Skip to content
Kerala

വിദ്വേഷ പ്രസംഗം, സിപിഎമ്മിന് പിന്നാലെ വെള്ളാപ്പള്ളിയെ പിന്തുണച്ച് ഹിന്ദു ഐക്യവേദിയും

കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍, അദ്ദേഹത്തിന് പിന്തുണയുമായി ഹിന്ദു ഐക്യവേദിയും രംഗത്ത്. കേരളത്തില്‍ ജനാധിപത്യത്തിന് മേല്‍ മതാധിപത്യമാണ് നിലനില്‍ക്കുന്നതെന്ന വെള്ളാപ്പള്ളിയുടെ പ്രസ്ത

N

News Desk

Published on: 20 Jul 2025, 12:26 pm

വിദ്വേഷ പ്രസംഗം, സിപിഎമ്മിന് പിന്നാലെ വെള്ളാപ്പള്ളിയെ പിന്തുണച്ച് ഹിന്ദു ഐക്യവേദിയും

കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍, അദ്ദേഹത്തിന് പിന്തുണയുമായി ഹിന്ദു ഐക്യവേദിയും രംഗത്ത്. കേരളത്തില്‍ ജനാധിപത്യത്തിന് മേല്‍ മതാധിപത്യമാണ് നിലനില്‍ക്കുന്നതെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന വര്‍ത്തമാനകാല യാഥാര്‍ഥ്യമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു പറഞ്ഞു.

സംഘടിത മതശക്തിക്ക് മുന്നില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ മുട്ടുമടക്കുകയാണെന്ന വെള്ളാപ്പള്ളിയുടെ വിമര്‍ശനം ശരിവെച്ച ആര്‍.വി. ബാബു, കേരളത്തിലെ ജനസംഖ്യാ അസന്തുലിതാവസ്ഥ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ‘2040-ഓടെ കേരളം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാകുമെന്നത് ഗൗരവമായി കാണേണ്ട വസ്തുതയാണ്. 30% വരുന്ന സംഘടിത മതശക്തി ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ്,’ അദ്ദേഹം പ്രസ്താവിച്ചു.

ഇതോടെ, വെള്ളാപ്പള്ളിയുടെ നിലപാടുകള്‍ക്ക് ഒരേസമയം സിപിഎം-ഹിന്ദു ഐക്യവേദി പിന്തുണ ലഭിക്കുന്നത് കേരള രാഷ്ട്രീയത്തില്‍ കൗതുകകരമായ കാഴ്ചയാവുകയാണ്. കോട്ടയത്ത് വിദ്വേഷ പ്രസംഗം നടത്തി മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കും കൊച്ചിയില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍, മുതിര്‍ന്ന സിപിഎം നേതാവും മന്ത്രിയുമായ വി.എന്‍. വാസവന്‍ വെള്ളാപ്പള്ളിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. ‘വിശ്രമ ജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്ന, ഭാവനാസമ്പന്നനായ നേതാവാണ്’ വെള്ളാപ്പള്ളിയെന്നും, ‘കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ്.എന്‍.ഡി.പി യോഗത്തെ കുത്തിക്കെട്ടി നല്ല പുസ്തകമാക്കി’ എന്നും വാസവന്‍ പുകഴ്ത്തിയിരുന്നു.

വെള്ളാപ്പള്ളി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് ഒരു പ്രമുഖ മന്ത്രിയില്‍ നിന്ന് പ്രശംസയും, ഇപ്പോള്‍ ഹിന്ദുത്വ സംഘടനയില്‍ നിന്ന് പ്രത്യക്ഷ പിന്തുണയും ലഭിക്കുന്നത്. ഇത് സാമുദായിക നേതൃത്വങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷിക്കുന്ന സങ്കീര്‍ണ്ണമായ ബന്ധങ്ങളെയും പുതിയ രാഷ്ട്രീയ സമവാക്യങ്ങളെയും ഒരിക്കല്‍ കൂടി അടിവരയിടുന്നു.

കോട്ടയത്ത് നടന്ന എസ്എന്‍ഡിപി നേതൃസംഗമം പരിപാടിയിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗം. മുസ്ലീം ജനസംഖ്യ കേരളത്തില്‍ വര്‍ധിക്കുകയാണെന്നും ഈഴവ സമുദായത്തിന് പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരമാര്‍ശം. കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാല്‍ മതിയെന്ന സ്ഥിതിയാണ് കേരള സര്‍ക്കാരിനെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേരളം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്ന് വി.എസ്. അച്യുതാനന്ദന്‍ മുന്‍പ് പറഞ്ഞത് ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്കെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ഒരു രാഷ്ട്രീയ ശക്തിയായി മാറണമെന്നും, സമുദായാംഗങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ അധികാരത്തിലെത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Related Stories