Skip to content
Kerala

ഭരണകൂടങ്ങൾ മാറിയാലും നീതിയുടെ വഴി അത്രയെളുപ്പം അടഞ്ഞുപോകില്ല, വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രം അച്ഛൻ തുടങ്ങിയ പോരാട്ടത്തിന്റെ വിജയമെന്ന് വി.എസിന്‍റെ മകന്‍ 

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഒടുവിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട വാർത്തയോട് പ്രതികരിച്ച് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ രംഗത്ത്. ഭരണകൂടങ്ങൾ മാറിയാലും നീതിയുടെ വഴി അത്രയെളുപ്പം അടഞ്ഞുപോകില്ലെന്ന് അടിവരയിടുന്നതാ

N

News Desk

Published on: 29 Jun 2026, 9:29 am

ഭരണകൂടങ്ങൾ മാറിയാലും നീതിയുടെ വഴി അത്രയെളുപ്പം അടഞ്ഞുപോകില്ല, വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രം അച്ഛൻ തുടങ്ങിയ പോരാട്ടത്തിന്റെ വിജയമെന്ന് വി.എസിന്‍റെ മകന്‍ 

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഒടുവിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട വാർത്തയോട് പ്രതികരിച്ച് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ രംഗത്ത്. ഭരണകൂടങ്ങൾ മാറിയാലും നീതിയുടെ വഴി അത്രയെളുപ്പം അടഞ്ഞുപോകില്ലെന്ന് അടിവരയിടുന്നതാണ് ഈ കുറ്റപത്രമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സാധാരണക്കാരായ പിന്നാക്ക വിഭാഗം സ്ത്രീകളുടെ കണ്ണീരൊപ്പാൻ വേണ്ടി വി.എസ് ആരംഭിച്ച വിട്ടുവീഴ്ചയില്ലാത്ത നിയമപോരാട്ടത്തിന്റെ വലിയൊരു വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കേസുമായി ബന്ധപ്പെട്ട് കടന്നുപോയ വഴികൾ അത്ര ലളിതമായിരുന്നില്ലെന്ന് അരുൺകുമാർ ഓർമ്മിപ്പിച്ചു. ഒരുകാലത്ത് ‘തുടർനടപടികൾ അവസാനിപ്പിച്ചു’ എന്ന് കാണിച്ച് പോലീസ് തന്നെ ഈ കേസ് റഫർ ചെയ്യാനും അട്ടിമറിക്കാനും നോക്കിയതാണ്. വി.എസിന്റെ പ്രായധിക്യവും ശാരീരിക അസ്വാസ്ഥ്യങ്ങളും മുതലെടുത്ത് നിയമപോരാട്ടത്തെ തളർത്താൻ നോക്കിയപ്പോൾ, അച്ഛന്റെ നിർദ്ദേശപ്രകാരവും അദ്ദേഹത്തിന്റെ പ്രതിനിധിയായും കോടതികളിൽ നേരിട്ട് ഹാജരാകേണ്ടി വന്ന നാളുകൾ തനിക്ക് നന്നായി ഓർമ്മയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷക്കണക്കിന് വരുന്ന പാവപ്പെട്ട സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള അച്ഛന്റെ പോരാട്ടമാണിതെന്നും അതിനൊപ്പമാണ് താൻ നിൽക്കുന്നതെന്നും കോടതികളിൽ സ്വീകരിച്ച അതേ നിലപാടിൽ തന്നെയാണ് ഇന്നും ഉറച്ചുനിൽക്കുന്നതെന്നും അരുൺകുമാർ വ്യക്തമാക്കി. ഇത് വ്യക്തികൾ തമ്മിലുള്ള തർക്കമല്ല, മറിച്ച് ചൂഷണങ്ങൾക്കെതിരെയുള്ള ആദർശത്തിന്റെ പോരാട്ടമാണ്. കള്ളങ്ങൾ എത്ര തന്നെ മൂടിവെച്ചാലും, അധികാരത്തിന്റെ ഏത് തണലുണ്ടായാലും നിയമത്തിന്റെ വഴിയിൽ സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് നിലപാടുകൾ മാറ്റുന്നതും, അധികാര ഇടനാഴികളിൽ സ്വാധീനമുറപ്പിച്ച് കേസുകൾ അട്ടിമറിക്കാൻ നോക്കുന്നതുമൊക്കെ നാം കുറച്ചുകാലമായി കണ്ടുകൊണ്ടിരിക്കുന്നതാണെന്ന് അരുൺകുമാർ വിമർശിച്ചു. ഒരുകാലത്ത് ഭരണകൂടങ്ങൾ തന്നെ ഇത്തരം അഴിമതികൾക്ക് പരോക്ഷമായി കുടപിടിച്ചപ്പോൾ, അതിനെതിരെ ഒറ്റയാൾ പോരാട്ടം നയിക്കാൻ വി.എസ് എന്ന വിപ്ലവകാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുൻപ് തന്നെ ഈ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ഉയർത്തിയ വി.എം. സുധീരനെപ്പോലെയുള്ള മുതിർന്ന നേതാക്കളുടെ വാക്കുകൾ ഇന്ന് നമുക്ക് മുന്നിലുണ്ടെന്നും, അച്ഛൻ ബാക്കിവെച്ച ഈ നീതിപോരാട്ടങ്ങൾ അവസാന വിജയം കാണുന്നത് വരെ ഒരു മകൻ എന്ന നിലയിൽ താൻ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories