടും പ്രശാന്ത് എന്തിനാണ് നഗരസഭാ കെട്ടിടത്തിൽ ഓഫീസ് തുറന്നിരിക്കുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

ശാസ്തമംഗലം വാർഡിലെ ബി.ജെ.പി കൗൺസിലർ ആർ. ശ്രീലേഖയും വി.കെ. പ്രശാന്തും തമ്മിൽ ഓഫീസ് മുറിയുടെ പേരിൽ അവകാശത്തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ശബരീനാഥന്റെ പ്രതികരണം. കേരളത്തിലെ ഭൂരിഭാഗം എം.എൽ.എമാരും സ്വന്തം മണ്ഡലത്തിൽ വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിപ്പിക്കുന്നതെന്ന് ശബരീനാഥൻ ചൂണ്ടിക്കാട്ടി.

സൗകര്യങ്ങൾ ഉപേക്ഷിക്കുന്നത് എന്തിന്?

വി.കെ. പ്രശാന്തിന് ഒരു പ്രത്യേക ഭാഗ്യമുണ്ടെന്ന് ശബരീനാഥൻ പരിഹസിച്ചു. അദ്ദേഹം പ്രതിനിധീകരിക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് നിയമസഭയുടെ എം.എൽ.എ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടർ സജ്ജീകരണങ്ങളും പാർക്കിങ് സൗകര്യവുമുള്ള മികച്ച മുറികൾ അവിടെയുണ്ട്. ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 നമ്പറുകളിൽ രണ്ട് ഓഫീസ് മുറികൾ പ്രശാന്തിന്റെ പേരിൽ അനുവദിച്ചിട്ടുണ്ടെന്നും ശബരീനാഥൻ വെളിപ്പെടുത്തി.

“ഇത്രയും സൗകര്യങ്ങളുള്ള ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ അത് ഉപേക്ഷിച്ച് എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നത്? എം.എൽ.എ ഹോസ്റ്റലിലേക്ക് മാറുന്നതാണ് ഉചിതം,” ശബരീനാഥൻ പറഞ്ഞു. എം.എൽ.എയ്ക്കും നഗരസഭയ്ക്കും ഇടയിലുള്ള വാടകക്കരാർ നഗരസഭ പരിശോധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതോടൊപ്പം, എല്ലാ കൗൺസിലർമാർക്കും മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നഗരസഭ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥലപരിമിതിയുള്ളതിനാൽ ഓഫീസ് മുറി ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ട് ആർ. ശ്രീലേഖ എം.എൽ.എയെ ഫോണിൽ വിളിച്ചതും തുടർന്നുണ്ടായ തർക്കങ്ങളും തലസ്ഥാന നഗരത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Related Stories