Skip to content
Kerala

പൊലീസുകാരന്‍റെ ബൈക്ക് കത്തിച്ച സംഭവം: 2 യുവതികൾ അറസ്റ്റിൽ, പ്രതികളിലൊരാൾ വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശുപത്രിയിൽ

കൊല്ലം അഞ്ചലിൽ സിവിൽ പൊലീസ് ഓഫിസറുടെ ബൈക്ക് കാർ പോർച്ചിലിട്ട് കത്തിച്ച സംഭവത്തിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരാണ് പിടിയിലായത്. പ്രതികളിൽ ഒരാളായ ആരതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനിടയിൽ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന

N

News Desk

Published on: 26 May 2026, 10:13 am

പൊലീസുകാരന്‍റെ ബൈക്ക് കത്തിച്ച സംഭവം: 2 യുവതികൾ അറസ്റ്റിൽ, പ്രതികളിലൊരാൾ വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശുപത്രിയിൽ

കൊല്ലം അഞ്ചലിൽ സിവിൽ പൊലീസ് ഓഫിസറുടെ ബൈക്ക് കാർ പോർച്ചിലിട്ട് കത്തിച്ച സംഭവത്തിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരാണ് പിടിയിലായത്. പ്രതികളിൽ ഒരാളായ ആരതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനിടയിൽ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആറന്മുള പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ ആർച്ചൽ പാലവിള വീട്ടിൽ വി.എസ്. വിവേകിന്റെ ബൈക്കാണ് ശനിയാഴ്ച അർധരാത്രിയോടെ കാർ പോർച്ചിൽ വച്ച് കത്തിനശിച്ചത്. തീയും പുകയും ഉയർന്നതിനെ തുടർന്ന് വിവേകും മാതാപിതാക്കളും പുറത്തിറങ്ങി നോക്കിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ യുവതികളെ പൊലീസ് വലയിലാക്കിയത്.

യുവതിയായ ആരതിയും പൊലീസുകാരനായ വിവേകും തമ്മിലുണ്ടായിരുന്ന വ്യക്തിപരമായ പ്രശ്നങ്ങളാണ് പ്രതികാരമായി ബൈക്ക് കത്തിക്കുന്നതിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണം വഴിതെറ്റിക്കാനായി സംഭവസ്ഥലത്ത് ഒരു ഭീഷണിക്കത്തും പ്രതികൾ ഉപേക്ഷിച്ചിരുന്നു. മൂന്ന് വർഷം മുൻപ് പുനലൂർ കോളജിൽ വച്ച് ഒരു വിദ്യാർഥി സംഘടനയുടെ പ്രവർത്തകരെ വിവേക് ഉൾപ്പെടുന്ന പൊലീസ് സംഘം മർദിച്ചതിനോടുള്ള പ്രതികാരമായാണ് ബൈക്ക് കത്തിച്ചതെന്നാണ് കത്തിലുണ്ടായിരുന്നത്.

എന്നാൽ ഈ കത്ത് മനഃപൂർവം അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി തയാറാക്കിയതാണെന്ന് പൊലീസിന് തുടക്കത്തിൽ തന്നെ ബോധ്യപ്പെട്ടിരുന്നു. ഈ ബൈക്ക് കത്തിക്കൽ സംഭവത്തിൽ യുവതികളെ സഹായിക്കാൻ മറ്റ് ആരെങ്കിലും പങ്കാളികളായിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസ് നിലവിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. ഒപ്പം വിവേകിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

Related Stories