Skip to content
Kerala

വാടാനപ്പള്ളി കിറ്റ് വിവാദം: ടി.എൻ പ്രതാപനെ അറസ്റ്റ് ചെയ്ത് നീക്കി; രാഷ്ട്രീയ സംഘർഷം കനക്കുന്നു

വാടാനപ്പള്ളിയിൽ ബിജെപി വിതരണത്തിനായി തയ്യാറാക്കിയ നാലായിരത്തോളം കിറ്റുകൾ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതിനെത്തുടർന്ന് വൻ സംഘർഷം. യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകരാണ് കിറ്റുകൾ കൊണ്ടുപോകുന്നത് ആദ്യം തടഞ്ഞത്. പിന്നാലെ എൽഡിഎഫ് പ്രവർത്തകരും പ്രതിഷേധവുമായി എത്തിയത

N

News Desk

Published on: 5 Apr 2026, 5:19 pm

വാടാനപ്പള്ളി കിറ്റ് വിവാദം: ടി.എൻ പ്രതാപനെ അറസ്റ്റ് ചെയ്ത് നീക്കി; രാഷ്ട്രീയ സംഘർഷം കനക്കുന്നു

വാടാനപ്പള്ളിയിൽ ബിജെപി വിതരണത്തിനായി തയ്യാറാക്കിയ നാലായിരത്തോളം കിറ്റുകൾ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതിനെത്തുടർന്ന് വൻ സംഘർഷം. യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകരാണ് കിറ്റുകൾ കൊണ്ടുപോകുന്നത് ആദ്യം തടഞ്ഞത്. പിന്നാലെ എൽഡിഎഫ് പ്രവർത്തകരും പ്രതിഷേധവുമായി എത്തിയതോടെ ബിജെപി പ്രവർത്തകരുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. സംഘർഷാവസ്ഥ കണക്കിലെടുത്ത് ടി.എൻ പ്രതാപൻ അടക്കമുള്ള യുഡിഎഫ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ബിജെപി പ്രവർത്തകർ തന്നെ കയ്യേറ്റം ചെയ്തതായി ടി.എൻ പ്രതാപൻ ആരോപിച്ചു. സംഭവസമയത്ത് ബിജെപി പ്രചാരണത്തിനായി നടൻ ദേവൻ സ്ഥലത്തെത്തിയിരുന്നു. എന്നാൽ, കിറ്റുകൾ തയ്യാറാക്കിയ സൂപ്പർ മാർക്കറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് ദേവനോ മറ്റ് പ്രമുഖ നേതാക്കളോ കടയ്ക്കുള്ളിൽ കയറിയതായി കണ്ടെത്താനായിട്ടില്ല. നിലവിൽ പ്രതിഷേധത്തിനിടയാക്കിയ കിറ്റുകളും അവയ്ക്ക് ഓർഡർ നൽകിയ വാടാനപ്പള്ളി സ്വദേശിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും വോട്ടർമാരെ സ്വാധീനിക്കാനുമായി ബിജെപി കിറ്റ് വിതരണം നടത്തിയെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെയും (BNS) ജനപ്രാതിനിധ്യ നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തി തൃശൂർ വെസ്റ്റ് പോലീസാണ് നടപടി സ്വീകരിച്ചത്. തൃശൂർ ഒളരിയിലെ സൂപ്പർമാർക്കറ്റിൽ നിന്നും സമാനമായ രീതിയിൽ കിറ്റുകൾ വിതരണം ചെയ്തതായി യുഡിഎഫും എൽഡിഎഫും നേരത്തെ പരാതിപ്പെട്ടിരുന്നു.

പ്രദേശവാസിയായ രാധാകൃഷ്ണൻ എന്ന ബിജെപി പ്രവർത്തകന്റെ നിർദ്ദേശപ്രകാരമാണ് കിറ്റുകൾ തയ്യാറാക്കിയതെന്ന് കടയുടമ പോലീസിന് മൊഴി നൽകി. എന്നാൽ ഈ ആരോപണങ്ങൾ ബിജെപി നേതൃത്വം പൂർണ്ണമായും തള്ളി. രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ആരോപിച്ച ബിജെപി പ്രവർത്തകർ, എൽഡിഎഫ്-യുഡിഎഫ് പ്രതിഷേധത്തിനെതിരെ ഒഴിഞ്ഞ കിറ്റ് കവറുകളുമായി പ്രകടനം നടത്തി. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കിറ്റ് വിവാദം തൃശൂരിലെ തിരഞ്ഞെടുപ്പ് ഗോദയെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്.

Related Stories