Skip to content
Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിൽ കോടികൾ വിലമതിക്കുന്ന അമൂല്യവസ്തുക്കൾ കാണാതായി; നഷ്ടപ്പെട്ടതിൽ 78 ഗ്രാം സ്വർണ്ണവും വജ്രാഭരണവും ഉൾപ്പെടുന്നു

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന അമൂല്യവസ്തുക്കൾ കാണാതായതായി റിപ്പോർട്ട്. ഭക്തർ കാണിക്കയായി സമർപ്പിച്ച ഏകദേശം 78 ഗ്രാം സ്വർണ്ണക്കട്ടികളും നാണയങ്ങളുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതിനുപുറമെ ക്ഷേത്ര ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്നതും അതീവ അമൂല്യവുമായ ‘വൈര നമ’ എന്ന വജ്രാഭരണവ

N

News Desk

Published on: 27 May 2026, 10:30 am

പത്മനാഭസ്വാമി ക്ഷേത്രത്തിൽ കോടികൾ വിലമതിക്കുന്ന അമൂല്യവസ്തുക്കൾ കാണാതായി; നഷ്ടപ്പെട്ടതിൽ 78 ഗ്രാം സ്വർണ്ണവും വജ്രാഭരണവും ഉൾപ്പെടുന്നു

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന അമൂല്യവസ്തുക്കൾ കാണാതായതായി റിപ്പോർട്ട്. ഭക്തർ കാണിക്കയായി സമർപ്പിച്ച ഏകദേശം 78 ഗ്രാം സ്വർണ്ണക്കട്ടികളും നാണയങ്ങളുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതിനുപുറമെ ക്ഷേത്ര ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്നതും അതീവ അമൂല്യവുമായ ‘വൈര നമ’ എന്ന വജ്രാഭരണവും കഴിഞ്ഞ ആറുമാസമായി കാണാനില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി (DGP) അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. ക്ഷേത്രത്തിൽ അതീവ ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും കത്തിലുണ്ട്.

ക്ഷേത്രത്തിലെ സ്വർണ്ണവിളക്ക് അറ്റകുറ്റപ്പണികൾക്കായി മാറ്റിയതാണെന്നാണ് രേഖകളിൽ ഉള്ളതെങ്കിലും അത് പിന്നീട് കാണാതാവുകയായിരുന്നു. ഈ സ്വർണ്ണവിളക്കിന് പകരം നിലവിൽ വെള്ളി വിളക്കാണ് ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്നത്. കാണാതായ വജ്രാഭരണവും ആറുമാസം മുമ്പ് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിൽ വലിയ രീതിയിലുള്ള സ്വർണ്ണക്കുറവ് കണ്ടെത്തിയ പശ്ചാത്തലത്തിൽ, നിലവറയ്ക്ക് പുറത്തുള്ള മുഴുവൻ സ്വർണ്ണവും വെള്ളിയും എത്രയും വേഗം അതീവ സുരക്ഷിതമായ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റാൻ ഡിജിപി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപി സർക്കാരിന് ഈ സുരക്ഷാ റിപ്പോർട്ട് സമർപ്പിച്ചത്. ക്ഷേത്രത്തിലെ ചില ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ചിലരും പ്രധാന കവാടം ഒഴിവാക്കി മറ്റൊരു പ്രവേശന കവാടത്തിലൂടെ യാതൊരുവിധ സുരക്ഷാ പരിശോധനകളും കൂടാതെ ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. രാജകുടുംബാംഗമായ ആദിത്യവർമ്മയുമായി ബന്ധമുള്ള ചില വ്യക്തികൾ ഇത്തരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ അപ്പാടെ മറികടന്ന് ക്ഷേത്രത്തിൽ പ്രവേശിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

നിലവിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് ക്ഷേത്ര സുരക്ഷ ശക്തമാക്കാൻ പൊലീസ് വകുപ്പ് പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു. ഭക്തർ സംഭാവനയായി നൽകുന്ന മുഴുവൻ വസ്തുക്കളും ഉടൻ തന്നെ ലോക്കറുകളിലേക്ക് മാറ്റി അതിന് പ്രത്യേക പൊലീസ് കാവൽ ഏർപ്പെടുത്തണം. ഇനി മുതൽ സുരക്ഷാ ഉദ്യോഗസ്ഥരോ രാജകുടുംബവുമായി ബന്ധപ്പെട്ടവരോ ഉൾപ്പെടെ ഒരാളെപ്പോലും കൃത്യമായ സൂക്ഷ്മ പരിശോധനകൾ കൂടാതെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കരുതെന്നും ഡിജിപിയുടെ കത്തിൽ കർശനമായി ആവശ്യപ്പെടുന്നു. കാണാതായ അമൂല്യവസ്തുക്കളെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories