Skip to content
Kerala

കേരളത്തിൽ യുഡിഎഫ് തരംഗം; എല്‍ഡിഎഫ് തകർന്നടിഞ്ഞു, ചരിത്രം തിരുത്തി തിരുവനന്തപുരം പിടിച്ചെടുത്ത് ബിജെപി

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിലെല്ലാം യുഡിഎഫ് വ്യക്തമായ ആധിപത്യം ഉറപ്പിച്ചു. സംസ്ഥാനത്തെ ആറു കോർപ്പറേഷനുകളിൽ നാലിടത്തും യുഡിഎഫ് അധികാരം ഉറപ്പിച്ചപ്പോൾ, തലസ്ഥാന നഗരിയിൽ ചരിത്ര

N

News Desk

Published on: 13 Dec 2025, 4:19 pm

കേരളത്തിൽ യുഡിഎഫ് തരംഗം; എല്‍ഡിഎഫ് തകർന്നടിഞ്ഞു, ചരിത്രം തിരുത്തി തിരുവനന്തപുരം പിടിച്ചെടുത്ത് ബിജെപി

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിലെല്ലാം യുഡിഎഫ് വ്യക്തമായ ആധിപത്യം ഉറപ്പിച്ചു. സംസ്ഥാനത്തെ ആറു കോർപ്പറേഷനുകളിൽ നാലിടത്തും യുഡിഎഫ് അധികാരം ഉറപ്പിച്ചപ്പോൾ, തലസ്ഥാന നഗരിയിൽ ചരിത്ര വിജയം നേടി ബിജെപി ഭരണം പിടിച്ചെടുത്തു. ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫും യുഡിഎഫും ഏഴെണ്ണം വീതം നേടി ഒപ്പത്തിനൊപ്പമാണ്.

തിരുവനന്തപുരത്ത് താമരവിരിഞ്ഞു തിരുവനന്തപുരം കോർപ്പറേഷനിൽ തകർപ്പൻ പ്രകടനമാണ് ബിജെപി കാഴ്ചവെച്ചത്. 50 സീറ്റുകൾ നേടി എൻഡിഎ കേവല ഭൂരിപക്ഷം ഉറപ്പാക്കി. ഇതോടെ ഭരണത്തിന് ഒരാളുടെ കൂടി പിന്തുണ മതിയാകും. എൽഡിഎഫ് 29 ഡിവിഷനുകളിലേക്ക് ചുരുങ്ങിയപ്പോൾ, 19 ഇടത്താണ് യുഡിഎഫിന് ജയിക്കാനായത്. ബിജെപി മുൻ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, മുൻ ഡിജിപി ആർ. ശ്രീലേഖ (എൻഡിഎ), കെ.എസ്. ശബരിനാഥൻ (കോൺഗ്രസ്), എസ്.പി. ദീപക്, വഞ്ചിയൂർ ബാബു, കെ. ശ്രീകുമാർ (സിപിഎം) തുടങ്ങിയ പ്രമുഖർ വിജയിച്ചു.

കോർപ്പറേഷനുകളിൽ യുഡിഎഫ് ആധിപത്യം

  • കൊച്ചി & തൃശൂർ: ഇടതുകോട്ടകളായിരുന്ന കൊച്ചി, തൃശൂർ കോർപ്പറേഷനുകളിൽ യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചു. കൊച്ചിയിൽ യുഡിഎഫ് 47 സീറ്റുകൾ നേടിയപ്പോൾ എൽഡിഎഫ് 22-ൽ ഒതുങ്ങി. എൻഡിഎയ്ക്ക് 6 സീറ്റുകൾ ലഭിച്ചു. തൃശൂരിൽ 33 സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചത്.

  • കൊല്ലം: എൽഡിഎഫിന്റെ ഉരുക്കുകോട്ടയായിരുന്ന കൊല്ലം കോർപ്പറേഷനിൽ ചരിത്രത്തിലാദ്യമായി യുഡിഎഫ് അധികാരത്തിലെത്തി. 25 സീറ്റുകൾ യുഡിഎഫ് നേടിയപ്പോൾ എൽഡിഎഫ് 15-ലേക്ക് ചുരുങ്ങി. മേയർ ഹണി ബെഞ്ചമിനും മുൻ മേയർ രാജേന്ദ്രബാബുവും പരാജയപ്പെട്ടത് എൽഡിഎഫിന് കനത്ത തിരിച്ചടിയായി.

  • കണ്ണൂർ: കോർപ്പറേഷൻ ഭരണം യുഡിഎഫ് നിലനിർത്തി (യുഡിഎഫ്-36, എൽഡിഎഫ്-15, എൻഡിഎ- 4).

  • കോഴിക്കോട്: ഇവിടെ എൽഡിഎഫിന് നേരിയ മുൻതൂക്കമുണ്ട്. എൽഡിഎഫ് 35 ഡിവിഷനുകളും യുഡിഎഫ് 28 ഡിവിഷനുകളും നേടി. എൻഡിഎ 13 സീറ്റുകളിൽ വിജയിച്ചു.

പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മുന്നേറ്റം സംസ്ഥാനത്തെ 495 ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് വിജയിച്ചപ്പോൾ, എൽഡിഎഫിന് 343 ഇടത്ത് മാത്രമാണ് ജയിക്കാനായത്. എൻഡിഎ 25 പഞ്ചായത്തുകളിൽ ഭരണം പിടിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിൽ 78 എണ്ണം യുഡിഎഫും 64 എണ്ണം എൽഡിഎഫും നേടി.

മുനിസിപ്പാലിറ്റികളിൽ 54 എണ്ണം യുഡിഎഫിനൊപ്പം നിന്നപ്പോൾ 28 ഇടത്ത് എൽഡിഎഫ് വിജയിച്ചു. പാലക്കാട് നഗരസഭയിൽ ബിജെപി ഭരണം നിലനിർത്തുകയും തൃപ്പൂണിത്തുറ നഗരസഭ പിടിച്ചെടുക്കുകയും ചെയ്തു.

സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് ഈ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു.

Related Stories